ADVERTISEMENT

ജിദ്ദ ∙ സൗദി അറേബ്യ 92–ാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ. തലസ്ഥാന നഗരിയായ റിയാദിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും റോഡുകളും പൊതു സ്ഥലങ്ങളും ദേശീയ പതാകകളാലും സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ചിത്രങ്ങളാലും അലങ്കരിച്ചു.

saudi-national-day1

അഭിമാനത്തിന്റെ മഹത്തായ ദിനം ആഘോഷിക്കാൻ ലക്ഷക്കണക്കിന് പൗരന്മാർ എത്തിയപ്പോൾ രാജ്യത്തുടനീളമുള്ള ചെറുതും വലുതുമായ നഗരങ്ങളിലും ഗവർണറേറ്റുകളിലും സൗദി പതാകകൾ പറന്നു. എല്ലാ സർക്കാർ കെട്ടിടങ്ങൾക്കും പൊതുസ്ഥലങ്ങൾക്കു മുന്നിലും വീടുകളിലും വാഹനങ്ങളിലും ദേശീയ പതാക ഉയർന്നു. 

saudi-national-day5

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വൈവിധ്യമാർന്ന ആഘോഷങ്ങൾ നടക്കുകയാണ്. പൗരൻമാരും പ്രവാസികളും വൈവിധ്യമാർന്ന പ്രവർത്തനങ്ങളും പരിപാടികളുമായി ആഘോഷങ്ങളിൽ പങ്കുചേരുന്നു. കഴിഞ്ഞ ശനിയാഴ്ച ആഘോഷങ്ങൾ ആരംഭിച്ചതു മുതൽ രാജ്യത്തുടനീളം ആവേശം അലയടിക്കുകയാണ്. യഥാർഥ ദേശസ്‌നേഹം പ്രകടിപ്പിക്കുന്നതിനുള്ള അതുല്യ നിമിഷമായാണ് ജനങ്ങൾ ഈ ദിനത്തെ കാണുന്നത്. 

saudi-national-day3

 

02

 ചരിത്രത്തിലെ എക്കാലത്തെയും വലിയ ആഘോഷങ്ങൾക്കാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.  ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റിയുടെ (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖ് ഇൗ മാസം 17 ന് 'ഇത് നമ്മുടെ വീടാണ്' എന്ന മുദ്രാവാക്യത്തിന് കീഴിലുള്ള ഒൻപത് ദിവസത്തെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ഇത് സെപ്റ്റംബർ 26 വരെ നീണ്ടു നിൽക്കും.

 

saudi-national-day7

 'എ ഹോംലാൻഡ് സല്യൂട്ട്' എന്ന മുദ്രാവാക്യത്തിൽ രാജ്യത്തുടനീളമുള്ള 13 പ്രധാന നഗരങ്ങളിലായി 34 പരിപാടികള്‍ നടക്കും. സൗദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എയർ ഷോയിൽ സൗദി ഫൈറ്റർ ജെറ്റുകൾ, മിലിട്ടറി, സിവിൽ എയർക്രാഫ്റ്റുകൾ എന്നിവ പങ്കെടുക്കും.  റോയൽ സൗദി എയർഫോഴ്സ് (ആർഎസ്എഎഫ്) ടൈഫൂൺ, എഫ്-155, ടൊർണാഡോ, എഫ്-15 സി വിമാനങ്ങൾ ഉപയോഗിച്ച് 14 നഗരങ്ങളിൽ എയർ ഷോകൾ നടത്തുന്നുണ്ട്. 

saudi-national-day2

 

saudi-national-day-3

നൂറു കണക്കിന് വിനോദ പരിപാടികൾ, പൈതൃക സംബന്ധിയായ ഷോകൾ, കരകൗശല വസ്തുക്കളുടെ പ്രദർശനം എന്നിവയും നടക്കുന്നുണ്ട്. 13 പ്രവിശ്യകളിലെയും. പൊതു പാർക്കുകളിൽ രാജ്യത്തിന്റെ ചരിത്രം ആഘോഷിക്കുന്ന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

saudi-national-day

 

രാജ്യത്തിന്റെ  അതുല്യമായ ദേശീയ പൈതൃകം ആഘോഷിക്കുന്ന കാർണിവലുകളും അരങ്ങേറുന്നുണ്ട്. വിവിധ നഗരങ്ങളിൽ കരിമരുന്ന് പ്രയോഗം നടക്കും. സൗദി അറേബ്യ എന്ന പേരിൽ രാജ്യത്തെ ഏകീകരിക്കുന്നതിനുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ വാർഷികമാണ് ദേശീയ ദിനം.

saudi-national-day8

 

1932ൽ ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൾ അസീസ് രാജാവിന്റെ രാജകൽപ്പന പ്രകാരം നജ്ദ് ഹെജാസ് എന്ന രാജ്യത്തിന്റെ പേര് സൗദി അറേബ്യ എന്ന് പുനർനാമകരണം ചെയ്തതിന്റെ സ്മരണയ്ക്കായി എല്ലാ സെപ്റ്റംബർ 23 നും ദേശീയ ദിനം ആഘോഷിക്കുന്നു.  

 

സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേതൃത്വത്തിൽ രാജ്യം സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനത്തിനും വികസന കുതിപ്പിലും മുന്നേറുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ദേശീയ ദിനം ആഘോഷിക്കുന്നത്. സൗദി അറേബ്യയെ ലോകത്തിന് മുന്നിൽ തുറന്നുകൊടുക്കുന്ന സാമ്പത്തിക സാമൂഹിക പരിഷ്കരണ പദ്ധതിയായ സൗദി വിഷൻ 2030 ന്റെ ശില്‍പിയാണ് കിരീടാവകാശി.

വിഷൻ 2030ന്റെ ഭാഗമായി നിയോം സിറ്റി, ദി ചെങ്കടൽ പദ്ധതി, ഖിദ്ദിയ, ജിദ്ദ പുനർവികസന പദ്ധതി തുടങ്ങിയ വികസന പദ്ധതികൾ നടപ്പാക്കുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.

 എല്ലാ മേഖലകളിലും സൗദി സ്ത്രീകൾ മുന്നേറ്റം നടത്തുന്ന സമയത്താണ് സൗദി അറേബ്യ 92-ാം ദേശീയ ദിനം ആഘോഷിക്കുന്നത്. 2016ൽ ആരംഭിച്ച വിഷൻ 2030 പരിഷ്‌കരണ പരിപാടിയുടെ കാതൽ സ്ത്രീ ശാക്തീകരണമാണ്.  ഇത് രാജ്യത്ത് സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനം കൊണ്ടുവന്നു.

സ്ത്രീകളുടെ അവകാശങ്ങൾ, പിന്തുണ, പരിചരണ പരിപാടികൾ എന്നിവ വർധിപ്പിച്ചു. അവരുടെ തൊഴിൽ അന്തരീക്ഷം  മെച്ചപ്പെടുത്തി. വിവിധ മേഖലകളിൽ  സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിൽ സമത്വത്തിന്റെ ഏകീകൃത രീതിയാണ് സൗദി  സ്വീകരിച്ചത്. സാമ്പത്തിക വികസനത്തിൽ സ്ത്രീകളുടെ ഇടപഴകൽ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ പരിഷ്കാരങ്ങൾ കൊണ്ടുവന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com