ADVERTISEMENT

അബുദാബി∙ മാസ്ക് അഴിച്ചത് ആഘോഷമാക്കി യുഎഇയിലെ ജനങ്ങൾ. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രണ്ടര വർഷത്തോളം മാസ്കിൽ മറഞ്ഞ മുഖവുമായി കഴിയുകയായിരുന്നു ജനം. നിയന്ത്രണം പിൻവലിച്ച ഇന്നലെ പൊതുസ്ഥലങ്ങളിൽ മാസ്ക് ഇല്ലാതെ എത്തി ഷോപ്പിങ് നടത്തിയും കൂട്ടുകാരോടൊപ്പം സെൽഫിയെടുത്തും ആഘോഷമാക്കുകയായിരുന്നു ജനങ്ങൾ.

 

യുഎഇയിൽ പ്രത്യേകിച്ച് അബുദാബിയിൽ ഷോപ്പിങ് മാളുകളിലും പൊതുഇടങ്ങളിലും അടച്ചിട്ട മുറികളിലും മാസ്ക് നിർബന്ധമായിരുന്നു. ഈ നിയമമാണ്  പിൻവലിച്ചത്. ഇതോടെ ഷോപ്പിങ് മാളുകൾ, റസ്റ്ററന്റ് തുടങ്ങി പൊതുസ്ഥലങ്ങളിൽ എത്തുന്നവരുടെ എണ്ണം കൂടി. ഇതേസമയം അവശേഷിക്കുന്ന ഗ്രീൻ പാസ് നിയമം കൂടി മാറ്റിയിരുന്നെങ്കിൽ എന്ന് ആശിക്കുകയാണ് കച്ചവടക്കാർ.

 

മാസ്കില്ലാതെ ക്ലാസിലെത്തിയ വിദ്യാർഥികൾ. അബുദാബി ദ് മോഡൽ സ്കൂളിൽനിന്നുള്ള ദൃശ്യം.
മാസ്കില്ലാതെ ക്ലാസിലെത്തിയ വിദ്യാർഥികൾ. അബുദാബി ദ് മോഡൽ സ്കൂളിൽനിന്നുള്ള ദൃശ്യം.

ഷോപ്പിങ് മാളുകളിലേക്കും പൊതു ഇടങ്ങളിലേക്കും പ്രവേശിക്കാൻ ഇപ്പോഴും അബുദാബിയിൽ ഗ്രീൻ പാസ് നിർബന്ധമാണ്. പിസിആർ പരിശോധന നടത്തി നെഗറ്റീവ് ഫലമായാൽ 14 ദിവസത്തേക്കു ലഭിച്ചിരുന്ന ഗ്രീൻ പാസ് കാലാവധി 30 ദിവസമാക്കി വർധിപ്പിച്ചത് ആശ്വാസമാണെങ്കിലും‍ പൂർണമായും മാറ്റിയിരുന്നെങ്കിൽ കൂടുതൽ പേർ വ്യാപാര കേന്ദ്രങ്ങളിൽ എത്തുമെന്നാണ്ണ് കച്ചവടക്കാർ പറയുന്നത്.  ഇതേസമയം സ്വന്തം സുരക്ഷ ഓർത്ത് ചിലർ മാസ്ക് ധരിച്ചാണ് ഇന്നലെയും പുറത്തിറങ്ങിയത്.

 

രണ്ടര വർഷമായി ജീവിതത്തിന്റെ ഭാഗമായ മാസ്കിനെ പെട്ടെന്ന് ഊരി മാറ്റാനാവില്ലെന്ന നിലപാടിലായിരുന്നു ചിലർ. മനസ്സ് അതിനോടു പൊരുത്തപ്പെട്ടുവരട്ടെ, എന്നിട്ടു മാറ്റാം എന്നാണ് മലയാളികളിൽ ചിലർ പ്രതികരിച്ചത്. എന്നാൽ പിൻവലിച്ച വാർത്ത കേട്ടയുടൻ മാസ്കിനെ ഉപേക്ഷിച്ചവരാണ് ഭൂരിഭാഗവും.

