ദുബായ് ∙ അതിരുകളും അകലങ്ങളുമില്ലാത്ത സ്വപ്നങ്ങൾ നെഞ്ചേറ്റി മരുഭൂമിയിലെ പാതയിൽ കുതിച്ച ബൈക്കുകളിൽ പാറിയ ഇന്ത്യ-പാക്ക് പതാകകൾക്കൊപ്പം മുഴങ്ങിയത് ഐക്യത്തിന്റെ 'ജയ്ഹോ'. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ഒരുമിച്ചാഘോഷിച്ച ഇരുരാജ്യങ്ങളിലെയും പൗരന്മാരാണു സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങളുയർത്തി ബൈക്ക് യാത്ര നടത്തിയത്. 50ൽ ഏറെ ബൈക്കുകളിൽ അറുപതിലേറെ പേർ കുതിച്ചതോടെ ഒരുമയുടെ കരുത്തിനു മുന്നിൽ ശക്തമായ പൊടിക്കാറ്റ് വഴിമാറി.

ഹാർലി ഡേവിഡ്സണു പുറമേ മറ്റു സ്പോർട്സ് ബൈക്കുകളും ഉണ്ടായിരുന്നു. യുഎഇയിലെ 'സിങ്ങ്സ് എംസി' എന്ന റൈഡേഴ്സ് കൂട്ടായ്മയാണു പരിപാടി സംഘടിപ്പിച്ചത്. ജന്മനാടുകൾ 75–ാം സ്വാതന്ത്ര്യദിനം ഒരുമിച്ചു കൊണ്ടാടുമ്പോൾ ആഘോഷവും ഒരുമിച്ചാക്കാൻ തീരുമാനിക്കുകയായിരുന്നു ഇവർ. രാവിലെ 6ന് അൽ വർസാനിൽ നിന്നായിരുന്നു ആവേശകരമായ യാത്രയുടെ തുടക്കം. ഏറെ പേരും അതിനു വളരെ മുൻപേ എത്തി. ചിലർ സകുടുംബം. വീട്ടുകാര്യങ്ങളും നാട്ടുവിശേഷങ്ങളുമെല്ലാം പങ്കുവച്ചു കഴിഞ്ഞപ്പോഴേക്കും കൃത്യസമയമായി. ബൈക്കുകൾ ഒരുമിച്ചു മുരൾച്ചയോടെ തയാറെടുത്തു. പിന്നെ വരിവരിയായി മുന്നോട്ടു നീങ്ങി.

അൽ വർസാനിൽ നിന്ന് അൽ ഖുദ്ര വഴിയായിരുന്നു റൈഡ്. പ്രതികൂല കാലാവസ്ഥയിലും ഗതാഗതം തടസ്സപ്പെടുത്താതെ കൃത്യമായ നിർദേശങ്ങൾ കൈമാറി ദുബായ് ലാസ്റ്റ് എക്സിറ്റ് വരെയും തിരികെ അൽ വർസാനിലുമെത്തി. മധുരം നുകർന്നും അടുത്ത കാര്യപരിപാടികളെകുറിച്ചു ചർച്ച ചെയ്തും 75ാം ആഘോഷം ആവേശകരമാക്കി. അവധിദിവസങ്ങളിലെല്ലാം യാത്ര സംഘടിപ്പിക്കാറുണ്ടെന്നും വേനൽക്കാലമായതിനാൽ കുറവാണെന്നും റൈഡർമാരായ ഗുർനാം സിങ്, പാക്കിസ്ഥാൻ സ്വദേശി മിർസ ഖുദ് എന്നിവർ പറഞ്ഞു.

പഞ്ചാബ് സ്വദേശികളായ പലർക്കും പാക്കിസ്ഥാനിൽ കുടുംബവേരുകളുണ്ട്. പാക്കിസ്ഥാൻ സ്വദേശികൾക്കു തിരിച്ചും. രണ്ടു രാജ്യമായെങ്കിലും ഭാഷയിലും ഭക്ഷണത്തിലും സംസ്കാരത്തിലുമെല്ലാം ഒരുമ നിലനിൽക്കുന്നതായി മിർസ പറഞ്ഞു. എല്ലാവരെയും അടുത്തുകാണാനും ആഘോഷങ്ങൾ ഒരുമിച്ചു സംഘടിപ്പിക്കാനും അവസരമൊരുക്കുന്ന യുഎഇയോടു നന്ദിയുണ്ടെന്നു പലരും പ്രതികരിച്ചു. യുഎഇയിലെ എല്ലാ എമിറേറ്റുകൾക്കും പുറമേ ഒമാനിലേക്കും സംഘം യാത്ര നടത്തും. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും ഇവരോടൊപ്പം ചേരാറുണ്ട്.
ചെറുസംഘങ്ങൾ, വലിയ ദൗത്യങ്ങൾ
യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ബൈക്ക് യാത്ര ഹരമാക്കിയ ചെറുതും വലുതുമായ സംഘങ്ങളുണ്ട്. യാത്രയ്ക്കുള്ള പൊതുഫണ്ട് പല സംഘങ്ങൾക്കുമുണ്ട്. ഇതിൽ നിന്നാണ് യാത്രാ ചെലവു വഹിക്കുക. നിശ്ചിത തുക ഓരോ തവണയും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുന്നു. ചൂടുകുറയുന്ന നവംബർ ആകുമ്പോഴേക്കും യാത്രികരുടെ എണ്ണം കൂടും. ടീമുകളായി തിരിഞ്ഞ് പല റൂട്ടുകളിൽ യാത്ര ചെയ്ത് ഒരുമിച്ചൊരിടത്ത് എത്തുന്ന വിധത്തിലും യാത്ര ആസൂത്രണം ചെയ്യാറുണ്ട്. അതിർത്തി മേഖലകളിലെ അനുവദനീയ പാതകളിൽ മണിക്കൂറിൽ 155 കിലോമീറ്റർ വരെ വേഗത്തിൽ കുതിച്ചവരുമുണ്ട്.