ADVERTISEMENT

ദോഹ∙ സൗദി അറേബ്യയിൽ നിവിവപ അബു സമ്ര ബോർഡർ ക്രോസിങ്ങിലൂടെ ഫിഫ ലോകകപ്പിനായി ഖത്തറിൽ എത്തുന്ന ഫുട്‌ബോൾ ആരാധകരുടെ പ്രവേശന നടപടികൾ സംബന്ധിച്ചു വിശദമായ ചർച്ച നടത്തി ഖത്തറും സൗദിയും.

ഷെറാട്ടൺ ദോഹ ഹോട്ടലിൽ 2 ദിവസം നീണ്ട ചർച്ചയിൽ ഖത്തറിന്റെ പ്രതിനിധി സംഘത്തെ നയിച്ചതു ബോർഡർ പാസ്‌പോർട്ട്സ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ നാസർ ബിൻ അബ്ദുല്ല അൽതാനിയും സൗദിയെ നയിച്ചത് സൗദി പോർട്ട് വിഭാഗം അസി.പാസ്‌പോർട്ട് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ സൗദ് ബിൻ ബന്ദാർ അൽ സൂർ ആണ്. ഇരു രാജ്യങ്ങളുടെയും സഹകരണത്തിലൂടെ ഫുട്‌ബോൾ ആരാധകർക്കു കരമാർഗമുള്ള പ്രവേശനം സുഗമമാക്കും. ലോകകപ്പിനുള്ള ഖത്തറിന്റെ തയാറെടുപ്പുകൾ, കാണികൾക്കുള്ള പ്രവേശന, എക്‌സിറ്റ് നടപടികൾ, സൗദിയുടെയും ഖത്തറിലെയും ഫാൻസ് ഗ്രൂപ്പുകൾ തമ്മിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. ഫാൻസ് ഗ്രൂപ്പുകളെ തമ്മിൽ ഏകോപിപ്പിക്കുന്നതിനായി ഖത്തർ ഫുട്‌ബോൾ അസോസിയേഷനും സൗദി ഫുട്‌ബോൾ അസോസിയേഷനും സൽവ പാസ്‌പോർട്ട് സെന്ററുകളും തമ്മിലാണു സഹകരിക്കുന്നത്.

രണ്ടാം ഘട്ട ടിക്കറ്റ് വിൽപന അവസാനിക്കാൻ 4 ദിവസം

ദോഹ∙ ഫിഫ ഖത്തർ ലോകകപ്പിന്റെ രണ്ടാം ഘട്ട ടിക്കറ്റ് വിൽപന അവസാനിക്കാൻ ഇനി 4 ദിവസം മാത്രം.ഈ മാസം 16ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്കു 12.00 നു സമയം അവസാനിക്കും. ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന രണ്ടാംഘട്ട വിൽപന രീതിക്കു ജൂലൈ 5നാണു തുടക്കമായത്. മത്സര ടിക്കറ്റ് തിരഞ്ഞെടുത്താൽ പണം അടച്ച് അപ്പോൾ തന്നെ ടിക്കറ്റ് സ്വന്തമാക്കാം. ലഭ്യത അനുസരിച്ചാണു ടിക്കറ്റ് ലഭിക്കുക. ടിക്കറ്റ് വാങ്ങാനുള്ള ലിങ്ക്: https://www.fifa.com/tickets.

ടിക്കറ്റ് ലഭിക്കുന്നവർ ഫാൻ ഐഡി അഥവാ ഹയാ കാർഡിനും അപേക്ഷിക്കണം. വിദേശീയർക്ക് രാജ്യത്തേക്കു പ്രവേശിക്കാനുള്ള വീസ കൂടിയാണ് ഹയ കാർഡ്. ഖത്തറിലുള്ളവർക്കു സ്റ്റേഡിയം പ്രവേശനത്തിനു ഹയ കാർഡ് വേണം. അപേക്ഷ നൽകി ദിവസങ്ങൾക്കുള്ളിൽ തന്നെ ഡിജിറ്റൽ കാർഡും ലഭിക്കും.

