ADVERTISEMENT

ദുബായ് ∙ ഇന്നു (ബുധൻ) മുതൽ കോവിഡ്19 സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് പ്രാബല്യത്തിൽ ആയതിനെ തുടർന്ന് ദുബായ് വിമാനത്താവളങ്ങളിൽ മാസ്‌കുകൾ നിർബന്ധമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. ദുബായിലേയ്ക്കുള്ള സർവീസുകളിൽ വിമാനങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് എമിറേറ്റ്‌സും ഫ്ലൈദുബായും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി), ദുബായ് വേൾഡ് സെൻട്രൽ (ഡിഡബ്ല്യുസി) എന്നിവിടങ്ങളിൽ യാത്രക്കാർ മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെന്ന് എയർപോർട്ട് ഓപറേറ്ററുടെ പ്രസ്താവനയിൽ പറഞ്ഞു. 

വിമാനത്തിന്റെ ലക്ഷ്യസ്ഥാനങ്ങളിൽ ബാധകമായ നിയമങ്ങൾ അടിസ്ഥാനമാക്കി വിമാനക്കമ്പനികൾക്ക് ആവശ്യമാണെങ്കിൽ വിമാനത്തിൽ മാസ്ക് ധരിക്കാൻ യാത്രക്കാരോട് അഭ്യർഥിക്കാം. എല്ലാ ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ക്ഷേമത്തിനാണ് മുൻ‌ഗണന. സുരക്ഷിതവും ആരോഗ്യകരവുമായ വിമാനത്താവള അന്തരീക്ഷം ഉറപ്പാക്കാൻ ദുബായ് എയർപോർട്ടുകൾ റെഗുലേറ്ററി അതോറിറ്റികളുമായും എയർലൈനുകളുമായും സേവന പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുന്നു.

അബുദാബിയിലെ കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെത്തുടർന്ന് തങ്ങളുടെ ഫ്ലൈറ്റുകളിലെ മാസ്കുകൾ ഓപ്ഷണലാണെന്ന് ഇത്തിഹാദ് എയർവേസ് ചൊവ്വാഴ്ച പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകുന്നതിന് മുന്നോടിയായി സ്കൂളുകൾ, ഓഫീസുകൾ, മാളുകൾ, പൊതുസ്ഥലങ്ങൾ എന്നിവ ചൊവ്വാഴ്ച മാസ്ക് ധരിക്കാൻ അഭ്യർഥിച്ചുള്ള പോസ്റ്ററുകളും മറ്റും നീക്കം ചെയ്തു.

dubai-airport

ഐസൊലേഷൻ 5 ദിവസത്തേയ്ക്ക് മാത്രം

കോവിഡ്19 പോസിറ്റീവ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെയാണ് യുഎഇ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയത്. രോഗം ബാധിച്ചവർ അഞ്ചു ദിവസത്തേയ്ക്ക് മാത്രം ഐസൊലേറ്റ് ചെയ്താൽ മതിയാകും. അടുത്തിടപഴകുന്നവർക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ മാത്രം പിസിആർ പരിശോധന. അടച്ചിട്ട പൊതു ഇടങ്ങളിൽ എല്ലായിടത്തും മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെന്നും യുഎഇ ക്രൈസിസ് അതോറിറ്റി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 

പ്രായമായവരും നിശ്ചയദാർഢ്യമുള്ളവരും ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങളിൽ നിന്ന് അടുത്ത് ഇടപഴകിയവർ പിസിആർ പരിശോധന നടത്തണം. യുഎഇ മിക്ക കോവിഡ് സുരക്ഷാ നിയമങ്ങളും ലഘൂകരിച്ചതിനെ തുടർന്നാണിതെന്ന് അധികൃതർ പറഞ്ഞു. 

മിക്ക പൊതു സ്ഥലങ്ങളിലേയ്ക്കും ഫെഡറൽ സർക്കാർ വകുപ്പ് ഓഫീസുകളിലേയ്ക്കും പ്രവേശിക്കുന്നതിന് അൽ ഹൊസ്‌ൻ ആപ്പിലെ ഗ്രീൻ പാസ് പ്രാബല്യത്തിൽ തുടരും. എന്നാൽ ഇതിന്റെ കാലാവധി ഒരു മാസമായി ഉയർത്തിയിട്ടുണ്ട്. ഗ്രീൻ പാസ് നിലനിർത്താൻ താമസക്കാർക്ക് ഓരോ 30 ദിവസത്തിലും പിസിആർ പരിശോധനാ ഫലം നെഗറ്റീവ് ലഭിക്കണം. എന്നാൽ, ആരാധനാലയങ്ങളിലും ആശുപത്രികളിലും പൊതുഗതാഗത സംവിധാനങ്ങളിലും ആളുകൾ മാസ്ക് ധരിക്കേണ്ടത് ആവശ്യമാണ്.  

Dubai Mall uae coronavirus

പ്രധാന തീരുമാനങ്ങൾ

∙ സ്കൂളുകളിൽ അധ്യാപകരോ വിദ്യാർഥികളോ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല 

∙ കോവിഡ്-19 ഹോം ഐസൊലേഷൻ കാലാവധി 10 ദിവസത്തിൽ നിന്ന് അഞ്ചായി കുറച്ചു 

∙ മാസ്‌ക് നിർബന്ധമാണോ അല്ലയോ എന്ന് വിമാന കമ്പനികൾക്ക് തീരുമാനിക്കാം 

∙ അബുദാബി നിവാസികൾ അൽ ഹൊസ്‌ൻ ആപ്പ് പച്ചയായി നിലനിർത്താൻ 30 ദിവസത്തിലൊരിക്കൽ പരിശോധനകൾ നടത്തണം. മുമ്പ് ഇത് എല്ലാ 14 ദിവസങ്ങളിലും ആയിരുന്നു.

∙ കോവിഡ് -19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ വ്യക്തിയെ മാത്രമേ ക്വാറന്റീൻ ചെയ്യേണ്ടതുള്ളൂ. അവരുമായി അടുത്ത ബന്ധം പുലർത്തുന്ന ആളെ ക്വാറന്റീൻ ചെയ്യേണ്ടതില്ല

∙ ആരാധനാലയങ്ങളിൽ സാമൂഹിക അകലം ആവശ്യമില്ല  

∙ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം സർക്കാർ ഇനി പ്രസിദ്ധീകരിക്കില്ല  

∙ മാസ്ക് ധരിക്കാതെ ആളുകൾക്ക് മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, ബാറുകൾ, റസ്റ്ററന്റുകൾ എന്നിവ സന്ദർശിക്കാൻ കഴിയും. ഇതുവരെ, ആളുകൾ ഒരു കഫേയിലോ റസ്റ്റോറന്റിലോ ഇരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതുവരെ മാസ്ക് ധരിക്കണമായിരുന്നു.  

English Summary: UAE lifts Covid-19 mask wearing rules; face masks not mandatory in Dubai airports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com