ADVERTISEMENT

ദോഹ∙ രാജ്യത്തുടനീളം 8 സ്‌റ്റേഡിയങ്ങൾ. കളിക്കാർക്ക് താമസത്തിനും പരിശീലനത്തിനുമായി 32 ടീം ബേസ് ക്യാംപുകൾ. കാണികൾക്ക് താമസിക്കാൻ ഫ്ലോട്ടിങ് ഹോട്ടലുകൾ മുതൽ അറേബ്യൻ കൂടാരങ്ങൾ വരെ. യാത്ര ചെയ്യാൻ ദോഹ മെട്രോ മുതൽ വാട്ടർ ടാക്‌സി വരെ. സുരക്ഷ ഒരുക്കാൻ അമേരിക്ക ഉൾപ്പെടെയുള്ള വൻകിട രാജ്യങ്ങൾ. വൊളന്റിയർ സേവനം നൽകാൻ 20,000 പേർ. ആരാധകരെ സ്വാഗതം ചെയ്യാൻ ഖത്തർ തയാർ.   

ഫിഫയുടെ ചരിത്രത്തിലെ പ്രഥമ കാർബൺ നിഷ്പക്ഷ ലോകകപ്പിനാണു ഖത്തർ ആതിഥേയരാകുന്നത്. മധ്യപൂർവദേശത്തെയും അറബ് ലോകത്തെയും പ്രഥമ ഫിഫ ലോകകപ്പിന് ആതിഥേയരാകാൻ ഖത്തർ തയാറെടുപ്പ് നടത്തിയതു നീണ്ട 10 വർഷം. ഫിഫയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു രാജ്യം ലോകകപ്പിനായി ഇത്രയധികം വർഷങ്ങൾ തയാറെടുത്തത്. റോഡ് മുതൽ താമസം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ 95 ശതമാനത്തിലധികവും തയാർ. സെപ്തംബറിനു മുൻപ് രാജ്യത്തെ റോഡ് നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാകും.

ലോകകപ്പ് മാമാങ്കത്തിലേക്ക് 15 ലക്ഷത്തിലധികം വരുന്ന കാണികളെയും 32 ടീമുകളെയും ഔദ്യോഗിക പ്രതിനിധികളെയും രാജ്യത്തലവന്മാരെയും സ്വീകരിക്കാനായി ഇനി അങ്ങോട്ട് ഖത്തറിന് അണിഞ്ഞൊരുങ്ങാനുള്ള ദിനങ്ങൾ മാത്രമാണ്. എക്കാലത്തെയും അവിസ്മരണീയ ലോകകപ്പിനായി.

സ്റ്റേഡിയങ്ങൾ

അൽബെയ്ത് സ്റ്റേഡിയം (അൽഖോർ), കാണികൾ-60,000, മത്സരങ്ങൾ: ഉദ്ഘാടനം മത്സരം, ഗ്രൂപ്പ് ഘട്ടം, റൗണ്ട് 16, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ. ആകെ മത്സരങ്ങൾ-9.

ഖലീഫ രാജ്യാന്തര സ്റ്റേഡിയം (അൽ റയാൻ), കാണികൾ-40,000, മത്സരങ്ങൾ: ഗ്രൂപ്പ് ഘട്ടം, റൗണ്ട് 16, തേഡ് പ്ലേസ്, ആകെ മത്സരങ്ങൾ-8

അൽ തുമാമ സ്റ്റേഡിയം (അൽ തുമാമ), കാണികൾ-40,000, മത്സരങ്ങൾ:  ഗ്രൂപ്പ് ഘട്ടം, റൗണ്ട്-16, ക്വാർട്ടർ ഫൈനൽ, ആകെ മത്സരം-8

അഹമ്മദ് ബിൻ അലി സ്റ്റേഡിയം (അൽ റയാൻ), കാണികൾ-40,000, മത്സരങ്ങൾ: ഗ്രൂപ്പ് ഘട്ടം, റൗണ്ട് 16. ആകെ മത്സരങ്ങൾ-7.

