ADVERTISEMENT

ദുബായ് ∙ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സെപ) ഒപ്പുവച്ചതോടെ ഇന്ത്യ-യുഎഇ എണ്ണയിതര വ്യാപാര ഇടപാടിൽ 20% വർധന. ഇന്ത്യയ്ക്കു പിന്നാലെ ഇസ്രയേലും ഇന്തോനീഷ്യയുമായി കരാർ ഒപ്പുവച്ചത് യുഎഇക്കു ചരിത്രനേട്ടമാണ് സമ്മാനിച്ചത്. ഈ വർഷം ആദ്യപകുതി 18,000 കോടി ദിർഹത്തിന്റെ കയറ്റുമതി നടത്തി സർവകാല റെക്കോർഡാണ് നേടിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 8% വർധനയുണ്ട്. 

 

ഇടപാടുകളിൽ ഒന്നാമത് ഇന്ത്യയാണ്. 20% വർധനയോടെ 30,000 കോടി ദിർഹത്തിന്റെ പുനർകയറ്റുമതിയും 19% വർധനയോടെ 58,000 ദിർഹത്തിന്റെ ഇറക്കുമതിയും നടത്തി. ഈ വർഷം ആദ്യപകുതി യുഎഇയുടെ വിദേശ വ്യാപാര ഇടപാട് ഒരുലക്ഷം കോടി ദിർഹം കഴിഞ്ഞു. കഴിഞ്ഞവർഷം ഇതേ കാലയളവിനെക്കാൾ 17% വർധന. ഈ വർഷാവസാനത്തോടെ കൂടുതൽ രാജ്യങ്ങളുമായി യുഎഇ കരാർ ഒപ്പുവയ്ക്കും. ഇതിൽ പ്രമുഖ രാജ്യമായ കെനിയയുമായുള്ള കരാർ ആഫ്രിക്കൻ വിപണിയിൽ സാന്നിധ്യം വിപുലമാക്കാൻ ഇന്ത്യയ്ക്കും സഹായകമാകും.

 

സെപയിൽ ഒപ്പുവച്ച രാജ്യങ്ങൾക്കു പരസ്പരം കയറ്റുമതി വർധിപ്പിക്കാനും ഇതര രാജ്യങ്ങളിലേക്ക് പുനർകയറ്റുമതി ചെയ്യാനും കഴിയും. യുഎഇയുമായി ഈ തന്ത്രപ്രധാന കരാറിൽ ഒപ്പുവയ്ക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് കെനിയ. ഇന്ത്യയുമായി ഫെബ്രുവരിയിലും ഇസ്രയേലുമായി മാർച്ചിലുമാണ് യുഎഇ 'സെപ' ഒപ്പുവച്ചത്. ഇന്ത്യയുടെയും കെനിയയുടെയും പൊതുപങ്കാളിയായി യുഎഇ മാറുന്നത് 3 രാജ്യങ്ങൾക്കും നേട്ടമാകും. മാത്രമല്ല, ഇന്ത്യ-ആഫ്രിക്ക വികസന ഇടനാഴിയടക്കമുള്ള പദ്ധതികൾ പുരോഗമിക്കുകയുമാണ്.  

 

സമ്പദ് ഘടനയുടെ വളർച്ച ഇരട്ടിയാകും

 

രാജ്യാന്തര വ്യാപാര ഇടപാടിൽ വൻ മുന്നേറ്റം നടത്തി 2030 ആകുമ്പോഴേക്കും യുഎഇയുടെ  സമ്പദ് ഘടനയുടെ വളർച്ച ഇരട്ടിയാകുമെന്നു വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദി പറഞ്ഞു. യുഎഇ ഉൽപന്നങ്ങൾ വിവിധ രാജ്യങ്ങളിലെ 170 കോടി ജനങ്ങളിലെത്താൻ 'സെപ' സഹായകമായി. ഇതിൽ 140 കോടിയും ഇന്ത്യക്കാരാണ്. ഇന്ത്യ-യുഎഇ വ്യാപാര ഇടപാട്  6,000 കോടി ഡോളറിൽ (4.5 ലക്ഷം കോടി രൂപ) നിന്ന് 5 വർഷത്തിനകം 10,000 കോടി ഡോളർ (7.5 ലക്ഷം കോടിരൂപ) ആക്കാൻ സെപ ലക്ഷ്യമിടുന്നു.

