ADVERTISEMENT

ദുബായ് ∙ കീശ കാലിയാക്കുന്ന ഇന്ധനവിലക്കയറ്റത്തെ സ്മാർട് ആയി നേരിടാൻ ഹൈബ്രിഡ് കാറുകൾ വാങ്ങുന്നവരുടെ എണ്ണം കൂടി. പെട്രോളിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന ഇവയുടെ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ പ്രമുഖ ഓട്ടമൊബീൽ കമ്പനികളും തയാറെടുക്കുന്നു.

 

സ്റ്റാർട്ടിങ്ങും കുറഞ്ഞ വേഗത്തിൽ പോകുന്നതുമടക്കം, പെട്രോൾ കൂടുതൽ വേണ്ടിവരുന്ന സമയങ്ങളിൽ ബാറ്ററിയിൽ നിന്നുള്ള ചാർജ് ഉപയോഗിക്കും. മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ ദൂരം വരെ ഇങ്ങനെ ഓടിക്കാമെന്ന് ഓട്ടമൊബീൽ മേഖലയിലുള്ളവർ പറയുന്നു. ഉയർന്ന വേഗത്തിൽ പ്രവർത്തനം പെട്രോളിലേക്കു മാറും. വാഹനത്തിന്റെ ഓട്ടത്തിനിടെ ബാറ്ററി ചാർജാകുകയും ചെയ്യുമെന്നതാണ് ഹൈബ്രിഡിന്റെ പ്രത്യേകത.

 

പ്രമുഖ കമ്പനികളായ ടൊയോട്ട, നിസ്സാൻ, ഹോണ്ട, ഹ്യുണ്ടായ്, ഷെവർലെ തുടങ്ങിയവ ടെക്നിഷ്യൻമാർക്കു ഹൈബ്രിഡ് വാഹനങ്ങളെക്കുറിച്ചു പ്രത്യേക പരിശീലനം നൽകിവരുന്നു. പുതിയ മോഡലുകളിൽ കൂടുതൽ സാങ്കേതിക മേന്മകൾ പ്രതീക്ഷിക്കാം.

 

ഹൈബ്രിഡ് അബ്ര.
ഹൈബ്രിഡ് അബ്ര.

ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ, കുറേക്കൂടി കാത്തിരുന്ന ശേഷം വാങ്ങുന്നതാണ് ഉചിതമെന്നു പലരും ചിന്തിക്കുന്നു. വിലക്കൂടുതലാണു മറ്റൊരു പ്രശ്നം. ദുബായിൽ 6,100ൽ ഏറെ ഹൈബ്രിഡ് വാഹനങ്ങളും 2,500ൽ ഏറെ ഇലക്ട്രിക് വാഹനങ്ങളും ഉള്ളതായാണു കണക്ക്.

 

ഹൈബ്രിഡ് നേട്ടങ്ങൾ

 

പെട്രോൾ ചെലവ് കുത്തനെ കുറയും. അറ്റകുറ്റപ്പണിയും കുറവ്. യാത്രാസുഖം, ശബ്ദക്കുറവ്, കൂടുതൽ മൈലേജ്. കാർബൺ മലിനീകരണം കുറവ്. ബ്രേക് ഡൗണോ കാര്യമായ അറ്റകുറ്റപ്പണികളോ ഇല്ലാതെ 5.5 ലക്ഷം കിലോമീറ്റർ ഓടി മികവു തെളിയിച്ചവയാണ് ഹൈബ്രിഡ് വാഹനങ്ങൾ.

 

'പുകവണ്ടികൾ' പിന്നിലേക്ക്

 

സ്മാർട് വാഹനങ്ങൾ സമീപ ഭാവിയിൽ തന്നെ പരമ്പരാഗത വാഹനങ്ങളെ 'ഓവർടേക്ക്' ചെയ്യുമെന്നു കരുതുന്നവരേറെയാണ്. ഗതാഗത രംഗത്ത് സമഗ്ര മാറ്റത്തിനൊരുങ്ങുന്ന ആർടിഎ പഞ്ചവത്സര പദ്ധതിക്കു തുടക്കമിട്ടു കഴിഞ്ഞു. 'പുകവണ്ടികൾ' പൂർണമായും ഒഴിവാക്കുന്നതുൾപ്പെടെ 20 തലങ്ങളിലുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനാണ് പദ്ധതി. ദുബായിൽ ഹൈബ്രിഡ് അബ്രയും (കടത്തുവഞ്ചി) വ്യാപകമാകുകയാണ്. 20 കിലോവാട്ട് ഇലക്ട്രിക് മോട്ടറിലാണ് പ്രവർത്തനം. ഇന്ധന ഉപയോഗം 172% കുറയ്ക്കുന്ന ഇതിൽ 26 ബാറ്ററികളുണ്ട്. പരമ്പരാഗത അബ്രകളേക്കാൾ കാർബൺ മലിനീകരണം 87% കുറവാണ്.

 

സ്മാർട്ടാകാൻ ഹൈസ്പീഡിൽ

 

യുഎഇയിൽ സമീപഭാവിയിൽ പാതകളും വാഹനങ്ങളും പൂർണമായും സ്മാർട്ടാകും. 2030 ആകുമ്പോഴേക്കും 4,000 സ്വയംനിയന്ത്രിത ടാക്സികൾ ഉൾപ്പെടെ ദുബായ് നഗരപാതകളിലുണ്ടാകും. ആർടിഎ സ്റ്റേഷനുകളിലെയും മറ്റും മാലിന്യങ്ങളിൽ 100 ശതമാനവും ശുദ്ധീകരിച്ച് പുനരുപയോഗപ്പെടുത്തും. ബസ് ഡിപ്പോകളിലെ മലിനജലം ശുദ്ധീകരിച്ച് ജലസേചനത്തിന് ഉപയോഗപ്പെടുത്തുന്ന പദ്ധതി അടുത്തിടെ ആരംഭിച്ചിരുന്നു. ഓരോ മാസത്തെയും ജലോപയോഗത്തിലും ചെലവിലും 90% കുറവു വരുത്താൻ കഴിയും. ഡിപ്പോയോട് അനുബന്ധിച്ചുള്ള ഹരിതമേഖലകളിലെ ചെടികളും മരങ്ങളും നനയ്ക്കാനാണു ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com