ലുസെയ്ൽ സ്റ്റേഡിയം (ലുസെയ്ൽ സിറ്റി), കാണികൾ-80,000, മത്സരങ്ങൾ:ഗ്രൂപ്പ് ഘട്ടം, റൗണ്ട്-16, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ, ആകെ മത്സരങ്ങൾ-10

സ്റ്റേഡിയം 974 (റാസ് അബു അബൗദ്), കാണികൾ-40,000, മത്സരങ്ങൾ: ഗ്രൂപ്പ് ഘട്ടം, റൗണ്ട് -16. ആകെ മത്സരങ്ങൾ-7

എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം (അൽ റയാൻ), കാണികൾ-40,000, മത്സരങ്ങൾ: ഗ്രൂപ്പ് ഘട്ടം, റൗണ്ട് 16, ക്വാർട്ടർ ഫൈനൽ. ആകെ മത്സരങ്ങൾ-8

അൽ ജനൗബ് സ്റ്റേഡിയം (അൽ വക്ര), കാണികൾ-40,000, മത്സരങ്ങൾ: ഗ്രൂപ്പ് ഘട്ടം, റൗണ്ട്-16. ആകെ മത്സരങ്ങൾ-7

താമസവും പരിശീലനവും ഒരിടത്ത് തന്നെ

32 ടീമുകൾക്കായി 32 ടീം ബേസ് ക്യാംപുകൾ റെഡി. മത്സര ഷെഡ്യൂൾ അനുസരിച്ച് മാറി മാറി താമസിക്കേണ്ട, യാത്ര ചെയ്തു മുഷിയുകയും വേണ്ട. കളിക്കാർക്ക് ഒരിടത്ത് തന്നെ താമസവും പരിശീലനവും സാധ്യമാകും എന്നതാണു ടീം ബേസ് ക്യാപുകളുടെ-ഖത്തർ ലോകകപ്പിന്റെ പ്രധാന സവിശേഷത. വേദികളിലേക്ക് വേഗമെത്താം. മതിയായ വിശ്രമവും പരിശീലനവും ഉറപ്പാക്കാം. മികച്ച പ്രകടനം കാഴ്ചവയ്ക്കാം. കാണികളെ സംബന്ധിച്ച് ടൂർണമെന്റിലുടനീളം ഒറ്റ സ്ഥലത്ത് തന്നെ താമസിക്കാം.  

പഴുതുകളടച്ച കനത്ത സുരക്ഷ

അമേരിക്കയുടെ ഹോംലാൻഡ് സെക്യൂരിറ്റി, നാറ്റോ, ബ്രിട്ടിഷ് ആർമി ഉൾപ്പെടെ ഖത്തർ ലോകകപ്പിന് സുരക്ഷ ഒരുക്കാൻ വൻകിട രാജ്യങ്ങളുടെ പിന്തുണയും. കാണികൾക്കും കളിക്കാർക്കും രാജ്യത്തിനും ഒന്നടങ്കം സുരക്ഷ ഒരുക്കാൻ എല്ലാ രാജ്യങ്ങളും സുസജ്ജം. ലോകകപ്പിനായി സുരക്ഷാ ഉദ്യോഗസ്ഥർ വിദഗ്ധ പരീശീലനവും പൂർത്തിയാക്കി കഴിഞ്ഞു. 

laeeb-mascot-of-qwc

താമസം സ്റ്റൈൽ ആക്കാം 

ഹോട്ടലുകൾ, അപാർട്‌മെന്റുകൾ, വില്ലകൾ തുടങ്ങി സാധാരണ താമസ സൗകര്യങ്ങൾക്കു പുറമേ അവധിക്കാല വസതികൾ, ഫാൻസ് വില്ലേജുകൾ, ക്രൂസ് ഷിപ്പ് ഹോട്ടലുകൾ, മരുഭൂമിയിൽ ബിദൂയിൻ കൂടാരങ്ങൾ, കാരവൻ വില്ലേജുകൾ ഇങ്ങനെ വൈവിധ്യമാർന്ന താമസ സൗകര്യങ്ങളാണ് കാണികൾക്കായി ഒരുക്കുന്നത്. പോക്കറ്റനുസരിച്ച് താമസം ആഡംബരമാക്കാം. ഇനി ഖത്തറിലെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം താമസിക്കാനാണ് പ്ലാൻ എങ്കിൽ അതും അനുവദനീയം. ടിക്കറ്റിനൊപ്പം രാജ്യത്തേക്ക് പ്രവേശിക്കാനുള്ള ഹയാ കാർഡിനായി അപേക്ഷിക്കുമ്പോൾ ഖത്തറിലെത്തുമ്പോൾ താമസിക്കുന്ന മേൽവിലാസം നൽകണം എന്നുമാത്രം. 

