ADVERTISEMENT

അബുദാബി∙ ടൂറിസം പാക്കേജിന്റെ പേരിൽ പണം തട്ടുന്ന വ്യാജ സംഘത്തിന്റെ വലയിൽ കുടുങ്ങിയവരിൽ മലയാളികളും. പണം നൽകിയ ശേഷം ട്രാവൽ ഏജൻസിയിൽ നിന്നു മറുപടി ലഭിക്കാതെ വന്നതോടെ നേരിട്ട് എത്തിയവർ കണ്ടത് അടഞ്ഞുകിടക്കുന്ന ഓഫിസ്.

 

വഞ്ചിതരായവർ പൊലീസിൽ പരാതി നൽകി. 22 പേരാണ് ഇതുവരെ പരാതിപ്പെട്ടത്. അബുദാബി ടൂറിസം ക്ലബ് ഏരിയയിൽ ഓഫിസ് എടുത്തു പ്രവർത്തിച്ച ലെഗസി ട്രാവൽ ആൻഡ് ടൂറിസം എൽഎൽഎസി എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. ഇവരുടെ ഫോൺ നമ്പറുകളെല്ലാം  പ്രവർത്തനരഹിതമാണ്.

 

വാഗ്ദാനങ്ങൾ ചതിക്കുഴികൾ

 

മാളുകൾ പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നവരിൽ നിന്നു വ്യക്തിഗത വിവരങ്ങൾ പൂരിപ്പിച്ചു വാങ്ങിയാണ് തട്ടിപ്പിന്റെ തുടക്കം. നറുക്കെടുപ്പിലെ ജേതാക്കൾക്ക് വിലപ്പെട്ട സമ്മാനം വാഗ്ദാനം ചെയ്താണ് വ്യക്തി വിവരങ്ങൾ ശേഖരിക്കുന്നത്. വിലപ്പെട്ട സമ്മാനം ലഭിച്ചെന്ന വിളിയാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം. പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് സമ്മാനാർഹരെ വിളിച്ചു വരുത്തും. മാന്യമായി സ്വീകരിച്ച് ഇരുത്തിയ ശേഷം കുറഞ്ഞ നിരക്കിൽ ആകർഷകമായ ടൂറിസം പാക്കേജുകൾ വിശദീകരിക്കും.

 

പറഞ്ഞുപറഞ്ഞ് വീഴ്ത്തും

 

താൽപര്യമില്ലെന്ന് അറിയിക്കുന്നവർക്കു മുന്നിൽ 'മാനേജർ' എത്തി വീണ്ടും ഡിസ്കൗണ്ട് നൽകും. എന്നിട്ടും വീണില്ലെങ്കിൽ ഉംറ പാക്കേജ് ഉൾപ്പെടെ തീർഥാടന യാത്ര വാഗ്ദാനം ചെയ്യും. ഒരു മണിക്കൂർ സംസാരത്തിനിടെ ഇരകളുടെ അഭിരുചി മനസ്സിലാക്കിയാണ് വിലപേശൽ. സാധാരണ മറ്റു ടൂറിസം കമ്പനിയുടെ തുകയെക്കാൾ പകുതി നിരക്കിൽ വിദേശ യാത്രാ പാക്കേജ് മുന്നോട്ടു വയ്ക്കുന്നതോടെ പലരും വീഴും.

 

5500 ദിർഹത്തിന് ഒരാഴ്ചത്തെ തുർക്കി യാത്രയ്ക്ക് അഡ്വാൻസായി 2000 ദിർഹം നൽകിയ പത്തനംതിട്ട സ്വദേശി ജേക്കബിനും 8000 ദിർഹത്തിനു 21 ദിവസത്തിനകം ഇഷ്ടമുള്ള 4 രാജ്യങ്ങളിൽ പോയി താമസിക്കാനുള്ള വാഗ്ദാനത്തിൽ കുടുങ്ങിയ പാലക്കാട് സ്വദേശി വിവേകിനുമാണ് പണം നഷ്ടപ്പെട്ടത്. 30,000 ദിർഹം വരെ നഷ്ടപ്പെട്ട വിവിധ രാജ്യക്കാരുണ്ട് കൂട്ടത്തിൽ. വീസ, വിമാന ടിക്കറ്റ്, ഹോട്ടൽ താമസം, ഭക്ഷണം, യാത്ര എല്ലാം ഉൾപ്പെടുന്നതാണ് കുറഞ്ഞ നിരക്ക് എന്ന് കേൾക്കുന്നതോടെ പണം നൽകാൻ പലരും തയാറാകും.

 

തുക മുഴുവനോ ഭാഗികമായോ തട്ടിപ്പുസംഘം യഥാസമയം ഈടാക്കും. പണം കൈവശമില്ലാത്തവരുടെ ക്രെഡിറ്റ് കാർഡിൽനിന്ന് വലിക്കും. പിന്മാറുന്നവർക്ക് തവണകളായി അടയ്ക്കാനും അവസരം നൽകും. ഇതോടെ ശേഷിച്ചവരും കുടുങ്ങും. പണം ലഭിച്ചാൽ സമ്മാനമായി ഒരു പൊതി നൽകും. അൽപം 'കന'മുള്ള സമ്മാനം ആകാംക്ഷയോടെ വീട്ടിലെത്തി തുറന്നു നോക്കിയപ്പോൾ 6 കുപ്പി ഗ്ലാസ്.! ലോകത്ത് എവിടെയും ഹോട്ടൽ താമസത്തിന് മുൻഗണന, ഡിസ്കൗണ്ട്,  മെഗാ ഇവന്റുകൾക്ക് സൗജന്യ ടിക്കറ്റ്, തീം പാർക്കുകളിൽ സൗജന്യ പ്രവേശനം തുടങ്ങി ആനുകൂല്യങ്ങൾ ഒട്ടേറെയുണ്ടെന്ന് ധരിപ്പിച്ച് അംഗത്വ കാർഡ് നൽകും.

 

ചിലർക്ക് പക്ഷനക്ഷത്ര ഹോട്ടലിൽ ഡിന്നർ ഒരുക്കി വിശ്വാസത്തിലെടുക്കും. വിദേശ യാത്ര പറഞ്ഞ സമയത്ത് നടക്കാതായതോടെ പണം തിരിച്ചു ചോദിച്ച് ചെല്ലുന്നതോടെ ഓഫിസ് പൂട്ടി മുങ്ങുന്ന സംഘം മറ്റൊരിടത്ത് ഓഫിസ് തുറന്ന് തട്ടിപ്പ് തുടരും. ഷോപ്പിങ് മാളുകളിൽ മാറി മാറിയാണ് പറ്റിക്കുന്നത്. കയ്യോടെ പിടികൂടിയാൽ 2 മാസത്തിനപ്പുറത്തെ തീയതിയിട്ട് ചെക്ക് നൽകി രക്ഷപ്പെടും.  ചെക്കും ബാങ്കിൽനിന്ന് മടങ്ങിയതോടെയാണ് പരാതിക്കാരുടെ എണ്ണം വീണ്ടും കൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com