ADVERTISEMENT

ഫുജൈറ∙ നൂറു കണക്കിന് മലയാളികളുടെ പാഴ്സലുകൾ വഴിയാധാരമാക്കി കാർഗോ കമ്പനി ഉടമകൾ മുങ്ങി. അയച്ച പാഴ്സലുകളിൽ പലതും ഫുജൈറയിലെ ആളൊഴിഞ്ഞ സ്ഥലത്തെ ഒരു കെട്ടിടത്തിന്റെ പരിസരങ്ങളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആറു മാസം മുതൽ ഒരു വർഷം വരെ കഴിഞ്ഞിട്ടും കാർഗോ കിട്ടാതെ വന്നതോടെയാണ് കമ്പനിയുടെ പ്രവർത്തനത്തിൽ ജനങ്ങൾക്കു സംശയം തോന്നിയത്. 

കസ്റ്റംസ് ക്ലിയറൻസിന്റെ പേരിൽ ആദ്യം കമ്പനി ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട്, കമ്പനി ഉടമകൾ മുങ്ങി. അതിനകം പാഴ്സൽ ചാർജ് ഇനത്തിൽ കോടികൾ കൈപ്പറ്റുകയും പാഴ്സലിലെ വിലപിടിപ്പുള്ള സാധനങ്ങൾ അപഹരിക്കുകയും ചെയ്തതായി പാഴ്സൽ നഷ്ടപ്പെട്ടവർ പറയുന്നു. കിലോയ്ക്ക് 7 രൂപ നിരക്കിലാണ് പാഴ്സലുകൾ വാങ്ങിയത്. 

ദിബ്ബയിലെ എഎംടി കാർഗോ ഉടമകളായ കോഴിക്കോട് പയ്യോളി സ്വദേശി ഇർഷാദ്, തൃശൂർ സ്വദേശി ബാബു എന്നിവർക്കെതിരെ പാഴ്സൽ നഷ്ടപ്പെട്ടവർ ഫുജൈറ പൊലീസിലും യുഎഇ ആഭ്യന്തര മന്ത്രാലയത്തിനും കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. കമ്പനി ഉടമകൾ മുങ്ങിയതോടെ സ്പോൺസറായ ദുബായ് സ്വദേശി പാഴ്സലുകൾ മറ്റൊരു സ്ഥലത്തേക്കു മാറ്റുകയായിരുന്നു. ബില്ലുമായി എത്തുന്നവർക്ക് ഈ സാധനങ്ങൾ തിരികെ നൽകാൻ സ്പോൺസർ ആളെ നിയോഗിച്ചിട്ടുണ്ട്. 

എന്നാൽ, പാഴ്സലിലെ വിലപ്പെട്ട വസ്തുക്കളും പാഴ്സൽ ചാർജ് ഇനത്തിൽ പതിനായിരങ്ങളും നഷ്ടപ്പെട്ടവർ ബാക്കി വന്ന പാഴ്സലുകൾ ഏറ്റുവാങ്ങാൻ പോയിട്ടില്ല. കുറഞ്ഞ വേതനത്തിനു ജോലി ചെയ്യുന്ന സാധാരണക്കാരായ മലയാളികളാണ് നാട്ടിലേക്കു സാധനങ്ങൾ അയയ്ക്കാൻ ഇവർക്കു പണം നൽകിയത്. കഷ്ടപ്പെട്ടു മിച്ചം പിടിച്ച പണത്തിൽ നിന്നാണ് കുടുംബത്തിലെ ആവശ്യങ്ങൾക്കായി സാധനങ്ങൾ അയച്ചതെന്നു ഫുജൈറയിലെ ഫാമിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന ഉമർ ഷെരീഫ് മുസ്തഫ പറഞ്ഞു.

138 കിലോ ഭാരമുള്ള ബാഗേജാണ് ഉമർ ഷെരീഫ് നാട്ടിലേക്ക് അയയ്ക്കാൻ നൽകിയത്. ഫീസ് ഇനത്തിൽ 1000 ദിർഹം (21500 രൂപ) നൽകി. കമ്പനി ഉടമകൾക്കെതിരെ മറ്റു സാമ്പത്തിക ക്രമക്കേടു പരാതികളുള്ളതായി അറിയുന്നു. മലയാളികൾക്കു പുറമെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും തട്ടിപ്പിൽ കുടുങ്ങി.

English Summary: Cargo company cheating fujairah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com