വൊളന്റിയർ ആകാൻ 20,000 പേർ

രാജ്യത്തെത്തുന്ന അതിഥികൾക്ക് വിമാനത്താവളം മുതൽ ഹോട്ടലുകൾ, സ്‌റ്റേഡിയങ്ങൾ, ഫാൻ സോണുകൾ തുടങ്ങി 45 മേഖലകളിലായി സേവനം നൽകാൻ ഖത്തറിലുള്ളവർ ഉൾപ്പെടെ ആഗോള തലത്തിൽ നിന്നുള്ള 20,000 സന്നദ്ധ സേവകർ റെഡി. വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖങ്ങൾ നാളെ പൂർത്തിയാകും. ഒക്‌ടോബർ മുതൽ വൊളന്റിയർമാർ സേവനങ്ങളിൽ സജീവമാകും. 

യാത്ര ചെയ്യാം, സൗജന്യമായി

ലോകകപ്പ് കാണാൻ ഖത്തറിലെത്തുന്ന കാണികൾക്ക് ഒരുക്കുന്നത് പരിസ്ഥിതി-സൗഹൃദ യാത്രാ സൗകര്യം. യാത്ര ചെയ്യാൻ ദോഹ മെട്രോ, കർവയുടെ വൈദ്യുത ബസുകൾ, ടാക്‌സികൾ, ജല ടാക്‌സികൾ, ട്രാം എന്നിങ്ങനെ സഞ്ചരിക്കാൻ സൗകര്യങ്ങൾ ഏറെ. ഹയാ കാർഡുള്ളതിനാൽ പൊതുഗതാഗത സേവനങ്ങളിൽ മത്സര ദിവസങ്ങളിൽ യാത്ര തികച്ചും സൗജന്യം. ലോകകപ്പിന്റെ 5 സ്റ്റേഡിയങ്ങളിലേക്ക് മെട്രോയിൽ നേരിട്ടെത്താം. 

ആരോഗ്യമേഖലയും റെഡി

കാണികൾക്കും കളിക്കാർക്കും ഔദ്യോഗിക പ്രതിനിധികൾക്കുമെല്ലാം കോവിഡ് പ്രതിരോധം തീർക്കാൻ ഖത്തറിന്റെ ആരോഗ്യമേഖലയും റെഡി. കോവിഡ് പ്രതിസന്ധികളിലും ബയോ-സുരക്ഷ ബബിൾ പ്രോട്ടോക്കോൾ സംവിധാനം കർശനമായി നടപ്പാക്കി ഖത്തർ ആതിഥേയത്വം വഹിച്ച രാജ്യാന്തര ടൂർണമെന്റുകൾ നിരവധിയാണ്. 

അതുകൊണ്ടു തന്നെ കോവിഡ് സാഹചര്യത്തിൽ ഖത്തറിന്റെ ആരോഗ്യമേഖല നൽകുന്ന സുരക്ഷയുടെ കാര്യത്തിൽ ലോകരാജ്യങ്ങളും ആത്മവിശ്വാസത്തിലാണ്. 

അണിഞ്ഞൊരുങ്ങാം, ലോകകപ്പിനായി

അടുത്ത മാസം മുതൽ പൊതുമരാമത്ത് അതോറിറ്റിയുടെ നേതൃത്വത്തിൽ രാജ്യമൊട്ടാകെയുള്ള അലങ്കാരപ്പണികൾക്ക് തുടക്കമാകും. 

പൗരന്മാർക്കും പ്രവാസികൾക്കും തങ്ങളുടെ താമസ കെട്ടിടങ്ങളും സ്ഥാപനങ്ങളും അലങ്കരിക്കാം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നഗരസഭകൾക്കും പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്കുമെല്ലാം അതോറിറ്റിയുടെ സീനാ പദ്ധതിയിൽ പങ്കു ചേർന്ന് ലോകകപ്പിനായി അണിഞ്ഞൊരുങ്ങാം. സെപ്റ്റംബർ മുതൽ രാജ്യം കളർഫുൾ ആകാം. ആരാധകരുടെ ആവേശം വാനോളമെത്തും. 

കളിപ്പൂരത്തിന് സ്റ്റേഡിയങ്ങൾ റെഡി

മത്സര തീയതി : നവംബർ 20- 

ഡിസംബർ 18

ടീമുകൾ-32, മത്സരങ്ങൾ-64

ഉദ്ഘാടനം- അൽ ബെയ്ത്, അൽഖോർ

ഫൈനൽ- ലുസെയ്ൽ, ലുസെയ്ൽ സിറ്റി

ആകെ സീറ്റുകൾ: 3,80,000

English Summary : Qatar ready to welcome first ever carbon neutral FIFA World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com