യോഗ്യരായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഒഡെപെക്; വ്യാജ റിക്രൂട്ടിങ് ഒഴിവാക്കാം

career-channel-how-to-create-a-professional-resume-career-tips
SHARE

അബുദാബി∙ സുതാര്യമായ റിക്രൂട്ട്മെന്റിലൂടെ വിദഗ്ധ തൊഴിലാളികളെ വാഗ്ദാനം ചെയ്ത് ഒഡെപെക് യുഎഇയിൽ. വിവിധ രാജ്യക്കാരായ 50ലേറെ തൊഴിലുടമകളെ വിളിച്ചുചേർത്ത് അബുദാബിയിൽ നടത്തിയ എംപ്ലോയർ കണക്ടിവിറ്റി യോഗത്തിലാണ് ആവശ്യാനുസരണം മികച്ച തൊഴിലാളികളെ എത്തിക്കുമെന്ന് ഉറപ്പു നൽകിയത്. ഓരോ തൊഴിലുടമകളുടെയും ആവശ്യം അനുസരിച്ച് ഉദ്യോഗാർഥികളെ കണ്ടെത്തുന്നതു മുതൽ തൊഴിൽ, ഭാഷാ പരിശീലനം നൽകി വിമാനം കയറ്റി അയയ്ക്കുന്നതു വരെയുള്ള ജോലികൾ ഒഡെപക് ഏറ്റെടുക്കും. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ (കെയ്സ്) സഹകരണത്തോടെയാണ് പരിശീലനം. സൗദിയിൽ എംപ്ലോയർ കണക്ടിവിറ്റി പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഒഴിവാക്കാം, വ്യാജ റിക്രൂട്ടിങ് 

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്ഥാപനം വഴി റിക്രൂട്ട്മെന്റ് തൊഴിലുടമയ്ക്കും ഉദ്യോഗാർഥികൾക്കും ഒരുപോലെ ആശ്വാസം പകരുമെന്ന് ഒഡെപെക് എംഡി കെ.എ. അനൂപ് മനോരമയോടു പറഞ്ഞു. വ്യാജ റിക്രൂട്ടിങ് ഏജൻസികളെ അകറ്റാനും ഇതിലൂടെ സാധിക്കും. 

ബന്ധപ്പെട്ട തസ്തികയ്ക്ക് യോഗ്യരായ ഉദ്യോഗാർഥിയെ ലഭിക്കുമെന്ന് തൊഴിലുടമയ്ക്കും വാഗ്ദാനം ചെയ്ത ജോലി തൊഴിലാളിക്കും ഉറപ്പാക്കാം. ഒരു തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിന് 30,000 രൂപയും വാറ്റുമാണ് ഫീസായി നൽകേണ്ടത്. തൊഴിലുടമ നൽകാത്ത പക്ഷം തൊഴിലാളി വഹിക്കേണ്ടിവരും. 

odep-meet-uae
ഒഡെപെക് അബുദാബിയിൽ സംഘടിപ്പിച്ച എംപ്ലോയർ കണക്ടിവിറ്റി മീറ്റിങിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഗ്ലോബൽ ഡയറക്ടർ വി.നന്ദകുമാർ പ്രസംഗിക്കുന്നു.

വിദേശ പഠനം

ലോകോത്തര യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്ന സ്റ്റഡി എബ്രോഡ് പദ്ധതി ഒഡെപെക്കിന്റെ നേതൃത്വത്തിൽ നവംബറിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നടത്തും. ലോകത്തെ മികച്ച 50 യൂണിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയത്തിന് വിദ്യാർഥികൾക്ക് അവസരമൊരുക്കും. വിദ്യാഭ്യാസ വായ്പാ സൗകര്യവും ലഭ്യമാക്കും.

ഗൾഫിൽ ഏപ്രിലിൽ 

പ്രവാസി വിദ്യാർഥികൾക്കായുള്ള സ്റ്റഡി എബ്രോഡ് പദ്ധതി ഏപ്രിലിൽ ജിസിസി രാജ്യങ്ങളിൽ നടത്തും. താൽപര്യമുള്ള വിദ്യാർഥികൾക്ക് ഒഡെപെക് വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം.

അബുദാബിയിൽ നടന്ന കണക്ടിവിറ്റി മീറ്റിൽ ഒഡെപെക് ചെയർമാൻ കെ.പി. അനിൽകുമാർ, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സുനിൽകുമാർ, കെയെസ് എംഡി കെ.ഗോപാലകൃഷ്ണൻ ഐഎഎസ്, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ മേധാവി സാവിയോ മാത്യു, ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഗ്ലോബൽ ഡയറക്ടർ വി.നന്ദകുമാർ, എൻഎസ്ഡിസി ഇന്റർനാഷനൽ ഇന്ത്യൻ വർക്ക് ഫോഴ്സ് മൊബിലിറ്റി പ്രോജക്ട് മേധാവി മോനിക്കൽ മിത്തൽ,  സിബി സുധാകരൻ (ഐബിപിസി) എന്നിവർ പങ്കെടുത്തു.

ഉടമയുടെയും തൊഴിലാളികളുടെയും അവകാശം സംരക്ഷിക്കാനും നടപടി

∙ റിക്രൂട്ട്മെന്റ് സംബന്ധിച്ച് വിവിധ കമ്പനികളുമായി ഒഡെപെക് കരാർ ഉണ്ടാക്കും. 

∙ ഓരോ തസ്തികയിലും ശമ്പളത്തിനു പുറമെ താമസം, ഭക്ഷണം, ഇൻഷുറൻസ്, അവധി, യാത്ര ടിക്കറ്റ് തുടങ്ങി മറ്റു ആനുകൂല്യങ്ങളെക്കുറിച്ച് വിശദമാക്കുന്ന കരാറിൽ തൊഴിലുടമയും തൊഴിലാളിയും ഒപ്പുവയ്ക്കും. ഇത് ഇരുകൂട്ടരുടെയും അവകാശം സംരക്ഷിക്കും. 

∙ ആദ്യ കരാർ അവസാനിക്കുംവരെ ഒഡെപെക് ഇടപെടും.  കരാർ പാലിക്കാതെ തൊഴിലാളി മടങ്ങിയാൽ മറ്റൊരു തൊഴിലാളിയെ സൗജന്യമായി എത്തിക്കും. 

∙കരാർ പ്രകാരമുള്ള ശമ്പളവും ആനുകൂല്യവും തൊഴിലാളിക്ക് ലഭിക്കുന്നെന്ന് നിരന്തര നിരീക്ഷണത്തിലൂടെ ഉറപ്പാക്കും. 

∙ അതതു രാജ്യങ്ങളിലെ നിയമം അനുസരിച്ച് മാന്യമായ വേതനം ലഭിക്കുമെന്ന് ബോധ്യപ്പെട്ടാലേ റിക്രൂട്ട്മെന്റുമായി മുന്നോട്ടുപോകൂ. 

∙ ഐടി ഒഴികെയുള്ള എല്ലാ മേഖലകളിലും പരിശീലനം നൽകാൻ ഒഡെപെകിന് സംവിധാനം.  രണ്ടാംവട്ട ചർച്ചയ്ക്കുശേഷം കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ട് റിക്രൂട്ടിങ് തുടങ്ങും.

- കെ.എ. അനൂപ്, ഒഡെപെക് എംഡി 

English Summary : Odepc offers skilled workforce through transparent recruitment in UAE

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA