ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ മൊബൈൽ ആപ്പുമായി ഫിഫ

Mail This Article
ദോഹ∙ ഫിഫ ലോകകപ്പ് ടിക്കറ്റുകൾ മൊബൈൽ ആപ് വഴി ഡൗൺലോഡ് ചെയ്യാൻ സൗകര്യമൊരുങ്ങുന്നു. ഒക്‌ടോബർ രണ്ടാം വാരം മൊബൈൽ ടിക്കറ്റിങ് ആപ്പ് പുറത്തിറക്കും. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഫിഫയാണ് പുതിയ ആപ്പ് പുറത്തിറക്കുന്നത്.
ടിക്കറ്റെടുത്തവർക്ക് ഈ ആപ്പിലൂടെ ടിക്കറ്റുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ടിക്കറ്റ് വിൽപനയുടെ ആദ്യ 2 ഘട്ടങ്ങളിലും നിലവിലെ അവസാന ഘട്ടങ്ങളിലും ടിക്കറ്റെടുക്കുന്നവർക്കെല്ലാം ആപ്പിലൂടെ മൊബൈൽ ടിക്കറ്റ് ലഭിക്കും. ഒന്നിലധികം മത്സരങ്ങൾക്ക് ടിക്കറ്റെടുത്തവരുടെ ടിക്കറ്റുകൾ വിവിധ സമയങ്ങളിലായിട്ടാണ് ആപ്പിൽ ലഭ്യമാകുക.
മൊബൈൽ ടിക്കറ്റ് ആപ്പ് പുറത്തിറക്കുന്നതോടെ അതിഥികൾക്ക് ടിക്കറ്റ് നൽകുന്നത്, സ്‌റ്റേഡിയത്തിലേക്കുള്ള പ്രവേശനം തുടങ്ങി എല്ലാ വിവരങ്ങളെക്കുറിച്ചും ഫിഫ അധികൃതർ അപ്‌ഡേറ്റ് ചെയ്യും.
ഫാൻ ഐഡി നിർബന്ധം
ടിക്കറ്റെടുത്ത എല്ലാ ആരാധകർക്കും ഫാൻ ഐഡി അഥവാ ഹയാ കാർഡ് നിർബന്ധമാണ്. വിദേശ ആരാധകരെ സംബന്ധിച്ച് ഖത്തറിലേക്കുള്ള പ്രവേശന വീസ കൂടിയാണിത്. ടിക്കറ്റെടുത്ത ശേഷം ഹയാ കാർഡിനായി അപേക്ഷിക്കുന്നതിന് മുൻപായി ഖത്തറിൽ താമസസൗകര്യം ബുക്ക് ചെയ്യണം. ഡിസംബർ 18 ഫൈനൽ ദിനം വരെ ടിക്കറ്റ് വിൽപന തുടരും. നവംബർ 20 മുതൽ ഡിസംബർ 18 വരെ 8 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ടിക്കറ്റുകൾക്ക്: https://www.fifa.com/fifaplus/en/tickets