ADVERTISEMENT

അബുദാബി∙ ഇത്തിഹാദ് റെയിലിനെ അബുദാബിയുടെ വ്യവസായ നഗരമായ ഐകാഡ് സിറ്റിയിലെ ഫ്രൈറ്റ് ടെർമിനലുമായി ബന്ധിപ്പിച്ചു. പുതിയ പാതയുടെ നിർമാണം പൂർത്തിയാക്കി പരീക്ഷണ ഓട്ടം നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം.  ഇത്തിഹാദ് റെയിലിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായാണ് ചരക്കു ടെർമിനലുമായി ബന്ധിപ്പിച്ചത്.

 

ഇത്തിഹാദ് റെയിലിന്റെ പ്രധാന പാതയുമായി ഫ്രൈറ്റ് ടെർമിനലിനെ ബന്ധിപ്പിച്ചതോടെ ചരക്കുനീക്കം സുഗമമാക്കും. ഇറക്കുമതിയും കയറ്റുമതിയും ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്ന് റെയിൽ റിലേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അൽ മർസൂഖി പറഞ്ഞു.

 

2.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമാണം പുരോഗമിക്കുന്ന ഫ്രൈറ്റ് ടെർമിനലിന് വർഷത്തിൽ 2 കോടി ടൺ ചരക്കു കൈകാര്യം ചെയ്യാനാവും. യുഎഇ–സൗദി അതിർ‌ത്തിയിൽ നിന്ന് ഫുജൈറ തുറമുഖം വരെ നീളുന്ന ഇത്തിഹാദ് റെയിൽ താമസ, വ്യാവസായിക, ഉൽപാദന കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ചാണ് കടന്നുപോകുക.

 

തുടക്കത്തിൽ ചരക്കു നീക്കമാണ് ലക്ഷ്യമെങ്കിലും വൈകാതെ യാത്രാ സംവിധാനവും ഒരുക്കുന്നുണ്ട്. ജൂലൈയിൽ ഖലീഫ തുറമുഖവുമായും ബന്ധിപ്പിച്ചിരുന്നു. സൗദി അറേബ്യ–യുഎഇ അതിർത്തി മുതൽ ഫുജൈറ വരെ 1,200 കിലോമീറ്റർ നീളുന്ന ഇത്തിഹാദ് റെയിൽ ശൃംഖലയിൽ വ്യാപാര, വ്യവസായ, ഉൽപാദന, ചരക്കുഗതാഗത, പാർപ്പിട മേഖലകളെ ബന്ധിപ്പിക്കും. ഭാവിയിൽ ജിസിസി റെയിലുമായും ബന്ധിപ്പിക്കും.

 

2015ലാണ് റെയിൽ പദ്ധതിയുടെ 265 കിലോമീറ്റർ വരുന്ന ആദ്യഘട്ടം പൂർത്തിയായത്. നിലവിൽ അബുദാബി അൽ ദഫ്രയിലെ ഷാ, ഹബ്ഷൻ വാതക മേഖലയിൽനിന്നു റുവൈസ് തുറമുഖം വരെയുള്ള പാതയിലൂടെ പ്രതിദിനം 22,000 ടൺ സൾഫർ കൊണ്ടുപോകുന്നുണ്ട്. പദ്ധതി പൂർണമാകുന്നതോടെ ചരക്കുനീക്കം 5 കോടിയായി വർധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com