ADVERTISEMENT

ദോഹ∙ ലോകകപ്പ് സമയത്ത് രാജ്യത്തുടനീളം ഫാൻ സോണുകളിൽ കോവിഡ് റാപ്പിഡ് ആന്റിജൻ പരിശോധനാ ബൂത്തുകൾ സജ്ജമാക്കാൻ പദ്ധതിയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷൻ മേധാവി ഡോ.സോഹ അൽ ബെയ്ത്. മിതമായ നിരക്കിൽ പരിശോധന ലഭ്യമാക്കും.

 

ഇതിനു പുറമെ രാജ്യത്തെ 28 ഹെൽത്ത് സെന്ററുകളിലും നൂറോളം സ്വകാര്യ ക്ലിനിക്കുകളിലും ആന്റിജൻ പരിശോധനാ സൗകര്യമുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ 'വൻകിട കായിക ഇവന്റുകൾ സുരക്ഷിതമായും ആരോഗ്യകരമായും നടത്താമെന്നത്' സംബന്ധിച്ച വെബ്ബിനാറിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

 

ലോകകപ്പ് കാണാൻ എത്തുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ നിലവിലെ യാത്രാ നയം അനുസരിച്ച് കോവിഡ് വാക്‌സിനേഷൻ നിർബന്ധമല്ലെങ്കിലും എല്ലാവരും വാക്‌സിനേഷൻ പൂർത്തിയാക്കി വേണം വരാൻ എന്നാണ് മന്ത്രാലയത്തിന്റെ നിർദേശം.ശൈത്യകാലത്താണ് ലോകകപ്പ് നടക്കുന്നത് എന്നതിനാൽ  ഖത്തറിലേയ്ക്കുള്ള യാത്രയ്ക്ക് മുൻപ് പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും അധികൃതർ അറിയിച്ചു.

 

രാജ്യത്തേക്ക് എത്തുന്ന ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്ക് സർക്കാർ ആശുപത്രികളിൽ റാപ്പിഡ് ആന്റിജൻ പരിശോധനയും മറ്റ് അടിയന്തര ആരോഗ്യ പരിചരണ സേവനങ്ങളും ലഭ്യമാണെന്നും ഡോ.സോഹ വ്യക്തമാക്കി. അടിയന്തര ആരോഗ്യ പരിചരണ സേവനങ്ങൾ സൗജന്യമായി ലഭിക്കും.

 

ലോകകപ്പിനിടെ ആരോഗ്യകരമായ പെരുമാറ്റം ഉറപ്പാക്കാൻ സന്ദർശകർക്കും പ്രാദേശിക കമ്യൂണിറ്റികൾക്കിടയിലും സമഗ്ര ബോധവൽക്കരണവും നടത്തുന്നുണ്ട്.  ഏതെങ്കിലും തരത്തിലുള്ള സാംക്രമിക രോഗങ്ങൾക്കുള്ള സാധ്യത വേഗത്തിൽ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും അതിവേഗ നിരീക്ഷണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com