ADVERTISEMENT

അബുദാബി ∙ തന്ത്രപ്രധാന സഹകരണത്തിൽ ഇന്ത്യയും യുഎഇയും കൈകോർത്തപ്പോൾ ഉരുത്തിരിഞ്ഞത് പുതിയൊരു സുസ്ഥിര വികസന മാതൃക. വിവിധ മേഖലകളിൽ സുപ്രധാന നേട്ടങ്ങൾ കൈവരിക്കാൻ ഇതു സഹായകമായി. അബുദാബിയിൽ കഴിഞ്ഞ ദിവസം സമാപിച്ച മൂന്നാമത് ഇന്ത്യ–യുഎഇ സ്ട്രാറ്റജിക് ഡയലോഗിലാണ് വിലയിരുത്തൽ.

 

ഇരുരാജ്യങ്ങളിലെയും വിദേശ മന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. സമഗ്ര സാമ്പത്തിക ഉടമ്പടിക്ക് (സെപ) അനുസൃതമായി ഉഭയകക്ഷി സഹകരണം വർധിപ്പിക്കും. പൊതുതാൽപര്യമുള്ള മേഖലകളിലെ സാധ്യതകൾ പ്രയോജനപ്പെടുത്താനും തീരുമാനിച്ചു. പ്രാദേശിക, രാജ്യാന്തര വിഷയങ്ങളിലെ കാഴ്ചപ്പാടുകളും കൈമാറി.സഹകരണത്തിന്റെ പുതിയ പാത തുറക്കാൻ സെപ കരാർ വഴിയൊരുക്കിയതായി യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

 

സാമ്പത്തികം, നിക്ഷേപം, വ്യാപാരം, പുനരുപയോഗ ഊർജം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, നൈപുണ്യ വികസനം, വിദ്യാഭ്യാസം തുടങ്ങിയ വികസന ചക്രവാളങ്ങൾ വിശാലമാക്കാനും ഇരുരാജ്യങ്ങളും താൽപര്യം പ്രകടിപ്പിച്ചു. ഇന്ത്യയുമായുള്ള തന്ത്രപ്രധാന സഹകരണം യുഎഇയുടെ മുന്നേറ്റത്തിന് കരുത്തുപകരുമെന്ന് വിദേശകാര്യമന്ത്രി ഡോ.എസ്.ജയ്ശങ്കർ പറഞ്ഞു.

 

യോഗത്തിൽ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, യുഎഇ രാജ്യാന്തര സഹകരണ മന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, സഹമന്ത്രി അഹ്മദ് അലി അൽ സായെഗ്, യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അൻവർ ഗർഗാഷ്, സാമ്പത്തിക, വ്യാപാരകാര്യ സഹമന്ത്രി ‍ഡോ.അബ്ദുൽനാസർ അലി‍ ഷാലി, ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ.അഹ്മദ് അൽ ബന്ന തുടങ്ങിയവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com