Photo credit : Rawpixel.com/ Shutterstock.com
Photo credit : Rawpixel.com/ Shutterstock.com

 

ആഹ്ലാദത്തിൽ സ്കൂളുകൾ

Photo credit : Maridav / Shutterstock.com
Photo credit : Maridav / Shutterstock.com

 

ഇന്നലെ യുഎഇയിലെ വിവിധ സ്കൂളുകളിൽ എത്തിയ അധ്യാപകരും വിദ്യാർഥികളിൽ ഭൂരിഭാഗവും മാസ്ക് ധരിക്കാതെയാണ് എത്തിയത്.  രണ്ടര വർഷത്തിനു ശേഷം കൂട്ടുകാരുടെ മുഖത്തെ ചിരി നേരിൽ കണ്ട  സന്തോഷത്തിലാണ് വിദ്യാർഥികൾ. പലരിലും വന്ന മാറ്റങ്ങൾ കണ്ട് വിസ്മയിച്ചവരും ഏറെ.

Photo credit : Jag_cz/ Shutterstock.com
Photo credit : Jag_cz/ Shutterstock.com

 

എന്നാൽ പതിവു ശീലമായതിനാൽ മാസ്ക് ധരിച്ച് എത്തിയവരും കുറവല്ല. മറ്റു ചിലർ ബാഗിൽ കരുതിവച്ചിരുന്നു. അബുദാബിയിലെ സ്കൂളുകളിൽ ആൺകുട്ടികളിൽ ഭൂരിഭാഗം മാസ്ക് മാറ്റിയപ്പോൾ പെൺകുട്ടികളിൽ പലരും മാസ്ക് ധരിച്ചു. 

 

ആരാധന തോളോട് തോൾ ചേർന്ന്

 

രണ്ടര വർഷത്തിനുശേഷം തോളോടു തോൾ ചേർന്ന് പ്രാർഥന നിർവഹിച്ച സന്തോഷത്തിലാണ് ഇസ്‌ലാം മത വിശ്വാസികൾ. വിവിധ ഘട്ടങ്ങളിലായി കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിരുന്നെങ്കിലും ആരാധനാലയങ്ങളിൽ അകലം പാലിക്കലും മാസ്ക് ധരിക്കലും നിർബന്ധമായിരുന്നു. ഇന്നലെ മുതൽ അകലം പാലിക്കൽ അവസാനിപ്പിച്ചെങ്കിലും മാസ്ക് നിബന്ധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

 

മാസ്കിടേണ്ട ഇടങ്ങൾ

 

ഇതേസമയം ആശുപത്രി, പൊതുഗതാഗത വാഹനങ്ങൾ എന്നിവിടങ്ങളിലും മാസ്ക് നിബന്ധന തുടരും. അകലംവേണ്ട.

 

മാസ്ക് ഒഴിവാക്കി എയർലൈനുകൾ; യുഎഇ- ഇന്ത്യ യാത്രയ്ക്ക് ഇളവില്ല 

 

അബുദാബി∙ യുഎഇയിലെ ദേശീയ എയർലൈനുകളായ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എന്നിവയുടെ വിമാനങ്ങളിൽ ഇനി മാസ്ക് വേണ്ട. അതേസമയം ,ഇന്ത്യ മാസ്ക് നിബന്ധന പിൻവലിക്കാത്തതിനാൽ യുഎഇ–ഇന്ത്യ വിമാനങ്ങളിൽ മാസ്ക് ധരിക്കണം. യുഎഇയിൽനിന്ന് പുറപ്പെടുന്നതും തിരിച്ചുവരുന്നതുമായ മറ്റു സർവീസുകളിലാണ് ഇളവ്. വിമാനത്താവളത്തിലും നിർബന്ധമില്ല. ആവശ്യക്കാർക്ക് ധരിക്കാം. അതേസമയം, ട്രാൻസിറ്റ് യാത്രക്കാർ അതതു രാജ്യത്തെ നിബന്ധന പാലിക്കണം. യുഎഇയിൽ ഇന്നലെ മുതൽ മാസ്ക് നിബന്ധന നീക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com