ഗ്ലോബൽ വില്ലേജിന്റെ 27–ാം സീസൺ: വിഐപി ടിക്കറ്റ് വിൽപന സൂപ്പർഹിറ്റ്

Mail This Article
ദുബായ്∙ കൗതുക കാഴ്ചകളുടെ കലവറയായ ഗ്ലോബൽ വില്ലേജിന്റെ 27-ം സീസണിലേക്കുള്ള ആദ്യഘട്ട വിഐപി ടിക്കറ്റ് ഒന്നര മണിക്കൂറിനകം വിറ്റുപോയി. വിർജിൻ മെഗാസ്റ്റോർ വെബ്സൈറ്റ് വഴി ഇന്നലെ ഔദ്യോഗിക വിൽപന ആരംഭിച്ച ഉടൻ തന്നെ വിറ്റുപോകുകയായിരുന്നു. ഈ മാസം 17 മുതൽ 22 വരെ 70 ദിർഹം നൽകി ബുക്ക് ചെയ്തവർക്കാണ് ഇന്നലെ വിഐപി പാക്ക് ലഭിച്ചത്. രണ്ടാംഘട്ട വിൽപന ഉടൻ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ഒക്ടോബർ 25ന് തുറക്കുന്ന ആഗോളഗ്രാമത്തിലേക്കുള്ള പ്രവേശന ടിക്കറ്റ്, വിവിധ വിനോദ പരിപാടികൾ ആസ്വദിക്കാനുള്ള പ്രീമിയം ടിക്കറ്റുകൾ, ഡിസ്കൗണ്ട് കൂപ്പൺ, മജ് ലിസ് ഓഫ് ദ് വേൾഡിൽ റിസർവേഷൻ വൗച്ചർ, കാർപാർക്കിങ് സ്റ്റിക്കർ തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ അടങ്ങിയ വിഐപി പാക്ക് വാങ്ങുന്നവരിൽ നിന്ന് നറുക്കെടുത്ത് വിജയിക്കു സ്വർണ നാണയവും 27,000 ദിർഹമും സമ്മാനവും നൽകുന്നു.
ഡയമണ്ട്, പ്ലാറ്റിനം, ഗോൾഡ്, സിൽവർ തുടങ്ങി ലഭ്യമാകുന്ന സൗകര്യങ്ങൾക്ക് അനുസരിച്ച് 1600 മുതൽ 6000 ദിർഹം വരെ വിലയുള്ള വിഐപി പാക്കുണ്ട്. ഓൺലൈനിൽ ബുക്ക് ചെയ്യുന്ന സമയത്ത് നൽകുന്ന മേൽവിലാസത്തിൽ വീട്ടിലെത്തിക്കും. വിഐപി പാക്ക് ഉടമകൾക്കു ഗ്ലോബൽ വില്ലേജിനു പുറത്തുള്ള ബുർജ് അൽ അറബ്, സീ ബ്രീസ് (ജെപിആർ), റോക്സി സിനിമ, ഗ്രീൻ പ്ലാനറ്റ്, ലഗുന വാട്ടർ പാർക്ക്, ദുബായ് പാർക്സ് ആൻഡ് റിസോർട്ട് എന്നിവിടങ്ങളിൽ ഇളവും ലഭിക്കും.
English Summary: VIP ticket sale in global village season 27 is super hit