ADVERTISEMENT

ദുബായ്∙ ശക്തമായ പൊടിക്കാറ്റിൽ വിമാനങ്ങൾ വൈകിയതോടെ ഒരു ദിവസത്തിലേറെ വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ. ഷാർജയിൽ നിന്നു പുറപ്പെടേണ്ട എയർ ഇന്ത്യാ വിമാനത്തിലെ യാത്രക്കാർക്ക് അൽപം മുൻപു മാത്രമാണു േകരളത്തിലേക്കു യാത്ര തിരിക്കാൻ സാധിച്ചത്. എയർ അറേബ്യയിലെ യാത്രക്കാർക്കും സമാന ബുദ്ധിമുട്ടുണ്ടായെങ്കിലും വിമാനക്കമ്പനി താമസ സൗകര്യം നൽകി. എന്നാൽ, എയർ ഇന്ത്യ യാത്രക്കാർ പൂർണമായും വിമാനത്താവളത്തിനുള്ളിലായി. പുറത്തേക്കുമില്ല, അകത്തേക്കുമില്ലെന്ന അവസ്ഥയിൽ ബെഞ്ചിലും കേസരയിലും ഇരുന്നും കിടന്നും േനരം വെളുപ്പിക്കുകയായിരുന്നു. ഇന്നലത്തെ പൊടിക്കാറ്റിൽ രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും സ്ഥിതി സമാനമായിരുന്നു. 

ഇറങ്ങേണ്ട വിമാനങ്ങൾ കുവൈത്തിലാണ് ലാൻഡ് ചെയ്തത്. പറന്നുയരേണ്ടവ മണിക്കൂറുകൾ വൈകിയാണു യാത്ര ആരംഭിച്ചത്. കുഞ്ഞുങ്ങളുമായി എത്തിയവർ ഏറെ പ്രയാസപ്പെട്ടു. യാത്രക്കാരുടെ ലഗേജ് വിമാനത്തിലേക്കു മാറ്റിയതിനാൽ മാറാൻ തുണി പോലും ആർക്കുമില്ലായിരുന്നു. ഓരോ മണിക്കൂറിലും വിമാനം പുറപ്പെടും എന്ന സൂചന ലഭിച്ചതിനാൽ ആർക്കും എവിടെയും സ്വസ്ഥമായി പോയി ഇരിക്കാൻ പോലും സാധിച്ചില്ലെന്നു യാത്രക്കാർ പറയുന്നു. യാത്രക്കാരുമായി ഇടപെടാൻ രണ്ടു ജീവനക്കാർ മാത്രമായിരുന്നു എയർ ഇന്ത്യയ്ക്കുണ്ടായിരുന്നത്. വിമാനത്താവളത്തിലെ മുറികൾ മറ്റു കമ്പനികൾ ബുക്ക് ചെയ്തതോടെ കിടക്കാനിടം നൽകാൻ പോലും കഴിഞ്ഞില്ല. കേരളത്തിലേക്കുള്ള മൂന്നു വിമാനങ്ങളിലെ യാത്രക്കാർ ഇന്നലെ ഇവിടെ ഉണ്ടായിരുന്നു. എല്ലാവരും കൂടി അഞ്ഞൂറോളം പേർ എയർ പോർട്ടിൽ കുടുങ്ങിയതോടെ വലിയ തിരക്ക് അനുഭവപ്പെട്ടു.

കുടുങ്ങിയവരിൽ ടു മെൻ സിനിമ സംഘവും. 

 

ടു മെൻ സിനിമയുടെ പ്രചാരണത്തിനായി ദുബായിൽ എത്തിയ അഭിനേതാക്കളും ഇന്നലെ ഷാർജ വിമാനത്താവളത്തിൽ കുടുങ്ങി. ഇർഷാദ്, കൈലാഷ്, സോഹൻ സീനു ലാൽ, അനുമോൾ എന്നിവർക്കാണ് ഇന്നലെ യാത്ര മുടങ്ങിയത്. വൈകുന്നേരം 5.30ന് പുറപ്പെടേണ്ട എയർ ഇന്ത്യാ വിമാനത്തിലായിരുന്നു ഇവരുടെ ടിക്കറ്റ്. ഉച്ചയ്ക്ക് 2.30നു വിമാനത്താവളത്തിൽ എത്തി ചെക്ക് ഇൻ നടപടികൾ പൂർത്തിയായപ്പോഴേക്കും വിമാനം വൈകുമെന്ന വിവരം അറിഞ്ഞു. 

