ADVERTISEMENT

കുവൈത്ത് സിറ്റി ∙കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ജനപങ്കാളിത്തം. രാവിലെ 8ന് മന്ദഗതിയിൽ തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ടായതോടെ ശക്തമാകുകയായിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ പേർ വോട്ട് ചെയ്യാനെത്തിയതോടെ പോളിങ് ബൂത്തുകളിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. 

സമ്മതിദാനാവകാശം വേണ്ടവിധം വിനിയോഗിക്കണമെന്ന് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ അഭ്യർഥനയെ തുടർന്ന് നേരത്തെ വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചവർ വരെ വോട്ടുചെയ്യാൻ എത്തി.

5 മണ്ഡലങ്ങളിൽനിന്ന് 50 പേരെ തിരഞ്ഞെടുക്കുന്നതിനുള്ള മത്സരത്തിൽ 27 വനിതകൾ ഉൾപ്പെടെ 305 പേരാണ് മത്സരിച്ചത്. പിരിച്ചുവിടപ്പെട്ട സഭയിലെ അംഗങ്ങളും മുൻ എംപിമാരും ഇതിൽ  ഉൾപ്പെടും. വോട്ടെടുപ്പ് രാത്രി 8 വരെ നീണ്ടു. രാത്രി വൈകിയും വോട്ടെണ്ണൽ തുടർന്നു. 

വോട്ടെടുപ്പ് നിരീക്ഷിക്കാൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ ഉന്നത തല സംഘവും വിവിധ രാജ്യങ്ങളിൽനിന്ന് ക്ഷണിക്കപ്പെട്ട അതിഥികളും എത്തിയിരുന്നു.

തിരഞ്ഞെടുപ്പിനെ ജനാധിപത്യത്തിന്റെ കല്യാണം എന്നു വിശേഷിപ്പിച്ച കുവൈത്ത് ജനത മാറ്റത്തിനുള്ള അവസരമായി കണ്ട് വോട്ടെടുപ്പിൽ സജീവമായി പങ്കെടുത്തു. 

കൃത്രിമം തടയുന്നതിന് വിപുലമായ സംവിധാനം ഏർപ്പെടുത്തിയിരുന്നു. പണം നൽകി വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും അധികൃതർ തടഞ്ഞു. കള്ളവോട്ട് തടയാൻ 2 ഘട്ടങ്ങളിൽ തിരിച്ചറിയൽ കാർഡ് പരിശോധിച്ചിരുന്നു.പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള സർക്കാരും പാർലിമെന്റും തമ്മിലുള്ള തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ജൂണിൽ പിരിച്ചുവിടുകയായിരുന്നു. 

 2019 ഡിസംബറിലാണ് ഷെയ്ഖ് സബാഹ്  പ്രധാനമന്ത്രിയായി അധികാരമേറ്റത്. അവിശ്വാസ പ്രമേയത്തെ തുടർന്ന് 3 തവണ രാജി വയ്ക്കുകയും പിന്നീട് പുതിയ മന്ത്രി സഭ രൂപീകരിക്കുകയും ചെയ്തിരുന്നു. 2021 ഡിസംബറിലാണ് നിലവിലെ സർക്കാർ അധികാരമേറ്റിരുന്നത്. 10 വർഷത്തിനിടെ ആറാമത്തെ തിരഞ്ഞെടുപ്പാണിത്. 1962ൽ പാർലമെന്ററി സംവിധാനം നിലവിൽ വന്ന ശേഷം 18ാമത്തേതും.  

വോട്ട് ചെയ്യുന്നത് ഫോട്ടോയെടുത്താൽ 

തടവും പിഴയും

കുവൈത്ത് സിറ്റി∙ കുവൈത്തിൽ വോട്ട് ചെയ്തതിന്റെ ചിത്രമോ ദൃശ്യമോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 5 വർഷം തടവും 2000 ദിനാർ പിഴയും ശിക്ഷയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം. സ്ഥാനാർഥിക്കു വോട്ട് ചെയ്തതിന്റെ തെളിവ് ചിത്രീകരിക്കുന്നവർക്കെതിരെയാണ് നടപടി.

English Summary : Kuwait elections hailed as 'democracy's wedding' and chance for change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com