കാണികൾക്കായി കൂടുതൽ ബസുകൾ നിരത്തിലേക്ക്; ലോകകപ്പിന് പൊതുഗതാഗത സൗകര്യം കൂട്ടി കർവ

karwa-bus
ഇക്കഴിഞ്ഞ സൂപ്പർ കപ്പിനിടെ ലുസൈൽ സ്റ്റേഡിയത്തിലേയ്ക്ക് കാണികളെ ഇറക്കുന്ന കർവ ബസുകൾ.
SHARE

ദോഹ ∙ ഫിഫ ലോകകപ്പിൽ കാണികൾക്ക് യാത്ര ചെയ്യാൻ 4,000 ബസുകൾ റെഡി. പൊതുഗതാഗത കമ്പനിയായ മൊവലാത്തിന്റെ (കർവ) 4,000 ബസുകളിൽ സ്റ്റേഡിയം എക്‌സ്പ്രസ് ബസുകൾക്ക് പുറമെ പബ്ലിക് ട്രാൻസിറ്റ് ബസുകളും ഉൾപ്പെടും. 850 ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ 2,300 പുതിയ ബസുകൾ കൂടി കർവയുടെ വാഹന ശ്രേണിയിലേക്ക് എത്തിയതോടെയാണ് ബസുകളുടെ എണ്ണം ഉയർന്നത്.

യൂറോ-6 എൻജിനിൽ പ്രവർത്തിക്കുന്ന ആർഡബ്ല്യു ടെക്‌നോളജിയിലുള്ള 1,600 ഹൈബ്രിഡ് ബസുകളും കർവയ്ക്കുണ്ട്. പരിസ്ഥിതി സൗഹൃദ ഗതാഗത സൗകര്യം ലക്ഷ്യമിട്ടാണ് ഇലക്ട്രിക്, ഹൈബ്രിഡ് ബസുകൾ നിരത്തിലിറക്കുന്നത്. ലോകകപ്പ് സമയത്ത് കർവയുടെ 800 ടാക്‌സികൾ കൂടി സർവീസ് നടത്തും.

അടുത്തിടെ ഫോക്‌സ് ട്രാൻസ്‌പോർട്ടിന്റെ പങ്കാളിത്തത്തോടെ കർവ-ഫോക്‌സ് ഇക്കോണമി സർവീസിന് കീഴിൽ തുടക്കമിട്ട 1,300 പുതിയ ടാക്‌സികൾ കൂടാതെയാണിതെന്ന് മൊവസലാത്ത് പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ഖാലിദ് കാഫൗദ് വ്യക്തമാക്കി.

കർവ ടാക്‌സി ആപ്പിലൂടെ ബജറ്റിന് അനുയോജ്യമായ ടാക്‌സി സേവനമാണ് കർവ നൽകുന്നത്. രാജ്യത്തുടനീളം ഇലക്ട്രിക് ബസ് ചാർജിങ് സ്റ്റേഷനുകളും പൂർണതോതിൽ പ്രവർത്തനസജ്ജമാണ്. അതിവേഗ ചാർജിങ് സ്റ്റേഷനുകളും സ്ഥാപിച്ചു കഴിഞ്ഞു. ലോകകപ്പിന് ഏറ്റവുമധികം ഇലക്ട്രിക് ബസുകളും ഇലക്ട്രിക്, ഹൈബ്രിഡ് ടാക്‌സികളും ഉപയോഗിക്കുന്ന ആദ്യ ആതിഥേയ രാജ്യം കൂടിയാണ് ഖത്തർ.

കാർബൺ നിഷ്പക്ഷ ലോകകപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണിത്. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് 80 റൂട്ടുകളിലായി പുതിയ 2,300 ടൂർണമെന്റ് സർവീസ് ബസുകൾ 2 പരീക്ഷണ ഓട്ടം നടത്തിയത്. ദോഹ മെട്രോയുടെ മെട്രോ ലിങ്ക് ബസ് ശ്രേണിയിലേക്കും പുതിയ 90 ഇലക്ട്രിക് ബസുകൾ എത്തിക്കഴിഞ്ഞു. 

karwa
കർവ മിനി ഇ-ബസുകൾ.

മിനി ഇ-ബസുകൾ ഒക്ടോബർ 2 മുതൽ

ദോഹ ∙ മെട്രോ യാത്രക്കാർക്കായി 90 മിനി ഇലക്ട്രിക് ബസുകൾ ഒക്‌ടോബർ 2 മുതൽ സർവീസ് നടത്തും. മെട്രോ സ്‌റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്കുള്ള സൗജന്യ മെട്രോ ലിങ്ക് ഫീഡർ ബസുകളുടെ ശ്രേണിയിലേയ്ക്കാണ് പുതിയ 90 മിനി ഇലക്ട്രിക് ബസുകൾ എത്തിയത്. ദോഹയുടെ പരിസ്ഥിതിക്ക് അനുയോജ്യമായ തരത്തിൽ കസ്റ്റമൈസ് ചെയ്തവയാണിത്.

പ്രത്യേക പരിചരണം ആവശ്യമുള്ള യാത്രക്കാർക്ക് ഏറ്റവും സൗകര്യപ്രദമായ ബസുകളാണിത്. പാർപ്പിട മേഖലയിലേയ്ക്കുള്ള യാത്രക്കാർക്കായാണ് മിനി ഇ-ബസുകൾ സർവീസ് നടത്തുന്നത്. മണിക്കൂറിൽ 163 കിലോവാട്ട് ബാറ്ററി ശേഷിയുള്ള 60 മിനി ബസുകളും  211 കിലോവാട്ട് ശേഷിയുള്ള 30 ഇടത്തരം വലുപ്പത്തിലുള്ള ബസുകളുമാണ് മിനി ഇ-ബസുകളിലുള്ളത്. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ സംവിധാനങ്ങളും ബസുകളിലുണ്ട്. എല്ലാ ബസുകളിലും 360-ഡിഗ്രി ക്യാമറകളും സെൻസറുകളും ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ ചലനത്തിന്റെ പൂർണദൃശ്യം  ഡ്രൈവർക്ക് കൃത്യമായി ലഭിക്കും.

ബാറ്ററികളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഇന്റലിജന്റ് എനർജി കൺട്രോൾ സംവിധാനമുള്ളതിനാൽ ഉയർന്ന ഊർജ കാര്യക്ഷമത ഉറപ്പാക്കും. എൽഇഡി ലൈറ്റിങ് സംവിധാനമാണ് ഇവയിലുള്ളത്. അലാറം സംവിധാനങ്ങളുമുണ്ട്.

കാൽനടയാത്രക്കാരൻ റോഡ് കുറുകെ കടക്കുമ്പോഴും മറ്റും വേഗത കുറയ്ക്കാൻ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നതിനാണിത്. കാണികൾക്ക് സുഗമ യാത്ര ഒരുക്കാനായി കഴിഞ്ഞ ദിവസം ആരംഭിച്ച സമഗ്ര പരിശോധനാ നടപടികൾ 19 റൂട്ടുകളിലായി  10 ദിവസം നീളും. വാഹനത്തിന്റെ മൈലേജ്, ഊർജ കാര്യക്ഷമത എന്നിവ പരിശോധിക്കുകയാണ് ലക്ഷ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}