ഷാർജയിൽ ഇറങ്ങേണ്ട വിമാനം കുവൈത്തിലാണ് ഇറങ്ങിയത്. രാത്രി ഒൻപത് മണിയോടെ വിമാനം എത്തി. യാത്രക്കാരുടെ ബോർഡിങ് പൂർത്തിയായെങ്കിലും പറന്നുയരാനുള്ള അറിയിപ്പ് പിന്നെയും വൈകി. രാത്രി 12 മണിയായപ്പോൾ, വിമാനം ഇന്നു രാവിലെ മാത്രമേ എടുക്കു എന്ന അറിയിപ്പു ലഭിച്ചു. മൂന്നു മണിക്കൂർ വിമാനത്തിൽ ഇരുന്നപ്പോഴേക്കും കുട്ടികളടക്കം കരഞ്ഞു ബഹളമായി. ക്യാബിൻ ക്രുവിനു കൈകാര്യം ചെയ്യാൻ കഴിയുന്നതിനപ്പുറത്തേക്കു കാര്യങ്ങൾ കൈവിട്ടു. ഒടുവിൽ 12 മണിയോടെ എല്ലാവരും തിരികെ വിമാനത്താളത്തിലേക്ക്. ഇതിനിടെ പൈലറ്റിന്റെ ആ ദിവസത്തെ പറക്കൽ സമയം കഴിഞ്ഞതായി അറിയിപ്പു ലഭിച്ചു. നിശ്ചിത സമയത്തിനപ്പുറം വിമാനം പറത്താൻ കഴിയാത്തതിനാൽ പകരം പൈലറ്റിനെ ദുബായിൽ നിന്ന് എത്തിക്കാനായി ശ്രമം. 

രാവിലെ 8ന് പുറപ്പെടുമെന്ന് അറിയിപ്പു ലഭിച്ചെങ്കിലും ഉച്ചയ്ക്ക് 12.30ന് ആണ് വിമാനം പറന്നുയർന്നത്. ഉറക്ക ക്ഷീണവും, തളർച്ചയും, വിശപ്പും എല്ലാം ചേർന്നു യാത്രക്കാർ മുഷിഞ്ഞ അവസ്ഥയിലായിരുന്നു. ലോഞ്ച് ഉപയോഗിച്ചാണു നേരം വെളുപ്പിച്ചതെന്ന് അഭിനേതാക്കൾ പറഞ്ഞു. അവിടെ ഉയർന്ന നിരക്കിൽ ഫീസ് അടച്ച ശേഷമാണ് ലോഞ്ച് ഉപയോഗിക്കാൻ കഴിഞ്ഞത്.  

 

അർധ രാത്രിയിൽ സ്വാതന്ത്ര്യ ദിനാഘോഷവും പിറന്നാൾ ആഘോഷവും

വിമാനത്തിൽ യാത്രക്കാരുമായി 12 മണിവരെ കാത്തിരുന്നതിനിടെ ക്യാപ്റ്റൻ പുറത്തേക്ക് എത്തി എല്ലാ യാത്രക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. ഇതിനിടെ സിനിമാ സംഘത്തിലെ ഇർഷാദിന്റെ പിറന്നാളാണെന്ന വിവരം അറിഞ്ഞതോടെ ക്യാപ്റ്റനും യാത്രക്കാരും ചേർന്നു പിറന്നാൾ ആശംസകളും അറിയിച്ചു. വിരസമായ യാത്രയിൽ ആകെയുണ്ടായ സന്തോഷം അതു മാത്രമായിരുന്നെന്നു നടൻ കൈലാഷ് പറഞ്ഞു. വിമാനം വൈകുന്നതിൽ ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല, എല്ലാ വിമാനങ്ങളും വൈകി. എന്നാൽ, യാത്രക്കാർക്ക് സൗകര്യം ഒരുക്കുന്ന കാര്യത്തിൽ വീഴ്ചയുണ്ടായെന്നും കൈലാഷ് പറഞ്ഞു. എല്ലാവരെയും കൈകാര്യം ചെയ്യുന്നതിൽ പോലും ജീവനക്കാർ ബുദ്ധിമുട്ടുന്നത് കണ്ടു. അൽപം വൈകിയെങ്കിലും യാത്ര തുടരാൻ തന്നെയാണ് വിമാന കമ്പനി ശ്രമിച്ചത്. അപ്പോഴാണ് പൈലറ്റിന്റെ പറക്കൽ സമയം കഴിഞ്ഞത്. പുതിയ പൈലറ്റിനെ എത്തിക്കുന്നതിനു താമസം ഉണ്ടായതോടെ യാത്ര കൂടുതൽ വൈകുകയായിരുന്നെന്നും കൈലാഷ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com