ADVERTISEMENT

ദോഹ∙ ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനം ഗംഭീരമാക്കാൻ ദേശീയ പൈതൃകം പ്രതിഫലിപ്പിക്കുന്ന സാംസ്‌ക്കാരിക പരിപാടികളുമായി ഖത്തറിലെ ഇന്ത്യൻ പ്രവാസ ലോകം. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി  ഇന്ത്യൻ എംബസി എപെക്‌സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്ററിന്റെ (ഐസിസി) നേതൃത്വത്തിൽ രാജ്യത്തുടനീളമായി 6 വേദികളിലായി നടക്കുന്ന സംഗീത-നൃത്ത മേള കഴിഞ്ഞ രണ്ടാഴ്ചയായി സജീവമാണ്.

 

വിവിധ ഇന്ത്യൻ കമ്യൂണിറ്റികൾ അവതരിപ്പിക്കുന്ന ഇന്ത്യയുടെ ദേശീയതയും പൈതൃകവും പ്രതിഫലിപ്പിച്ചുള്ള സാംസ്‌കാരിക, കലാ, സംഗീത പരിപാടികൾ, തൽസമയ സംഗീത മേളകൾ, മാജിക് ഷോകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഐസിസിയുടെ കീഴിൽ നടന്നു വരുന്നത്. വെള്ളിയാഴ്ച ഏഷ്യൻ ടൗണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ റിക്രിയേഷൻ ഹാളിൽ  തൊഴിലാളികൾക്കായി നടത്തിയ ആഘോഷ പരിപാടികളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ ആണു തൊഴിലാളികളെ സ്വാഗതം ചെയ്യാനെത്തിയത്.

 

ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോത്സവിന്റെ കീഴിൽ  ഏഷ്യൻ ടൗണിൽ ഇന്ത്യൻ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ, കോൺസുലർ ക്യാംപുകളും വെള്ളിയാഴ്ച നടത്തിയിരുന്നു.    ഐസിസിയുടെ സംഗീത-നൃത്ത മേളയുടെ കീഴിൽ ഇന്ന് ഐസിസി അശോക ഹാളിൽ ക്വിസ് പ്രോഗ്രാമുകൾ മാത്രമാണു നടക്കുക. സ്വാതന്ത്ര്യ ദിനമായ നാളെ വൈകിട്ട് ഐസിസിയുടെ എല്ലാ അനുബന്ധ സംഘടനകളും ചേർന്നൊരുക്കുന്ന വിവിധ സാംസ്‌ക്കാരിക പരിപാടികളാണ് അരങ്ങേറുക. ഐസിസിയുടെ ഈ മാസം 1ന് ആരംഭിച്ച സ്വാതന്ത്ര്യദിനാഘോഷം 19ന് അൾ അറബി സ്‌റ്റേഡിയത്തിൽ മിനി കാർണിവലോടെ സമാപിക്കും. കഴിഞ്ഞ 1 വർഷത്തിനിടെ 80തിലധികം പരിപാടികളാണ് ആസാദി കാ അമൃത് മഹോത്സവിന്റെ കീഴിൽ ഐസിസി നടത്തിയത്.

 

ദേശീയ പതാക ഉയർത്തൽ 

 

ദോഹ∙ ഇന്ത്യയുടെ 75മത് സ്വാതന്ത്ര്യ ദിനമായ തിങ്കളാഴ്ച ഇന്ത്യൻ കൾചറൽ സെന്ററിൽ (ഐസിസി) ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ ദേശീയ പതാക ഉയർത്തും. രാവിലെ 6.45നാണ് ദേശീയ പതാക ഉയർത്തൽ ചടങ്ങ്. തുടർന്ന് സ്‌കൂൾ വിദ്യാർഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കും. കോവിഡ് വാക്‌സീനേഷൻ പൂർത്തിയാക്കിയ,  ഇഹ്‌തെറാസിൽ ഗ്രീൻ ഹെൽത്ത് സ്റ്റാറ്റസ് ഉള്ളവർക്ക് സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുക്കാം. ഇന്ത്യൻ എംബസിയുടെയും ഐസിസിയുടെയും ഫെയ്‌സ് ബുക്കിലും യു ട്യൂബിലും പരിപാടികൾ തൽസമയം കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com