ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പിനെത്തുന്ന കാണികൾക്കായി കാബിൻ ശൈലിയിലുള്ള 8,000 ത്തിലധികം താമസ സൗകര്യങ്ങളും ലഭ്യം. കാണികൾക്കുള്ള താമസ സൗകര്യങ്ങളിൽ വ്യത്യസ്തയൊരുക്കുന്ന ഫാൻ വില്ലേജുകളിലാണ് ഇത്തരം താമസ സൗകര്യമുള്ളത്. ഈ ആഴ്ചയിൽ കാബിൻ ശൈലി താമസ കേന്ദ്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

 

വിവിധ കാറ്റഗറികളിലായാണ് ഇവയുള്ളത്. ഖത്തർ ഫ്രീ സോൺ, ലുസെയ്ൽ മൾട്ടി പർപ്പസ് ഹാൾ, മാൾ ഓഫ് ഖത്തറിന് സമീപം എന്നിവിടങ്ങളിലെ 3 ഫാൻ വില്ലേജുകളിലാണ് ഹോട്ടൽ സേവനങ്ങളോടു കൂടിയ കാബിൻ ശൈലിയിലുള്ള താമസ സൗകര്യവും ലഭ്യമാക്കുന്നത്. അപ്പാർട്‌മെന്റുകൾ, വില്ലകൾ, ഹോട്ടലുകൾ, ക്രൂസ് ഷിപ്പ് ഹോട്ടലുകൾ, അവധിക്കാല വസതികൾ എന്നിവയ്ക്ക് പുറമേയാണ് 3 ഇടങ്ങളിലായി ഫാൻ വില്ലേജുകളും.

അൽഖോറിലെ ക്യാംപിങ് താമസ സൗകര്യങ്ങളിലെ മുറികൾ.
അൽഖോറിലെ ക്യാംപിങ് താമസ സൗകര്യങ്ങളിലെ മുറികൾ.

 

കാണികൾക്ക് ടൂർണമെന്റ് വേദിയിലേക്കു മെട്രോയിൽ വേഗമെത്താൻ കഴിയത്തക്ക വിധം മെട്രോ സ്‌റ്റേഷനുകളിലേക്ക് യാത്ര എളുപ്പമാകുന്ന തരത്തിലാണ് കാബിൻ ശൈലിയിലുള്ള താമസ കേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റിയുടെ ഹൗസിങ് വകുപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഒമർ അൽ ജാബർ വ്യക്തമാക്കി. ഹോട്ടൽ മുറികളിൽ ലഭിക്കുന്ന സേവനങ്ങൾ തന്നെയാണ് കാബിൻ ശൈലിയിലും ലഭിക്കുക.

 

ഇവന്റുകൾ, റസ്റ്ററന്റുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇവിടെയുണ്ടാകും. സുപ്രീം കമ്മിറ്റിയുടെ അക്കോമഡേഷൻ പോർട്ടൽ മുഖേന ഇവ ബുക്ക് ചെയ്യാം. ഫാൻ വില്ലേജുകളുടെ കീഴിലുള്ള മറ്റൊരു ശൈലിയാണ് ക്യാംപിങ് താമസ സൗകര്യം. അൽഖോർ ക്യാംപിങ് താമസ കേന്ദ്രം ഇതിലൊന്നാണ്. വ്യത്യസ്ത സേവനങ്ങളോടു കൂടിയ ഉന്നത നിലവാരത്തിലുള്ള ക്യാംപിങ് സൗകര്യമാണിത്. ഫാൻ വില്ലേജുകൾക്ക് കീഴിൽ വരും ദിവസങ്ങളിലായി കൂടുതൽ തരം താമസ സൗകര്യങ്ങൾ പ്രഖ്യാപിക്കും.

 

ദോഹയിലേക്കും സ്‌റ്റേഡിയങ്ങളിലേക്കും വേഗമെത്താൻ കഴിയത്തക്ക വിധം കാണികൾക്ക് ഏറ്റവും സൗകര്യപ്രദമാണ് ഫാൻ വില്ലേജുകൾ. ദോഹ നഗരത്തിന് പുറത്താണ് ഫാൻ വില്ലേജുകൾ എങ്കിലും പൊതുഗതാഗത സൗകര്യങ്ങൾ ലഭ്യമാണ്. മാത്രമല്ല രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് യാത്രയും സുഗമമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com