 

പരമ്പരാഗത മേഖല പുതുമോടിയിൽ

 

'സെപ'യുടെ വൻ സാധ്യതകൾ ഉപയോഗപ്പെടുത്താൻ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾക്കു കഴിയും. പരമ്പരാഗത വ്യവസായ മേഖലകൾക്ക് ഉണർവേകാനും  കരകൗശല മേഖലയ്ക്കു നേട്ടമുണ്ടാക്കാനും സാധിക്കും. ഇന്ത്യയിൽ നിന്നു യുഎഇയിലേക്കു കയറ്റുമതി ചെയ്യുന്ന 80 ശതമാനത്തിലേറെ ഉൽപന്നങ്ങൾക്കും ഇറക്കുമതി തീരുവയിൽ ഇളവു ലഭിക്കുന്നതായാണ് റിപ്പോർട്ട്. ഫാർമസ്യൂട്ടിക്കൽ, വസ്ത്രങ്ങൾ, പാദരക്ഷകൾ, ലെതർ, സ്വർണ-വജ്രാഭരണങ്ങൾ, ഇലക്ട്രോണിക്, കാർഷികം തുടങ്ങിയ മേഖലകൾക്ക് കരാർ നേട്ടമാകും. പല ഇന്ത്യൻ ഉൽപന്നങ്ങൾക്കും യുഎഇയിൽ വില കുറയുകയും ലഭ്യത കൂടുകയും ചെയ്യും. 

 

ലോകവിപണിയിൽ സഖ്യത്തിന്റെ മുന്നേറ്റം

 

∙ ഇന്ത്യയിൽ നിന്നു യുഎഇയിലേക്കുള്ള കയറ്റുമതി വർധിപ്പിക്കാനും ഇതര രാജ്യങ്ങളിലേക്ക് പുനർകയറ്റുമതി ചെയ്യാനും കഴിയും. 

 

∙ യുഎഇയിലെ ഒരു തുറമുഖത്തെത്തുന്ന ഇന്ത്യൻ ഉൽപന്നങ്ങൾ രാജ്യത്തെ മറ്റൊരു തുറമുഖം വഴി കുറഞ്ഞ നടപടിക്രമങ്ങളിലൂടെ പുനർകയറ്റുമതി ചെയ്യാം. കസ്റ്റംസ് നടപടികളും മറ്റും ലഘൂകരിക്കാൻ സഹായകമാകും. 7 എമിറേറ്റുകളിലെയും തുറമുഖങ്ങൾ വഴിയുള്ള ഇടപാടുകൾ വർധിക്കും.

 

∙ ഉൽപന്നങ്ങൾ സംഭരിക്കാൻ കൂടുതൽ സമയപരിധി ലഭിക്കും. റഫ്രിജറേറ്റിങ്, ഫ്രീസിങ് കണ്ടെയ്നർ ചാർജ്, യൂട്ടിലിറ്റി ചാർജ് തുടങ്ങിയവയിൽ ഇളവ്. ലോകത്ത് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള രാജ്യങ്ങളിലൊന്നാണ്  യുഎഇ.

 

∙ ഇന്ത്യയിലെ ലോജിസ്റ്റിക്-ഷിപ്പിങ് മേഖല സജീവമാകും. കൂടുതൽ തൊഴിലവസരങ്ങൾ. 

 

∙ ഭൗസൂചികാപദവി  ലഭിച്ച ഇന്ത്യൻ ഉൽപന്നങ്ങളുടെ വിപണി മൂല്യം ഉയരും.  .

 

∙ കൈത്തറി വസ്ത്ര കയറ്റുമതി  2 വർഷത്തിനകം നാലിരട്ടിയാക്കാനുള്ള പദ്ധതി കൂടുതൽ വേഗത്തിലാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com