ADVERTISEMENT

ദുബായ് ∙ശാസ്ത്ര-സാങ്കേതിക മികവുകളോടെ ലോകത്തിന്റെ ഭാവി നഗരം 'എക്സ്പോ സിറ്റി ദുബായ്' ഒക്ടോബർ ഒന്നിന് തുറക്കും. ഇന്ത്യയടക്കം 191 രാജ്യങ്ങൾ സംഗമിച്ച എക്സ്പോ തുടങ്ങിയതിന്റെ ഒരു വർഷം പൂർത്തിയാകുന്ന ദിവസമാണ് സ്മാർട് നഗരവും ലോകത്തിനു സമർപ്പിക്കുന്നത്.

 

കഴിഞ്ഞവർഷം ഒക്ടോബർ 1 മുതൽ ഈ വർഷം മാർച്ച് 31 വരെ നടന്ന വിസ്മയ മേളയിലെ കാഴ്ചകൾക്കപ്പുറമാണ് പുതിയ ലോകം. എക്സ്പോ കുംഭഗോപുരം അൽ വാസൽ പ്ലാസ, ഇന്ത്യയടക്കമുള്ള പ്രമുഖ രാജ്യങ്ങളുടെ പവിലിയനുകൾ, ഗാർഡൻ സ്കൈ, ജലാശയങ്ങൾ, ഭക്ഷ്യശൃഖലകൾ തുടങ്ങിയവ അതേപടിയുണ്ടാകും.

 

ജർമൻ കമ്പനിയായ സീമെൻസിന്റെ നേതൃത്വത്തിലാണ് ദുബായ് സൗത്തിൽ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനടുത്തുള്ള 438 ഹെക്ടർ എക്സ്പോ വേദിയുടെ നവീകരണം പൂർത്തിയാക്കിയത്.  

 

വെറും 15 മിനിറ്റ്, എവിടെയുമെത്താം

 

കാറിലും മറ്റും യാത്ര ചെയ്യാതെ നടന്നോ സൈക്കിളിലോ സ്മാർട് നഗരത്തിന്റെ ഏതു ഭാഗത്തും 15 മിനിറ്റ് കൊണ്ട് എത്താം. കാൽനട-സൈക്കിൾ യാത്രക്കാർക്കും ഡ്രൈവറില്ലാ (ഓട്ടോണമസ്) വാഹനങ്ങൾക്കുമുള്ള ട്രാക്കുകൾ ഒരുക്കുകയും ഇവയെ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്ത കാർബൺ മലിനീകരണമില്ലാത്ത സംശുദ്ധ നഗരം.

 

ഓരോ ക്ലസ്റ്ററിൽ നിന്നും ഒരു മിനിറ്റ് നടന്നാൽ എക്സ്പോ 2020 മെട്രോ സ്റ്റേഷനിലെത്താം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കും എമിറേറ്റ്സ് റോഡിലേക്കും വേഗമെത്താൻ സൗകര്യം. ഫ്ലൈ ഓവറോടു കൂടിയ റോഡുകൾ, വിശാല പാർക്കിങ് മേഖല.

 

സ്മാർട് യുഗപ്പിറവി

 

ബഹിരാകാശ മേഖലയിലടക്കം പദ്ധതികളുടെയും സാങ്കേതികവിദ്യകളുടെയും സ്മാർട് യുഗത്തിന് എക്സ്പോ സിറ്റിയിൽ കൊടിയേറും. ഇന്ത്യയടക്കം 27 രാജ്യങ്ങളിൽനിന്നുള്ള 85 സ്റ്റാർട്ടപ്പുകളും ചെറുകിട സംരംഭങ്ങളുമാണ് ആദ്യഘട്ടത്തിലുള്ളത്. സംരംഭകർ, സാങ്കേതിക വിദഗ്ധർ, ഗവേഷകർ തുടങ്ങിയവർക്ക് അവസരം ലഭിക്കും.

 

അത്യാധുനിക താമസ-സാംസ്കാരിക കേന്ദ്രങ്ങൾ, വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ, നിർമിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളുടെ രാജ്യാന്തര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലാബുകൾ എന്നിവ സജ്ജമായി. ലോജിസ്റ്റിക്സ് സേവനങ്ങളുടെ രാജ്യാന്തര ആസ്ഥാനവുമാകും. വിമാനത്താവളം, തുറമുഖം, ചരക്കു സംഭരണം എന്നിവയുൾപ്പെടുന്ന തന്ത്രപ്രധാന കേന്ദ്രമാണിത്. 

 

മറക്കാത്ത രുചികൾ മടങ്ങിയെത്തും

 

ലോകത്തിലെ സകല രുചിക്കൂട്ടുകളും ആസ്വദിക്കാനുള്ള വേദി കൂടിയാകും എക്സ്പോ സ്മാർട് സിറ്റി. ഓരോ രാജ്യവും തനത് രുചിക്കൂട്ടുകൾ മത്സരിച്ച് അവതരിപ്പിച്ച ആദ്യ എക്സ്പോയായിരുന്നു ദുബായിലേത്. വിനോദസഞ്ചാര കേന്ദ്രമായ യുഎഇയിലെ സാധ്യതകൾ കണ്ടറിഞ്ഞായിരുന്നു ഇത്. ആഫ്രിക്കൻ രാജ്യങ്ങളിലെ രുചിക്കൂട്ടുകൾ അവതരിപ്പിച്ച 'അൽകീബുലാൻ' ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ഉണ്ടാകും.

 

കാണാം, അറിയാം പ്രധാന മാറ്റങ്ങൾ 

 

∙ മൊബിലിറ്റി പവിലിയൻ, സസ്റ്റെയ്നബിലിറ്റി പവിലിയൻ (ടെറ) എന്നിവ വിദ്യാഭ്യാസ മേഖലയാകും.

 

∙ ഓപ്പർച്യൂണിറ്റി പവിലിയൻ 'എക്സ്പോ 2020 ദുബായ് മ്യൂസിയ'മാകും. 

 

∙ വിമൻസ് പവിലിയൻ വനിതാ ശാക്തീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ, ശിൽപശാലകൾ, പ്രദർശന മേളകൾ എന്നിവയുടെ വേദിയാകും. 

 

∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ  ആത്മകഥ  'മൈ സ്റ്റോറി'യെ അടിസ്ഥാനമാക്കിയുള്ള  വിഷൻ പവിലിയൻ നൂതന ആശയങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള പഠന-ഗവേഷണ മേഖലയാകും. 

 

∙ ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെ പ്രതീകമായി വിവിധ ഓഫിസുകളും മറ്റും പ്രവർത്തിക്കുന്ന കെട്ടിടമായി ഇന്ത്യ പവിലിയൻ മാറും.  മറ്റു പവിലിയനുകളിലെ പദ്ധതികൾ വൈകാതെ പ്രഖ്യാപിച്ചേക്കും.  

 

∙ 10 കിലോമീറ്റർ സൈക്കിൾ ട്രാക്ക്, 5 കിലോമീറ്റർ ജോഗിങ് ട്രാക്ക്, 45,000 ചതുരശ്ര മീറ്റർ പാർക്കുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com