world-cup-ticket

റീ-സെയിൽ പ്ലാറ്റ്ഫോമും 16 വരെ

ഇതിനകം മത്സര ടിക്കറ്റ് വാങ്ങിയവരിൽ ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് ടിക്കറ്റ് പുനർവിൽപന നടത്താനുള്ള ഫിഫയുടെ റീ-സെയിൽ പ്ലാറ്റ്‌ഫോമിന്റെ ആദ്യ ഘട്ട പ്രവർത്തനവും ഈ മാസം 16ന് അവസാനിക്കും. ഈ മാസം 2 മുതലാണു പുനർവിൽപനയ്ക്കു തുടക്കമായത്. ടൂർണമെന്റിനോട് അടുക്കുമ്പോഴായിരിക്കും വീണ്ടും റീ-സെയിൽ പ്ലാറ്റ്‌ഫോം തുറക്കുക. ടിക്കറ്റിന്റെ പുനർവിൽപന ഫിഫയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമിലൂടെ മാത്രമേ പാടുള്ളു. അനധികൃതമായി ടിക്കറ്റ് വിൽക്കാൻ ശ്രമിക്കുകയോ വിൽക്കുകയോ ചെയ്താൽ കർശന നിയമ നടപടികളും നേരിടേണ്ടി വരും. ഖത്തറിന്റെ നിയമ പ്രകാരം രണ്ടര ലക്ഷം റിയാൽ പിഴ നൽകേണ്ടിയും വരും. വിദേശീയർക്കു https://access.tickets.fifa.com/pkpcontroller/wp/FWC22/index_en.html?queue=06-FWC22-Resale-PROD എന്ന ലിങ്കിലൂടെയും ഖത്തറിലെ താമസക്കാർക്കു https://access.tickets.fifa.com/pkpcontroller/wp/FWC22/index_en.html?queue=06-FWC22-Resale-PROD എന്ന ലിങ്കിലൂടെയും ടിക്കറ്റ് പുനർവിൽപനയ്ക്ക് സമർപ്പിക്കാം. വിൽപന വിജയകരമായാൽ റീ-സെയിൽ ഫീസ് കഴിഞ്ഞിട്ടുള്ള തുക റീഫണ്ടായും ലഭിക്കും.

ആരോഗ്യസുരക്ഷ അതിപ്രധാനം..

ദോഹ∙ ഫിഫ ലോകകപ്പിനെത്തുന്ന കളിക്കാരുടെയും കാണികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കും.സമഗ്രവും വൈവിധ്യവുമായ ആരോഗ്യപരിചരണ സേവനങ്ങൾ നൽകാൻ സുസജ്ജമാണെന്നു ഫിഫ ലോകകപ്പ് ഖത്തർ 2022 ഹെൽത്ത് സ്ട്രാറ്റജിക് കമാൻഡ് ഗ്രൂപ്പ് അധ്യക്ഷൻ ഡോ.അഹമ്മദ് അൽ മുഹമ്മദ് വ്യക്തമാക്കി.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യപരിചരണ സംഘം, ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, ആസ്പതാർ, സിദ്ര മെഡിസിൻ, ഖത്തർ റെഡ് ക്രസന്റ്, ഖത്തർ ആംഡ് ഫോഴ്‌സ്, ആഭ്യന്തര മന്ത്രാലയം, ഖത്തർ എനർജി എന്നിവർ ചേർന്നാണ് സ്‌റ്റേഡിയങ്ങൾ, ഫാൻ സോണുകൾ, പരിശീലന ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ അടിയന്തര പരിചരണ സേവനങ്ങൾ ഉറപ്പാക്കുന്നത്. ഏതു അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ആംബുലൻസ് സജ്ജമാണ്. 

English Summary : Qatar and Saudi conducts detailed talk on entry and exit procedures at the Abu Samra Border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com