ADVERTISEMENT

റുവൈസ് ∙ അബുദാബി റുവൈസ് ഏഷ്യൻ ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർഥികൾക്ക് യുഎഇയുടെ ചരിത്രം പഠിക്കാൻ പാഠപുസ്തകങ്ങളിലേക്ക് മിഴികൾ പായിക്കണമെന്നില്ല, സ്കൂളിന്റെ ചുമരിലേക്ക് ഒന്നു നോക്കിയാൽ മതി. മുത്തുവാരിയും മത്സ്യബന്ധനം നടത്തിയും കരകൗശല വസ്തുക്കളുണ്ടാക്കി വിറ്റും ആരംഭിച്ച ഉപജീവനത്തിന്റെ കാലത്ത് നിന്ന് ഇന്ന് കാണുന്ന വൻ നേട്ടങ്ങൾ സ്വന്തമാക്കി, ഒടുവിൽ ബഹിരാകാശ യാത്രയിലേയ്ക്ക് എത്തി നിൽക്കുന്ന വളർച്ച ഒരൊറ്റ ക്യാൻവാസിൽ പകർത്തിയിരിക്കുകയാണ് മലയാളി ചിത്രകലാ അധ്യാപകൻ ഷാജി ചേലാട്. വേനലവധി കഴിഞ്ഞ് തിരിച്ചുവരുന്ന ഇൗ സ്കൂളിലെ വിദ്യാർഥികളെ കാത്തിരിക്കുന്നത് വേറിട്ട അനുഭവം.

shaji1-5

 

shaji

2022 ഏപ്രിൽ ഏഴിന് യുഎഇയിലെത്തിയ എറണാകുളം കോതമംഗലം സ്വദേശിയായ ഷാജി  സ്കൂൾ അധികൃതരുടെ ആഗ്രഹമാണ് ഒരു മാസത്തിനുള്ളിൽ യാഥാർഥ്യമാക്കിയത്. 20 മീറ്റർ നീളവും 4.5 മീറ്റർ വീതിയുമുണ്ട് ചിത്രത്തിന്. വേനലവധിക്കായി സ്കൂൾ അടച്ച ശേഷം ജൂലൈ അഞ്ചിനാണ് വര ആരംഭിച്ചത്. ഇൗ മാസം 2ന് പൂർത്തീകരിക്കുകയും ചെയ്തു. യുഎഇയുടെ ചരിത്രം കുട്ടികൾക്ക് വളരയെളുപ്പത്തിൽ മനസിലാക്കിക്കൊടുക്കണം എന്ന ചിന്തയിൽ നിന്നാണ് അധികൃതർ ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. ഇതിനായി ആദ്യം ചെയ്തത് രാജ്യത്തിന്റെ ചരിത്രം പഠിക്കുകയായിരുന്നു. തുടർന്ന് വരയ്ക്കാൻ പോകുന്ന ചിത്രങ്ങളുടെ വിഡിയോ തയ്യാറാക്കി മാനേജ്മെന്റിന് മുന്നിലവതരിപ്പിച്ചു. മുന്നോട്ടുപോകാൻ അനുമതി ലഭിച്ചതോടെ പെയിന്റിങ് ആരംഭിക്കുകയായിരുന്നുവെന്ന് ഷാജി ചേലാട് മനോരമ ഒാൺലൈനോട് പറഞ്ഞു. യുഎഇയുടെ കലാ സാംസ്കാരിക സാമ്പത്തിക ശാസ്ത്ര നേട്ടങ്ങളിലൂടെ ഭീമൻ ചിത്രം കടന്നുപോകുമ്പോൾ അത് യുഎഇയിലെ വിദ്യാലയങ്ങളുടെ ചരിത്രത്തിലെ തന്നെ അപൂർവ സംഭവമായിത്തീർന്നു.

 

shaji1-1

വ്യത്യസ്ത ചിത്രങ്ങൾ, വേറിട്ട രീതി

shaji1-6

 

