ADVERTISEMENT

ദുബായ് ∙ ചെലവു കുറഞ്ഞ സുഖയാത്ര തിരഞ്ഞെടുക്കുന്നവർ കൂടിയതോടെ മെട്രോ ഉൾപ്പെടെയുള്ള പൊതുവാഹനങ്ങൾക്കു റെക്കോർഡ് നേട്ടം. കഴിഞ്ഞവർഷം ആദ്യ പകുതിയിൽ 20.2 കോടി യാത്രക്കാർ കയറിയെങ്കിൽ ഈ വർഷം ഇതേ കാലയളവിൽ 30.46 കോടിയായി. ശരാശരി 16.8 ലക്ഷം പേർ ദിവസവും യാത്ര ചെയ്യുന്നു.

 

Dubai-Metro-rta

ഏറ്റവും നൂതന ബസുകളിൽ കുറഞ്ഞ ചെലവിൽ സുഖയാത്ര, തിരക്കേറിയ മേഖലകളിൽ ബസുകൾക്കും ടാക്സികൾക്കും മാത്രമായി പ്രത്യേക ലെയ്ൻ എന്നിവയും ഏവരെയും ആകർഷിക്കുന്നു. കാർ ഡ്രൈവ് ചെയ്യുമ്പോഴുള്ള പിരിമുറുക്കവുമില്ല. അതേസമയം, പെട്രോൾ വിലയുടെ കാര്യത്തിൽ നാടും ഗൾഫും തമ്മിൽ കാര്യമായ വ്യത്യാസമില്ലാതായതും  പൊതുവാഹനങ്ങളിൽ തിരക്കു കൂടാനിടയായി. 

 

മനം കവർന്ന് മെട്രോ

 

യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനങ്ങളിൽ മെട്രോ തന്നെ മുന്നിൽ. 36% പേരാണ് ഈ കാലയളവിൽ യാത്ര ചെയ്തത്. ടാക്സി 29%, ബസുകൾ 26% എന്നിവയാണു തൊട്ടുപിന്നിൽ.  ദുബായ് എക്സ്പോ അവസാനിച്ച മാർച്ചിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടതെന്നും 6.2 കോടിയാളുകൾ യാത്ര ചെയ്തെന്നും ആർടിഎ ചെയർമാൻ മത്തർ അൽ തായർ അറിയിച്ചു. ഈ വർഷം ആദ്യപകുതി ദുബായ് ട്രാമിൽ കയറിയത് 36 ലക്ഷം യാത്രക്കാർ. ബസ് 7.86 കോടി, മറൈൻ സർവീസ് (അബ്ര, വാട്ടർ ബസ്, വാട്ടർ ടാക്സി, ഫെറി) 82 ലക്ഷം എന്നിങ്ങനെ. 

 

ബുർജ്മാൻ, യൂണിയൻ തിരക്കിൽ മുന്നിൽ

 

മെട്രോ റെഡ്-ഗ്രീൻ ലൈനുകളിലായി ഈ വർഷം ആദ്യ പകുതി 10.91 കോടി പേർ യാത്ര ചെയ്തു. റെഡ് ഗ്രീൻ, ലൈനുകൾ കടന്നു പോകുന്ന ബുർജ്മാൻ, യൂണിയൻ സ്റ്റേഷനുകളാണു യാത്രക്കാരുടെ എണ്ണത്തിൽ മുന്നിൽ. യഥാക്രമം, 62 ലക്ഷം, 53 ലക്ഷം. റെഡ് ലൈനിൽ 47 ലക്ഷം പേർ യാത്ര ചെയ്ത അൽ റിഗ്ഗ സ്റ്റേഷൻ ഒന്നാമതും 46 ലക്ഷം പേർ യാത്ര ചെയ്ത മാൾ ഓഫ് ദി എമിറേറ്റ്സ് സ്റ്റേഷൻ രണ്ടാമതുമാണ്. ഗ്രീൻ ലൈനിൽ 36 പേർ വീതം യാത്ര ചെയ്ത ബനി   യാസ്, ഷറഫ് ഡിജി സ്റ്റേഷനുകളാണ് മുന്നിൽ. 

 

പ്രത്യേക ലെയ്ൻ മറ്റ് മേഖലകളിലേക്ക് 

 

പ്രധാന റോഡുകളിൽ ബസുകൾക്കും ടാക്സികൾക്കും പ്രത്യേക ലെയ്നുകളൊരുക്കുന്ന പദ്ധതി പുരോഗമിക്കുന്നു. 2023-2027 വർഷങ്ങളിൽ 8 പാതകളിലായി 37 കിലോമീറ്ററിൽ ബസ്-ടാക്സി ലെയ്ൻ പൂർത്തിയാക്കും. ഇതോടെ ബസ്-ടാക്സി ലെയ്നുകളുടെ ആകെ ദൈർഘ്യം 48.6 കിലോമീറ്ററാകും. ഷെയ്ഖ് ഖലീഫ ബിൻ സായിദ്, ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബർ അൽ സബ, സെക്കൻഡ് ഡിസംബർ, അമ്മാൻ, അൽ സത് വ, അൽ നഹ്ദ, ഒമർ ബിൻ ഖത്തബ്്, നായിഫ് സ്ട്രീറ്റുകളിലാണു പുതിയ ലെയ്ൻ നിർമിക്കുന്നത്.

 

നടപ്പാതകൾ,  ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങൾ (ഷെൽറ്ററുകൾ) എന്നിവയോടു കൂടിയ ചുവപ്പ് പാതയാണിത്.  റോഡിൽ തിരക്കുള്ളപ്പോൾ യാത്രയിൽ 40 ശതമാനത്തിലേറെ സമയം ലാഭിക്കാം. ബസ്-ടാക്സി ലെയ്നിൽ സ്വകാര്യ വാഹനങ്ങൾ പ്രവേശിച്ചാൽ 600 ദിർഹമാണു പിഴ. പൊലീസ്, സിവിൽ ഡിഫൻസ് വാഹനങ്ങൾക്കും ആംബുലൻസിനും അനുമതിയുണ്ട്.മറ്റുവാഹനങ്ങൾ ഏതു സാഹചര്യത്തിലായാലും എളുപ്പം നോക്കി ഇതിൽ കടന്നാൽ നടപടിയുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com