ADVERTISEMENT

ദുബായ് ∙ കോവിഡ് കാലത്തിനു മുൻപ് ഉടമകളുടെ അരുമകളായിരുന്ന നായ്ക്കൾക്കും പൂച്ചകൾക്കും ഇപ്പോൾ ക്രൂരപീഡനങ്ങളുടെ ദിനങ്ങൾ. അടിയും വെടിയുമേറ്റ് മരുഭൂമിയിൽ ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളിൽ 'ഉന്നതകുലജാതരു'മേറെ. അറേബ്യൻ സലൂക്കി, ജർമൻ ഷെപ്പേഡ്, സൈബീരിയൻ ഹസ്കി, ഡോബർമാൻ തുടങ്ങിയ ഇനങ്ങളും വീടുകളിൽ നിന്നു പുറത്തായി.

കോവിഡ് കാലം നൽകിയ അധിക ബാധ്യതയും ഇവയെ വളർത്താനുള്ള ചെലവും കാരണമാണ് പല ഉടമകളും മൃഗങ്ങളെ ഉപേക്ഷിക്കാൻ കാരണം. യുഎഇയിൽ ദിവസവും കുറഞ്ഞത് ഒരു നായയോ പൂച്ചയോ ഉപേക്ഷിക്കപ്പെടുന്നതായാണ് കണക്ക്. ഈ പ്രവണത നേരത്തേ ഉണ്ടായിരുന്നെങ്കിലും കോവിഡ് പടർന്ന 2020നു ശേഷമാണ് വ്യാപകമായതെന്ന് ഉമ്മുൽഖുവൈൻ സ്ട്രേ ഡോഗ്സ് സെന്റർ സ്ഥാപകയും മാനേജരുമായ അമീറ വില്യം പറഞ്ഞു. 2014 മുതൽ അമീറയുടെ സ്ഥാപനം രക്ഷപ്പെടുത്തിയ 8,000 മൃഗങ്ങളിൽ 7000  എണ്ണത്തിനെ  പലരും ഏറ്റെടുത്തു. 

മടങ്ങിവരവ് 'രാജകീയം'

മരുഭൂമിയിലും വഴിയോരങ്ങളിലും അവശ നിലയിൽ കാണപ്പെട്ട പല മൃഗങ്ങൾക്കും ശസ്ത്രക്രിയ ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സ വേണ്ടിവന്നതായി മൃഗസ്നേഹികളുടെ സംഘടനകൾ പറയുന്നു. അംഗവൈകല്യം സംഭവിച്ചവയുമുണ്ട്. ഇവയിൽ ചിലതിന്റെ സംരക്ഷണം രാജകുടുംബാംഗങ്ങൾ ഏറ്റെടുത്തത് രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയിരുന്നു. എയർഗൺ കൊണ്ട് എട്ടിലേറെ തവണ വെടിയേറ്റു ഗുരുതരാവസ്ഥയിൽ മരുഭൂമിയിൽ കണ്ടെത്തിയ സലൂക്കി നായയുടെ സംരക്ഷണം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഷാർജയിലെ ഒറ്റപ്പെട്ട മേഖലയിൽ അടിയേറ്റ് അവശനിലയിൽ കണ്ടെത്തിയ നായയുടെ സംരക്ഷണം ഷെയ്ഖ ലത്തീഫ ബിൻത് അഹമ്മദ് അൽ മക്തൂമും അടുത്തിടെയാണ് ഏറ്റെടുത്തത്.  

വിദേശ ഇനങ്ങൾക്ക് കാലാവസ്ഥ കഠിനം 

വിദേശയിനം നായ്ക്കൾക്കും പൂച്ചകൾക്കും യുഎഇയിലെ കൊടുംചൂട് താങ്ങാനാവില്ലെന്ന് മൃഗസംരക്ഷകർ പറയുന്നു. ശീതീകരിച്ച മുറികളിൽ സുഖസൗകര്യങ്ങളോടെ ജീവിച്ച ഇവയെ പെട്ടെന്ന് ഉപേക്ഷിക്കുന്നത് കൊടുംക്രൂരതയാണ്. ഫെബ്രുവരിയിൽ ഷാർജയിലെ താമസ മേഖലയിൽ തലയിലും കണ്ണിനു സമീപം ഒന്നിലേറെ തവണ വെടിയേറ്റ അറേബ്യൻ വേട്ട നായയെ ഒരു വനിതയാണ് കണ്ടെത്തിയത്. 2 പേർ നായയെ വെടിവയ്ക്കുന്നത് കണ്ടതായി ഇവർ അറിയിച്ചെങ്കിലും കുറ്റവാളികളെ പിടികൂടാനായില്ല. റാസൽഖൈമ മരുഭൂമിയിൽ ജനുവരിയിൽ സമാന രീതിയിലുള്ള സംഭവം നടന്നിരുന്നു. 11 തവണ വെടിയേറ്റ നായ 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷമാണ് രക്ഷപ്പെട്ടത്.

ഒരു വർഷം തടവ്, 2 ലക്ഷം പിഴ

യുഎഇയിൽ മൃഗങ്ങൾക്കു നേരെയുള്ള ക്രൂരതയ്ക്ക് ഒരു വർഷം തടവും 2 ലക്ഷം ദിർഹം പിഴയുമാണു ശിക്ഷ.രാജ്യത്ത് മൃഗങ്ങളോടുള്ള പീഡനം ഗുരുതര കുറ്റകൃത്യമായതിനാൽ പട്ടിണിക്കിട്ട് എണീക്കാൻ പോലുമാകാത്ത വിധം മരുഭൂമിയിൽ ഉപേക്ഷിക്കുന്നു. സിസിടിവി ക്യാമറയിൽ പെടാതിരിക്കാനാണ് ഒറ്റപ്പെട്ട സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത്. 

തെരുവ് പൂച്ചയ്ക്കും അഭയകേന്ദ്രം 

തെരുവോരങ്ങളിൽ അലഞ്ഞുതിരിയുന്ന പൂച്ചകളെ സുരക്ഷിതമായി പിടികൂടി അഭയ കേന്ദ്രങ്ങളിലെത്തിക്കാനും രാജ്യത്തു സംവിധാനമുണ്ട്. പെറ്റുപെരുകാതിരിക്കാൻ ഇവയെ വന്ധ്യംകരിക്കുന്നു. ചില കേന്ദ്രങ്ങളിൽ 200ൽ ഏറെ പൂച്ചകളുള്ളതായാണ് റിപ്പോർട്ട്. കുപ്പത്തൊട്ടികൾക്ക് സമീപവും ഫ്ലാറ്റുകളുടെ പരിസരങ്ങളിലും പെറ്റുപെരുകുന്ന പച്ചകൾക്ക് പല രോഗങ്ങളുമുണ്ടാകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ഈ മുൻകരുതൽ.

English Summary: Abandoned pet cases on the rise post Covid, say animal rescue groups in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com