ADVERTISEMENT

ദോഹ ∙ ഫിഫ ഖത്തര്‍ ലോകകപ്പിന് സ്വാഗതമേകി മലയാളി സമാജത്തിന്റെ കേരളോത്സവം ഈ മാസം 30ന് നടക്കും. 1001 കലാകാരന്മാരെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന കേരളോത്സവം 30ന് ഉച്ചയ്ക്ക് മൂന്നു മുതല്‍ അബു ഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് നടക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദോഹയിലെ വിവിധ കലാ, സാംസ്‌കാരിക, കായിക അസോസിയേഷനുകളുടെയും ഇന്ത്യന്‍ സ്‌കൂളുകളുടെയും സഹകരണത്തോടെയാണ് കേരളോത്സവം നടത്തുന്നത്. ഖത്തര്‍ ലോകകപ്പിന് മലയാളി സമൂഹത്തിന്റെ ആദരമൊരുക്കുന്ന കേരളോത്സവത്തിലേയ്ക്ക് 5,000-8000 പേരെയാണ് പ്രതീക്ഷിക്കുന്നത്. 

 

മെഗാ നൃത്താവിഷ്‌ക്കാരം, മെഗാ തിരുവാതിര, ഒപ്പന, മാര്‍ഗ്ഗംകളി, നാടന്‍ പാട്ട് തുടങ്ങി നിരവധി കലാപരിപാടികള്‍ കേരളോത്സവത്തില്‍ അവതരിപ്പിക്കും. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാംപ്റ്റന്‍ ഐ. എം.വിജയന്‍ മുഖ്യാതിഥി ആയിരിക്കും. ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തല്‍ പങ്കെടുക്കും. ദോഹയിലെ വിവിധ മേഖലകളില്‍ പ്രതിഭകളായവര്‍ക്കുള്ള പുരസ്‌കാരവും കേരളോത്സവത്തില്‍ വിതരണം ചെയ്യും. 

 

ലൈഫ് ടൈം അച്ചീവ് മെന്റിന് ഖത്തറിലെ ദീര്‍ഘകാല പ്രവാസിയും വ്യവസായിയുമായ എ.കെ. ഉസ്മാനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.  സഫീറുറഹ്‌മാന്‍ (കായികം), അബ്ദുസലാം (സാമൂഹിക സേവനം), സുപ്രിയ ജഗദീപ് (വിദ്യാഭ്യാസം), നബീസക്കുട്ടി (ബിസിനസ്), മല്ലിക ബാബു (കല), ലിന്‍ഷ ആനി ജോര്‍ജ് (ആരോഗ്യം) എന്നിവര്‍ക്കാണ് മറ്റ് പുരസ്‌കാരങ്ങള്‍. 

 

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ആനന്ദ് നായര്‍, സെക്രട്ടറി റിയാസ് അഹമ്മദ്, ചെയര്‍പേഴ്സണ്‍ ലത ആനന്ദ്, വൈസ് പ്രസിഡന്റുമാരായ ബദറുദ്ദീന്‍ സി മുഹമ്മദ്, എന്‍ വേണുഗോപാല്‍, ട്രഷറര്‍ വീണ ബിദ, അന്‍വര്‍ ഹുസൈന്‍, ഷോ ഡയറക്ടര്‍ കൃഷ്ണന്‍ ഉണ്ണി എന്നിവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com