shaji1-4

വർണവൈവിധ്യമാണ് ഷാജിയുടെ ചിത്രങ്ങളുടെ സവിശേഷത. മരുഭൂ ജീവിതത്തിന്‍റെ ഗൃഹാതുരത്വമുണർത്തുന്ന തമ്പാണ് ആദ്യത്തെ ചിത്രം. ഇൗന്തപ്പനത്തണലിൽ ഇൗന്തപ്പനയുടെ തടികൊണ്ട് നിർമിച്ച തമ്പ് കുട്ടികളെ പോയ കാലത്തെ ഒാർമകളിലേക്ക് കൈപിടിച്ചുകൊണ്ടുപോകും. ആദ്യകാലത്തെ ഉപജീവനമാർഗമായിരുന്ന മുത്തുവാരുന്നതിന്റെയും മത്സ്യബന്ധനത്തിന്റെയും വനിതകൾ കരകൗശല വസ്തുക്കൾ നിർമിക്കുന്നതിന്റെയും ദൃശ്യങ്ങൾ, ഇന്നത്തെ രാജ്യത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന രംഗങ്ങൾ മാത്രം കാണുന്നവർക്ക് അദ്ഭുതമായേക്കും. അന്നത്തെ ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഘടകങ്ങളായ വലിയ ഭരണി, കൂജ, ഒട്ടകം തുടങ്ങിയവയും ചിത്രത്തിൽ കാണാം. ഏഴ് എമിറേറ്റുകളായി കഴിഞ്ഞിരുന്നത്  െഎക്യപ്പെട്ടതിന്റെ പ്രതീകമായി ഏഴ് എമിറേറ്റുകളുടെയും ഭരണാധികാരികളുടെ ഒറ്റച്ചിത്രം, സമാധാനത്തിന്റെ ഒലിവില, രാജ്യത്തിന്റെ വളർച്ചയ്ക്ക് ഏറ്റവും സഹായകമായ എണ്ണ കണ്ടെത്തിയത് സൂചിപ്പിക്കുന്ന ഒായിൽ പ്ലാന്റ്, മറ്റു ഫാക്ടറികൾ, ബുർജ് ഖലീഫ, ബുർജ് അൽ അറബ് അടക്കമുള്ള മുദ്രകൾ തുടങ്ങിയവയും ചിത്രത്തെ മനോഹരമാക്കുന്നു.  ശാസ്ത്രരംഗം നിർമിതബുദ്ധിയിലേക്ക് പ്രവേശിച്ചതും ബഹിരാകാശയാത്രയും കൂടിയാകുമ്പോൾ ഇൗ പെയിന്റിങ് പൂർണമാകുന്നു. കല, സംസ്കാരം, വിനോദസഞ്ചാരം, ജീവിതം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് യുഎഇയുടെ വളർച്ചയുടെ യാത്രയാണ് താൻ ഒരുക്കിയതെന്ന് ഷാജി ചേലാട് പറയുന്നു. 

shaji1-3

 

റാങ്കോടെ ചിത്രകാരൻ: ഖത്തറിൽ 10 വർഷം 

 

1996 ൽ തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിൽ നിന്നു പെയിന്റിങ്ങിൽ ഒന്നാം റാങ്കോടെ ബിരുദം നേടിയ ഷാജി  1997ൽ എംജി യൂണിവേഴ്സിറ്റിക്ക് കീഴിലെ കുമളി അമരാവതിയിലെ എംജി കോളജ് ഒാഫ് ടീച്ചേഴ്സ് എജ്യുക്കേഷനിൽ ഒരു വർഷം ജോലി ചെയ്തു. തുടർന്ന് കുമളി അണക്കരയിലെ മൗണ്ട് ഫോർട് സ്കൂളിൽ 7 വർഷം ചിത്രകലാ അധ്യാപകനായി. ഇതോടൊപ്പം 1996 മുതൽ തുടർച്ചയായി ചിത്രപ്രദർശനങ്ങൾ നടത്തി. അധ്യാപക ജോലി രാജിവച്ച് സ്വന്തമായും സുഹൃത്തുക്കളുമായി ചേർന്നും ചിത്രപ്രദർശനം നടത്തിവന്നു. 

 

2012ലാണ് ദോഹയിലെ സ്കോളർ ഇന്റർനാഷനൽ സ്കൂളിൽ ചിത്രകലാ അധ്യാപകനാകുന്നത്. 10 വർഷം അവിടെ ഇൗ വിഭാഗത്തിലെ തലവനായി സേവനമനുഷ്ഠിച്ച ശേഷം നാട്ടിലേക്ക് മടങ്ങി. തുടർന്ന് അബുദാബി റുവൈസിലെ ഏഷ്യ ഇന്റൻനാഷനൽ സ്കൂളിൽ ജോലി ലഭിച്ചപ്പോൾ ഇങ്ങോട്ടുവരികയായിരുന്നു.

 

മനുഷ്യമനസിലൂടെ സഞ്ചരിച്ചു; അംഗീകാരങ്ങൾ ഒട്ടേറെ

 

ഇന്ത്യക്ക് അകത്തും പുറത്തുമുള്ള സ്വകാര്യ/സർക്കാർ ശേഖരങ്ങളിൽ ഷാജിയുടെ ചിത്രങ്ങൾ ഉണ്ട്. ലാൻഡ് സ്കേപ് , അമൂർത്ത ചിത്രങ്ങൾ, രേഖാ ചിത്രങ്ങൾ എന്നിവ വരയ്ക്കുന്നത് ഒരു പോലെ ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിന്റെ വെബ് സെറ്റ് നിറയെ സ്വപ്നങ്ങൾ, അഭിലാഷങ്ങൾ, സന്തോഷം, വേദന, ചിന്ത, രാഷ്ട്രീയം, ജീവിതം തുടങ്ങിയവ പ്രമേയമാക്കിയുള്ള മനോഹര ചിത്രങ്ങൾ കാണാം. വിവിധ മാധ്യമങ്ങളിലൂടെ അവ ഒരുക്കിയതിലൂടെ ഏത് രീതിയും തനിക്ക് വഴങ്ങുമെന്ന് ഷാജി തെളിയിക്കുന്നു.

 

1996, 2001, 2009 എന്നീ വർഷങ്ങളിൽ കേരള ലളിതകലാ അക്കാദമി സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. രാജ്യാന്തര അവാർഡുകളടക്കം മറ്റു പുരസ്കാരങ്ങൾ വേറെ. കേരളത്തിലും രാജ്യാന്തര തലത്തിലുമുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പുസ്തകങ്ങളിലും വരച്ചിരുന്നു. രമ്യയാണ് ഭാര്യ.  മകൾ: ആർഷികാ ഷാ മാധവ്. ഫോൺ:+971 50 968 0551

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com