ADVERTISEMENT

ദുബായ്∙ രൂപയുടെ തകർച്ചയും ചരക്ക് നീക്കത്തിന്റെ ചെലവ് കുറഞ്ഞതും യുഎഇയിൽ പണപ്പെരുപ്പം പിടിച്ചുനിർത്തുമെന്ന് പ്രതീക്ഷ. രൂപയ്ക്കെതിരെ ദിർഹം കരുത്താർജിച്ചതോടെ ഭക്ഷ്യവസ്തുക്കൾ വാങ്ങാനുള്ള രാജ്യത്തിന്റെ ശേഷി വർധിച്ചു. സാധനങ്ങൾ എത്തിക്കുന്നതിനുള്ള കണ്ടെയ്നറുകളുടെ ചെലവ് കുറയുകയും ചെയ്തതോടെ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 20% വരെ കുറവുണ്ടാകുമെന്നാണ് നിഗമനം.

 

ഇന്ത്യയ്ക്കൊപ്പം പാക്കിസ്ഥാൻ രൂപയുടെയും ബ്രിട്ടിഷ് പൗണ്ടിന്റെയും മൂല്യമിടിഞ്ഞതും യുഎഇക്കു നേട്ടമാകും. ദിർഹത്തിന്റെ മൂല്യമിടിയാത്തതിനാൽ കൂടുതൽ ഭക്ഷ്യവസ്തുക്കൾ കുറഞ്ഞ ചെലവിൽ ഇറക്കുമതി ചെയ്യാമെന്നതാണ് പ്രധാന നേട്ടം. ഇതിന്റെ പ്രതിഫലനം നേരിട്ടു വിപണിയിൽ അറിയാം. ഫ്രീറ്റ് നിരക്കിലുണ്ടാകുന്ന (കണ്ടെയ്നറുകളുടെ റേറ്റ്) വർധനയും ഭക്ഷ്യവസ്തുക്കളുടെ വിലയെയാണ്  നേരിട്ടു ബാധിച്ചിരുന്നത്. ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ഭക്ഷ്യ സാധനങ്ങൾ യുഎഇ ഇറക്കുമതി ചെയ്യുന്നത്.

 

ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന വലിയ കണ്ടെയ്നറുകളുടെ എണ്ണം വർധിച്ചതോടെ വാടകയിനത്തിലും കുറവുണ്ടായി. 20 അടി കണ്ടെയ്നറിന് 1100 ഡോളർ നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 375 ഡോളറാണ് വാടക. ഇത് 100 ഡോളർ വരെ താഴുമെന്നാണ് വിലയിരുത്തൽ. ചരക്കു നീക്കത്തിന്റെ ചെലവ് കുറയുന്നതോടെ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വിലയിലും  കുറവുണ്ടാകും. കണ്ടെയ്നറുകളുടെ വർധന അനുകൂലമാണ്. കഴിഞ്ഞ ആഴ്ച്ചവരെ 450 ഡോളറായിരുന്ന കണ്ടെയ്നർ വാടക ഒരാഴ്ച കൊണ്ടാണ് 375 ഡോളറിൽ എത്തിയത്.

 

ചരക്ക് നീക്ക ചെലവിൽ 57 ശതമാനം കുറവുണ്ടായതായി സാമ്പത്തിക വിദഗ്ധരും പറയുന്നു. കോവിഡ് കാലത്ത് ൈചനയിൽ കണ്ടെയ്നറുകളുടെ ആവശ്യം വർധിച്ചപ്പോഴാണ് വാടകയിനത്തിൽ വൻ വർധനയുണ്ടായത്. മധ്യപൂർവ മേഖലയിൽ കണ്ടെയ്നർ ക്ഷാമവും നേരിട്ടു. ഇറക്കുമതി ചെലവിലുണ്ടായ കുറവു തന്നെയാണ് പണപ്പെരുപ്പം പിടിച്ചു നിർത്താൻ സഹായിക്കുന്ന പ്രധാന ഘടകം. രൂപയുടെയും പൗണ്ടിന്റെയും ഇടിവോടെ ഈ രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങളുടെ ഇറക്കുമതി ചെലവു കുറഞ്ഞതായി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com