ADVERTISEMENT

മസ്‌കത്ത് ∙ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നതോടെ യുഎഇ പ്രവാസികളുടെ ഇടത്താവളമായി ഒമാന്‍. അവധിക്കാലം അവസാനിച്ച സാഹചര്യത്തില്‍ ആയിരക്കണക്കിന് പ്രവാസികളാണ് മടങ്ങിയെത്തുന്നത്. ടിക്കറ്റ് നിരക്കില്‍ ആശ്വാസം ലഭിക്കാന്‍ ഇതര ജിസിസി രാഷ്ട്രങ്ങള്‍ വഴി യാത്ര തിരഞ്ഞെടുക്കുകയാണ് യുഎഇ മലയാളികള്‍. ഇതില്‍ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് ഒമാനെയാണ്. കേരള സെക്ടറുകളില്‍ നിന്ന് യുഎഇയിലേക്കുള്ള നിരക്കിന്റെ പകുതി തുകയ്ക്ക് ഒമാനിലേക്ക് ടിക്കറ്റുകള്‍ ലഭ്യമാണ്.

മസ്‌കത്ത്, സുഹാര്‍ രാജ്യാന്തര വിമാനത്താവളങ്ങള്‍ വഴിയാണ് പ്രവാസികള്‍ യുഎഇയിലേക്ക് യാത്ര ചെയ്യുന്നത്. ഒമാന്‍ വഴിയുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റ് നിരക്കിന് പുറമെ ഒമാന്‍ സന്ദര്‍ശക വീസയും യുഎഇയിലേക്കുള്ള ബസ് ടിക്കറ്റും ആവശ്യമാണ്. ഇവയ്ക്ക് 4,000 രൂപയില്‍ താഴെയാണ് ചെലവ്.

ഓഗസ്റ്റ് 23 മുതല്‍ 26 വരെ 14,826 രൂപയാണ് കോഴിക്കോട് നിന്ന് മസ്‌കത്തിലേക്കുള്ള ടിക്കറ്റ് നിരക്ക്. 27 മുതലുള്ള ദിവസങ്ങളില്‍ ഇത് 12,776 രൂപ വരെയായി കുറയും. എന്നാല്‍ ഈ ദിവസങ്ങളില്‍ കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് 29,600 രൂപ മുതല്‍ 35,620 രൂപ വരെയാണ്. കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേക്ക് 17,039 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍, കൊച്ചിയില്‍ നിന്ന് ദുബായില്‍ എത്താന്‍ 43,000 രൂപക്ക് മുകളില്‍ നല്‍കണം. 

ഒമാന്‍ വഴിയുള്ള യാത്രയ്ക്ക് പാക്കേജുകളുമായി ഒമാനിലെയും കേരളത്തിലെയും ട്രാവല്‍ ഏജന്‍സികളും രംഗത്തെത്തി. വിമാന ടിക്കറ്റ്, ഒമാന്‍ സന്ദര്‍ശക വീസ, ബസ് ടിക്കറ്റ് എന്നിവയെല്ലാം ഉള്‍പ്പെടെയുള്ള പാക്കേജുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഒമാന്‍ വഴി ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ചില ദിവസങ്ങളില്‍ 15,000 രൂപയില്‍ അധികം ലാഭിക്കാനാകും.

English Summary : Uae expats chose to travel via Oman due to high air fares

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com