ADVERTISEMENT

 

ദോഹ∙ ലോകകപ്പ് മത്സര ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്കൊപ്പം ടിക്കറ്റില്ലാത്ത ക്ഷണിക്കപ്പെട്ട ആരാധകർക്ക് ഖത്തറിലേയ്ക്കുള്ള പ്രവേശന ഫീസ് 500 റിയാൽ.

   ക്ഷണിക്കപ്പെട്ട 3 പേരിൽ 12 വയസിൽ താഴെയുള്ള കുട്ടികളുണ്ടെങ്കിൽ അവർക്ക് പ്രവേശനം സൗജന്യമാണ്. 12ന് മുകളിൽ പ്രായമുള്ളവർക്ക് 500 റിയാൽ വീതമാണ് ഫീസ്. ഹയാ മൊബൈൽ ആപ്പിലൂടെ ഫീസ് അടയ്ക്കാം. ലോകകപ്പ് മത്സര ടിക്കറ്റിന്റെ അവസാന ഘട്ട വിൽപന പ്രഖ്യാപിക്കുന്നതോടെ ഈ സേവനം ലഭ്യമാകും. 

  ഒരു ഹയാ കാർഡ് ഉടമയ്ക്ക് മത്സര ടിക്കറ്റില്ലാത്ത 3 പേരെ വരെ ഖത്തറിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള 1+3 പോളിസി അടുത്തിടെയാണ് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അധികൃതർ പ്രഖ്യാപിച്ചത്. 

ഹയാ കാർഡ് ഉടമ 3 പേരുടെ വിവരങ്ങൾ ഹയാ കാർഡുമായി ലിങ്ക് ചെയ്യണം.   നവംബർ 20 മുതൽ ഡിസംബർ 6 വരെയുള്ള ഗ്രൂപ്പ് ഘട്ടത്തിനിടെയാണ് ഹയാ കാർഡ് ഉടമയ്ക്ക് ഒപ്പമുള്ള 3 പേർക്ക് ഫാൻ സോണുകളിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുമായി നടക്കുന്ന ലോകകപ്പ് കാഴ്ചകൾ ആസ്വദിക്കാൻ അവസരം ലഭിക്കുക.

 

world-cup-bus

ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്ക് യാത്രയ്ക്ക് 2,300 കർവ ബസുകൾ

 

ദോഹ∙ ഫിഫ ലോകകപ്പിന് 58 ദിനങ്ങൾ മാത്രം ശേഷിക്കെ, കാണികൾക്ക് സ്റ്റേഡിയങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കാൻ തയാറെടുത്ത് പൊതുഗതാഗത കമ്പനി മൗസലാത്തിന്റെ (കർവ) ബസുകൾ.

   ഇന്നലെയാണ് മൗസലാത്തിന്റെ  2,300 ബസുകൾ 2 ദിവസം നീണ്ട പരീക്ഷണ ഓട്ടം പൂർത്തിയാക്കിയത്. ലോകകപ്പിൽ കാണികൾക്ക് സ്റ്റേഡിയങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര ഒരുക്കുന്നത് കർവ ബസുകളിലാണ്. കൃത്യമായ ഇടവേളകളിൽ കാണികളുമായുള്ള യാത്ര എളുപ്പമാക്കുന്നതിൽ ബസുകളുടെ  പ്രവർത്തനക്ഷമത പരിശോധിക്കാൻ ലക്ഷ്യമിട്ടാണ് പരീക്ഷണ ഓട്ടം നടത്തിയത്. 

   കഴിഞ്ഞ 2 ദിവസങ്ങളിലായി അഹമ്മദ് ബിൻ അലി, ഖലീഫ ഇന്റർനാഷനൽ, അൽ തുമാമ, അൽ ബെയ്ത്, അൽ ജനൗബ്, സ്റ്റേഡിയം 974, എജ്യൂക്കേഷൻ സിറ്റി, ലുസൈൽ എന്നീ 8 ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്കും ബസുകൾ സർവീസ് നടത്തി.

    സൂഖ് വാഖിഫ്, ഫിഫ ഫാൻ ഫെസ്റ്റിവൽ, വെസ്റ്റ്‌ബേ, ബർവ മദീനത്, ബർവ അൽ ജനൂബ് എന്നീ 5 ബസ് കേന്ദ്രങ്ങളിലായി 14,000 ജീവനക്കാരാണ് സർവീസ് നിരീക്ഷിക്കുന്നത്. 

ഇവരിൽ 9,000 പേർ ഡ്രൈവർമാരും 2,000 പേർ ഗ്രൗണ്ട് സ്റ്റാഫുകളും 3,000 പേർ പ്രവർത്തന വിഭാഗം ജീവനക്കാരുമാണ്.  കഴിഞ്ഞ മാസമാണ് 1,300 ബസുകൾ ഒറ്റ ദിവസം ട്രയൽ സർവീസ് നടത്തിയത്.

 1,552 റേഡിയോകൾ, 306 ടോക്ക് റൂമുകൾ, 500 ഓപ്പറേഷനൽ വാഹനങ്ങൾ, റിയൽ ടൈം ജിപിഎസ് ട്രാക്കിങ് ഓൺ ബോർഡ് ക്യാമറകൾ, സിസിടിവി ലൈവ് സ്ട്രീമിങ് എന്നിവയുടെ പ്രവർത്തനങ്ങളും പരിശോധിച്ചിരുന്നു. ബസുകളുടെയും ബസ് സ്‌റ്റേഷനുകളുടെയും പ്രവർത്തനക്ഷമത പരിശോധിച്ചു കഴിഞ്ഞു. 

 

ഇ-ബസുകൾ റെഡി

ദോഹ ∙ മെട്രോ യാത്രക്കാർക്കായി കർവയുടെ 90 മിനി ഇലക്ട്രോണിക് ബസുകൾ റെഡി. ദോഹ മെട്രോ യാത്രക്കാർക്കുള്ള ഫീഡർ ബസുകളായ മെട്രോ ലിങ്കിൽ സർവീസ് നടത്തുന്നതിനാണ് മിനി ഇ-ബസുകൾ. എല്ലാ ദോഹ മെട്രോ സ്‌റ്റേഷനുകളുടെയും 5 കിലോമീറ്റർ പരിധിക്കുള്ളിലാണ് യാത്രക്കാർക്ക് മെട്രോ ലിങ്ക് ബസുകളുടെ സേവനം ലഭിക്കുക.‌‌‌‌ എട്ടിൽ 6 ലോകകപ്പ് സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിച്ചാണ് ദോഹ മെട്രോ എന്നതിനാൽ ലോകകപ്പിനെത്തുന്ന ആരാധകർക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കാൻ ദോഹ മെട്രോയും സജ്ജമായി. റെഡ്, ഗ്രീൻ, ഗോൾഡ് എന്നീ 3 ലൈനുകളിലായാണ് ദോഹ മെട്രോ സർവീസ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com