"മാവേലി ഹബീബി.. വെൽകം ടു യുഎഇ"; മാവേലിയായ അറബ് രാജ്യക്കാരൻ

Mail This Article
ഷാർജ∙ വിവിധ രാജ്യങ്ങളിലെ പൗരന്മാർ മാവേലി വേഷം കെട്ടിയിട്ടുണ്ടെങ്കിലും ഇതാദ്യമായി ഓണത്തിന് അറബ് രാജ്യക്കാരനും അനുഗ്രഹം ചൊരിയാനെത്തി. ഷാർജയിലെ ഒരു സ്വകാര്യ സ്ഥാപനം നടത്തിയ ഓണാഘോഷ പരിപാടിയിലാണു സ്ഥാപനത്തിലെ ജീവനക്കാരനായ ഈജിപ്ഷ്യൻ സ്വദേശി അമീൻ മുഹമ്മദ് മാവേലിയുടെ വേഷമണിഞ്ഞത്.


പുലികളിയുടെ അകമ്പടിയോടെ ആഡംബര കാറിൽ വന്നിറങ്ങിയ മാവേലിയെ, "മാവേലി ഹബീബി.. വെൽകം ടു യുഎഇ" എന്ന് ആർപ്പുവിളിച്ചാണ് സ്ഥാപനത്തിലെ മറ്റു ജീവനക്കാർ വരവേറ്റത്. ജാതി മത ഭാഷാഭേദമന്യേ ഒരുമിക്കുന്ന മലയാളികളുടെ ഓണാഘോഷത്തിൽ മാവേലിയുടെ വേഷം അണിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അമീൻ പറഞ്ഞു. പ്രവർത്തി ദിനമായതുകൊണ്ടു വീടുകളിൽ ആഘോഷം സാധ്യമല്ലാത്തതിനാൽ, യുഎഇയിലെ പല ഓഫിസുകളിൽ മലയാളികൾ വിവിധ രാജ്യക്കാരെ പങ്കെടുപ്പിച്ചുകൊണ്ടു വിപുലമായ ഓണഘോഷങ്ങളാണു നടന്നത്.
വീട്ടമ്മമാരുള്ള ഫ്ലാറ്റുകളിൽ ഓണസദ്യ തയ്യാറാക്കിയപ്പോൾ ജോലിക്ക് പോകുന്ന ഫ്ലാറ്റുകളിലും ബാച്‌ലർമാരും റസ്റ്ററന്റ് ഓണസദ്യയെയാണ് ആശ്രയിച്ചത്. വൈകിട്ട് ഓഫിസ് വിട്ട് ആരംഭിച്ച ഓണാഘോഷം പലയിടത്തും പുലരുവോളം നീണ്ടുനിന്നു.
English Summary : Egypt native Ameen Muhammed as maveli in sharjah office onam celebration