ADVERTISEMENT

ഷാർജ∙ഷാർജയിൽ വൻ ലഹരിമരുന്ന് കടത്ത് ശ്രമം പൊലീസ് പരാജയപ്പെടുത്തി. 216 കിലോഗ്രാം ലഹരിമരുന്ന് പിടികൂടുകയും ചെയ്തു.  170 കിലോ ഹാഷിഷ്, 46 കിലോ ക്രിസ്റ്റൽ മെത്ത്, 500 ക്യാപ്റ്റഗൺ ഗുളികകൾ എന്നിവയാണു പിടിച്ചെടുത്തത്.  യുഎഇയിലെ ഒരു തുറമുഖം വഴിയാണു ലഹരിമരുന്ന് കടത്തി രാജ്യത്തുടനീളം വിതരണം ചെയ്യാൻ പദ്ധതിയിട്ടിരുന്നത്. ഇതുസംബന്ധമായി  ഷാർജയിലെ ഉദ്യോഗസ്ഥർക്കു രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന് അബുദാബിയിലെയും ഉമ്മുൽ ഖുവൈനിലെയും പൊലീസ് സേനയുടെ സഹായത്തോടെ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു പ്രഷ്യസ് ഹണ്ട് എന്ന ഓപറേഷൻ നടത്തുകയുമായിരുന്നുവെന്ന് ആന്റി നാർക്കോട്ടിക് വിഭാഗം ഡയറക്ടർ ലഫ്. കേണൽ മജീദ് അൽ അസം പറഞ്ഞു. ലഹരിമരുന്ന് സ്വീകരിക്കാൻ യുഎഇയിലെത്തിയ പ്രധാന പ്രതിയെ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു.  നിരീക്ഷണത്തിലായിരുന്ന പ്രതി സമീപത്തെ എമിറേറ്റിലെ വസതിയിലേക്കു പോകുന്നത് കണ്ട് ഉദ്യോഗസ്ഥർ പിന്തുടർന്നു. ലഹരിമരുന്ന് ഒളിപ്പിക്കാനുള്ള സംഭരണശാലയായാണ് ഇയാളുടെ വീട് ഒരുക്കിയതെന്ന് ലഫ്. കേണൽ അൽ അസം പറഞ്ഞു.  

അന്വേഷണത്തിൽ ചരക്ക് എത്തിച്ച സമയവും തുറമുഖവും കണ്ടെത്തി റെയ്ഡ് നടത്തുകയായിരുന്നു.  എപ്പോഴാണ് റെയ്ഡ് നടന്നതെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.  നാലു വ്യത്യസ്ത ക്രിമിനൽ സംഘങ്ങളുടേതാണ് ലഹരിമരുന്നെന്ന് അറസ്റ്റിലായവർ പറഞ്ഞു. ഓപ്പറേഷന്റെ ഭാഗമായി പിടിയിലായ മറ്റു പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.  സംശയാസ്പദമായ എല്ലാ പ്രവർത്തനങ്ങളും 8004654 എന്ന നമ്പറിലോ dea@shjpolice.gov.ae എന്ന വിലാസത്തിലോ അറിയിക്കുന്നതിലൂടെ ലഹരി മരുന്നിനെതിരായ പോരാട്ടത്തിൽ സഹായിക്കാൻ ലഫ്. കേണൽ മജീദ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

drugs2

ഷാർജയിൽ ലഹരിക്കെതിരെ പോരാട്ടം ശക്തം

ഷാർജ പൊലീസ് കഴിഞ്ഞ വർഷം 1,100 കിലോഗ്രാം ലഹരിമരുന്ന്  പിടികൂടുകയും വലിയ ലഹരിമരുന്ന് കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തുകയും ചെയ്തു.  822 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 251 കിലോഗ്രാം ഹെറോയിൻ, 94 കിലോഗ്രാം ഹാഷിഷ്, വിവിധ തരത്തിലുള്ള 3.4 ദശലക്ഷത്തിലേറെ ഗുളികകൾ എന്നിവ പിടിച്ചെടുത്തതായി പൊലീസിന്റെ വർഷാവസാന റിപ്പോർട്ട് വ്യക്തമാക്കുന്നു.  

135.4 ദശലക്ഷം ദിർഹം (36.8 ദശലക്ഷം ഡോളർ) കച്ചവട മൂല്യമുള്ള ലഹരിമരുന്ന് തുടർച്ചയായ പ്രവർത്തനങ്ങളിൽ പിടിച്ചെടുത്തു.  മേയിൽ 115 കിലോഗ്രാം ലഹരിമരുന്ന് പിടികൂടിയ ഓപറേഷൻ റസീദും ജൂണിൽ എമിറേറ്റിലെ പോർട്ട് ഖാലിദിൽ 215 കിലോഗ്രാം ക്രിസ്റ്റൽ മെത്തും ഹെറോയിനും പിടിച്ചെടുത്തപ്പോൾ ഓപറേഷൻ പൊയിസൺഡ് റോപ്പും ഇതിൽ ഉൾപ്പെടുന്നു.  

ലഹരിമരുന്ന് കടത്ത്, കൊലപാതകം, ബലാത്സംഗം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിന് ഉദ്യോഗസ്ഥർ വളരെ കഠിനാധ്വാനം ചെയ്യുന്നുവെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻചീഫ് മേജർ ജനറൽ സെയ്ഫ് അൽ ഷംസി പറഞ്ഞു. പോരാട്ടം തുടരുമെന്നും സേനയിലെ എല്ലാവരും കഴവിന്റെ പരമാവധി പ്രയത്നിക്കുന്നുവെന്നും ഗുരുതര കുറ്റകൃത്യങ്ങളുടെ നിരക്ക് 7.6 ശതമാനം കുറഞ്ഞുവെന്നത് വ്യക്തമാണെന്നും മേജർ ജനറൽ ഷംസി പറഞ്ഞു. 

അജ്ഞാതരായ കുറ്റവാളികൾക്കെതിരെ റജിസ്റ്റർ ചെയ്ത നിരക്ക് കഴിഞ്ഞ വർഷം 21 ശതമാനം വർധിച്ചു. എമിറേറ്റിലെ സുരക്ഷ നിലനിർത്തുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കിക്കൊണ്ടു ഷാർജ പൊലീസ് അത്യാധുനിക സാങ്കേതികവിദ്യയിൽ ശ്രദ്ധയൂന്നുകയും കുറ്റകൃത്യങ്ങൾ നടക്കുന്ന പ്രദേശങ്ങൾ കണ്ടെത്തുകയും തെരുവുകൾ സുരക്ഷിതമാക്കുന്നതിനുള്ള പദ്ധതികൾ ആരംഭിക്കുകയും ചെയ്യുന്നു.  വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പൊലീസ് കൺട്രോൾ റൂമുമായി നേരിട്ടു ബന്ധിപ്പിച്ചു പട്രോളിങ് വർധിപ്പിച്ചിട്ടുണ്ട്.  402 ഹൈടെക് ഉപകരണങ്ങളുള്ള ഒരു പുതിയ ലാബ് തുറന്നിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com