ADVERTISEMENT

അബുദാബി∙ മധ്യവേനൽ അവധിക്കുശേഷം യുഎഇയിലെ സ്കൂളുകൾ ഇന്നലെ തുറന്നതോടെ ഇനി കളിയാരവങ്ങൾക്കു പകരം പഠനച്ചൂട്. ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾ രണ്ടാം പാദ പഠനത്തിലേക്കു കടന്നപ്പോൾ പ്രാദേശിക, വിദേശ സിലബസ് സ്കൂളുകളിലെ വിദ്യാർഥികൾക്കു പുതിയ അധ്യയന വർഷം തുടങ്ങുകയായിരുന്നു.

കോവിഡ് മാനദണ്ഡം പാലിച്ച് ചില സ്കൂളുകളിൽ പ്രവേശനോത്സവവും സംഘടിപ്പിച്ചിരുന്നു. നീണ്ട അവധിക്കുശേഷം എത്തിയ വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ ഫ്ലാഷ് മോബ് ഉൾപ്പെടെ വിവിധ കലാപരിപാടികളും സ്കൂളുകളിൽ ഒരുക്കിയിരുന്നു. മിഠായിയും സമ്മാനങ്ങളും നൽകിയാണു കെ.ജി ക്ലാസുകളിലെ വിദ്യാർഥികളെ അധ്യാപകരും സ്കൂൾ അധികൃതരും സ്വീകരിച്ചത്. ക്ലാസ് മുറികൾ അലങ്കരിച്ച് ആകർഷകമാക്കുന്ന ജോലികൾ അധ്യാപകർ ഒരാഴ്ച മുൻപു തന്നെ തുടങ്ങിയിരുന്നു.

സൂപ്പർഹീറോകളുടെ വേഷം ധരിച്ചെത്തിയ കലാകാരന്മാർ കുട്ടിക്കുറുമ്പന്മാരെയും വാശിക്കാരെയും പാട്ടുപാടിയും നൃത്തം ചെയ്തും സമ്മാനം നൽകിയും കയ്യിലെടുത്തതോടെ കരച്ചിൽ ചിരിയിലേക്കു വഴിമാറി.‌ ഇഷ്ടകഥാപാത്രങ്ങൾക്ക് ഒപ്പമുള്ള ഫോട്ടോയുമായാണ് നഴ്സറി വിദ്യാർഥികൾ തിരിച്ചുപോയത്. ‌2 മാസത്തിനുശേഷം സ്കൂളിൽ തിരിച്ചെത്തിയ വിദ്യാർഥികളോട് സംവദിച്ചും അവധിക്കാല വിശേഷങ്ങൾ പങ്കുവച്ചും ആദ്യദിനത്തെ ആനന്ദകരമാക്കുകയായിരുന്നു അധ്യാപകർ.

കഥ പറഞ്ഞും പറയിപ്പിച്ചും അനുഭവം പങ്കുവച്ചും പഠനത്തിന്റെ ട്രാക്കിലേക്കു വിദ്യാർഥികളെ ആനയിക്കാനുള്ള ശ്രമം ഏതാനും ദിവസം കൂടി തുടരേണ്ടിവരുമെന്ന് അധ്യാപകർ പറഞ്ഞു. അടുത്ത ആഴ്ച മുതലായിരിക്കും സജീവ പഠനച്ചൂടിലേക്കു കടക്കുക. എന്നാൽ ബോർഡ് പരീക്ഷയ്ക്കു തയാറെടുക്കുന്ന 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇന്നലെ തന്നെ ക്ലാസുകൾ സജീവമാക്കി. നാട്ടിലേക്കു പോയ കുടുംബങ്ങൾ പൂർണമായും തിരിച്ചെത്താത്തതിനാൽ വിവിധ സ്കൂളുകളിൽ ഹാജർ നില കുറവായിരുന്നു. 5–10% വരെ കുട്ടികൾ ഇനിയും തിരിച്ചെത്താനുണ്ടെന്നാണു വിവിധ സ്കൂൾ അധികൃതർ അറിയിച്ചത്.

മുഴുവൻ വിദ്യാർഥികളും തിരച്ചെത്താൻ ഒരാഴ്ചയെങ്കിലും എടുക്കുമെന്നാണ് സ്കൂൾ അധികൃതരുടെ കണക്കുകൂട്ടൽ. യുഎഇയിൽ ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലെ സ്കൂളിൽ 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് പിസിആർ പരിശോധന നിർബന്ധമാണ്. കഴി‍ഞ്ഞ ദിവസങ്ങളിൽ നാട്ടിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർഥികളിൽ പലർക്കും പരിശോധനാ ഫലം ലഭിക്കാത്തതിനാൽ ഇന്നലെ സ്കൂളിലേക്കു പോകാനായില്ല. ഫലം ലഭിച്ചവരിൽ പോസിറ്റീവ് ആയ വിദ്യാർഥികളും അവരുടെ സഹോദരങ്ങളും ക്വാറന്റീനിലായതും ഹാജർ നിലയെ ബാധിച്ചു. ചില അധ്യാപകർക്കും രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ദുബായിലെ വിദ്യാർഥികൾക്ക് പിസിആർ നിബന്ധന ഇല്ലാത്തതിനാൽ മറ്റു എമിറേറ്റുകളിലെ സ്കൂളുകളെക്കാൾ ഇവിടെ ഹാജർ നില കൂടുതലായിരുന്നു. ഇതേസമയം ക്ലാസിനകത്ത് വിദ്യർഥികൾക്ക് മാസ്ക് നിർബന്ധമാണ്. സ്കൂൾ തുറന്ന ആദ്യ ദിനം നഗരത്തിൽ ഗതാഗതക്കുരുക്കുമുണ്ടായി. വിദ്യാർഥികളെയുമായി സ്കൂൾ ബസുകളും സ്വകാര്യ വാഹനങ്ങളും നഗരത്തിലിറങ്ങിയതോടെ ഭൂരിഭാഗം റോഡുകളും ഗതാഗതക്കുരുക്കിലമർന്നു.

ഓഫിസിൽ പോകുന്ന പലർക്കും കൃത്യസമയത്ത് എത്താനായില്ല. ഈ തിരക്കു മുന്നിൽ കണ്ട് നേരത്തെ പുറപ്പെടണമെന്ന് നേരത്തെ പൊലീസിന്റെ നിർദേശമുണ്ടായിരുന്നു.‍‌ കോവിഡ് ബാധിച്ചവർക്കു മാത്രം ആവശ്യമെങ്കിൽ ഓൺലൈൻ ക്ലാസ് നൽകാമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്നലെ പൂർണമായും ഓഫ് ലൈൻ ക്ലാസുകളാണ് നടന്നത്.‌ വിവിധ കാരണങ്ങൾ തിരിച്ചെത്താത്ത അധ്യാപകർക്കു പകരം പുതിയ അധ്യാപകരെ എടുക്കുന്ന ജോലികളും സ്കൂളുകളിൽ തകൃതി.

English Summary : UAE schools reopened yesterday after summer holidays

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com