യുഎഇയിൽ രണ്ടര വർഷത്തിനുശേഷം തോളോടു തോൾ ചേർന്ന് ജുമുഅ നമസ്കാരം നിർവഹിച്ച് വിശ്വാസികൾ

prayer
SHARE

അബുദാബി∙ യുഎഇയിൽ രണ്ടര വർഷത്തിനുശേഷം തോളോടു തോൾ ചേർന്ന് ജുമുഅ നമസ്കാരം നിർവഹിച്ച നിർവൃതിയിൽ വിശ്വാസികൾ. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അകലം പാലിക്കൽ അവസാനിച്ച ശേഷം ആദ്യമായി നടന്ന ജുമുഅ നമസ്കാരത്തിൽ നൂറുകണക്കിന് വിശ്വാസികൾക്ക് പള്ളിക്കകത്തുനിന്ന് നമസ്കരിക്കാൻ സാധിച്ചു. ഇതോടെ പുറത്തേക്കുള്ള നീണ്ട നിരയും കുറഞ്ഞു. പഴയ കാലം തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു വിശ്വാസികൾക്ക്. 

നേരത്തെ ഒരു മീറ്റർ അകലം പാലിച്ച് നമസ്കരിച്ചിരുന്നപ്പോൾ മൂന്നിലൊന്നു ആളുകൾക്കു മാത്രമേ പള്ളിക്കകത്ത് ഇടംകിട്ടിയിരുന്നുള്ളൂ. ശേഷിച്ചവർ വരാന്തയിലും മുറ്റത്തും സമീപത്തെ പാതയോരങ്ങളിലും അകലം പാലിച്ച് നിന്നു നമസ്കാരത്തിൽ പങ്കെടുത്തിരുന്നപ്പോൾ കിലോമീറ്ററുകളോളും നിര നീണ്ടിരുന്നു. കൊടും ചൂടിനെ വിശ്വാസത്തിന്റെ കരുത്തിൽ അതിജീവിച്ചാണ് പ്രാർഥന നിർവഹിച്ചിരുന്നത്. അകലം പാലിക്കൽ നിയമം നിർത്തിയതിലെ ആഹ്ലാദം വിശ്വാസികളുടെ മുഖത്തും പ്രകടമായിരുന്നു. 

കോവിഡ് മഹാമാരിയെ അകറ്റി പഴയതുപോലെ ജീവിതം സാധ്യമാക്കണേ എന്ന പ്രാർഥനയുടെയും കരുതലിന്റെയും  ഫലംകൂടിയാണ് ഈ നിമിഷമെന്ന് പരപ്പനങ്ങാടി സ്വദേശിയും അബുദാബി മോഡൽ സ്കൂൾ ജീവനക്കാരനുമായ ഷാനവാസ് പറഞ്ഞു. പള്ളിക്കകം വിശ്വാസികളാൽ നിറഞ്ഞുകവിഞ്ഞപ്പോൾ പഴയകാല പ്രതാപം വീണ്ടെടുത്ത പ്രതീതി ഉണർത്തിയതായും പറഞ്ഞു.

അകലം പാലിക്കൽ സമയങ്ങളിൽ പ്രാർഥന നിർവഹിക്കുമ്പോൾ തോന്നിയിരുന്ന അപരിചിതത്വം ഇപ്പോൾ ഇല്ലാതായെന്നു തൃശൂർ സ്വദേശി കെ.പി ഷെഫീഖ് പറഞ്ഞു. ദേശവും ഭാഷയുമെല്ലാം വ്യത്യാസമുണ്ടെങ്കിലും തൊട്ടടുത്തു നിൽക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന ആത്മബന്ധം പറഞ്ഞറിയിക്കാനാവില്ലെന്നും സൂചിപ്പിച്ചു. 

പഴയതുപോലെ ജനനിബിഡമായ പള്ളി അങ്കണം വീണ്ടെടുക്കാനായതിൽ നിറഞ്ഞ സംതൃപ്തിയുണ്ടെന്നും ഈ അസുലഭ നിമിഷം സാധ്യമാക്കിയതിൽ ദൈവത്തോടും ഭരണാധികാരികളോടും നന്ദി പറയുന്നുവെന്നും അബുദാബി മുസഫ മസ്ജിദ് ഹമദ് റാഷിദ് അൽ ‍ഹാജിരിയിലെ മലയാളി ഇമാം അബ്ദുൽ ജബ്ബാർ ഹുദവി കോട്ടുമല പറഞ്ഞു. നമസ്കാര ശേഷം ഹസ്തദാനം നൽകിയും ആശ്ലേഷിച്ചുമാണ് ഈ സന്തോഷം പലരും പങ്കിട്ടത്.

മാസ്കിൽ ഇളവില്ല

28 മുതൽ യുഎഇയിൽ മാസ്ക് ധരിക്കുന്നതിൽ ഇളവ് നൽകിയെങ്കിലും ആരാധനാലയങ്ങളിലും ആശുപത്രിയിലും പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും ഇളവില്ല. എന്നാൽ ഇക്കാര്യം അറിയാത്ത പലരും മാസ്ക് ധരിക്കാതെയാണ് പള്ളിയിൽ എത്തിയത്. സംഭവം ശ്രദ്ധയിൽപെട്ട മസ്ജിദ് അധികൃതർ ഉടൻ തന്നെ മാസ്ക് വിതരണം ചെയ്ത് അവ ധരിപ്പിച്ചാണ് പള്ളിക്കകത്തേക്കു കയറ്റിയത്. പുറത്തുനിന്നവരിൽ മാസ്കില്ലാത്തവരെ തൊട്ടടുത്തുള്ളവർ ഓർമിപ്പിക്കുകയും ചെയ്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}