ADVERTISEMENT

ദോഹ∙ ഖത്തറിലെ ദോഹ, ഹമദ് വിമാനത്താവളങ്ങൾക്ക് ഫിഫ ലോകകപ്പിനിടെ മണിക്കൂറിൽ 100 വിമാനങ്ങൾ  കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടെന്ന് അധികൃതർ. സ്വന്തമായി വ്യോമ മേഖല യാഥാർത്ഥ്യമായതോടെയാണ് വിമാനങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷിയും വർധിച്ചത്.

 

ഈ മാസം 8നാണ് ലോകകപ്പുമായി ബന്ധപ്പെട്ട പുതിയ വ്യോമമേഖലാ ഡിസൈൻ പദ്ധതി ഉൾപ്പെടെയുള്ള എല്ലാ പദ്ധതികളും നയങ്ങളും ഖത്തർ എയർ ട്രാഫിക് കൺട്രോൾ സെന്റർ ആക്ടിവേറ്റ് ചെയ്തതെന്ന് സെന്റർ പ്രതിനിധി മുഹമ്മദ് അൽ അസ്മാക് വ്യക്തമാക്കി.

 

ലോകകപ്പിനിടെ പ്രതിദിനം 1,600 വിമാനങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി രാജ്യത്തെ രാജ്യാന്തര വിമാനത്താവളങ്ങൾക്കുള്ളത്. ഒരേ സമയം 2 വിമാനങ്ങൾ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്കും ഒന്ന് ദോഹ രാജ്യാന്തര വിമാനത്താവളത്തിലേക്കും എത്തുന്ന  തരത്തിലാണ് പുതിയ വ്യോമ മേഖലയുടെ ഡിസൈൻ.

 

2 വിമാനത്താവളങ്ങളിൽ നിന്നായി 3 വിമാനങ്ങളുടെ ടേക്ക് ഓഫും ഇതേ സമയങ്ങളിലായി നടക്കും. വിമാനങ്ങളുടെ സഞ്ചാരത്തിൽ കാലതാമസം ഉണ്ടാകാതിരിക്കാൻ അയൽരാജ്യങ്ങളിലെ എയർ ട്രാഫിക് അധികൃതരുമായി സഹകരിച്ചാണ് പ്രവർത്തനം.

 

ഖത്തറിന്റെ എയർ ട്രാഫിക് കൺട്രോളർമാരുടെ എണ്ണവും 160 ആക്കി വർധിപ്പിച്ചു. 2 വിമാനത്താവളങ്ങളിലും സർവെയ്‌ലൻസ് ടവർ, കാലാവസ്ഥാ നിയന്ത്രണം, ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജൻ എന്നിവിടങ്ങളിലുമായാണ് കൺട്രോളർമാരെ വിന്യസിപ്പിച്ചത്.

 

ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജനിലും സർവെയ്‌ലൻസ് ടവറിലും സിമുലേറ്ററുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകളും സംവിധാനങ്ങളുമാണ് എയർ ട്രാഫിക് സുഗമമാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഫിഫ ലോകകപ്പിൽ കാണികളുമായെത്തുന്ന വിമാനങ്ങളെ സ്വീകരിക്കാൻ ഖത്തറിന്റെ എയർ ട്രാഫിക് പൂർണ സജ്ജമായി കഴിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com