ADVERTISEMENT

ദോഹ∙ഫിഫ ലോകകപ്പിലേക്ക് 50 ദിനങ്ങള്‍ മാത്രം ശേഷിക്കെ ഖത്തറിലെ പ്രവാസികള്‍ക്ക് ഇനിയുള്ള ദിനങ്ങള്‍ ഉത്സവ തിരക്കിന്റേതാണ്. കായിക ചാനലുകളിലും വാര്‍ത്തകളിലും അത്ഭുതത്തോടെ കണ്ടും കേട്ടും മാത്രം പരിചിതമായ  ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം ഖത്തറെന്ന പ്രവാസത്തിന്റെ വീട്ടുമുറ്റത്ത് നടക്കുന്നതിന്റെ ആവേശത്തിലാണ് ദോഹയിലെ പ്രവാസ ലോകവും. പുരുഷന്മാര്‍ക്ക് മാത്രമല്ല ഫുട്‌ബോള്‍ ആവേശം വനിതകള്‍ക്കും ആവോളമുണ്ട്. ഖത്തര്‍ ലോകകപ്പിന്റെ ഭാഗമാകാനും ഇഷ്ടടീമിനെ പിന്തുണയ്ക്കാനും തയാറെടുക്കുന്ന ദോഹയിലെ വിവിധ രംഗങ്ങളില്‍ സജീവമായ മലയാളി വനിതകളുടെ ലോകകപ്പ് ആവേശമറിയാം. 

ഒരുക്കങ്ങള്‍ തൊട്ടടുത്തിരുന്ന് കാണാം

doha-nisa
ആര്‍ജെ നിസ

നിസ,ആര്‍.ജെ, റേഡിയോ സുനോ, സ്വദേശം-കോട്ടയം

ഖത്തര്‍ എന്ന കൊച്ചു രാജ്യം കാല്‍പ്പന്തുകളിയുടെ വിശ്വമേളക്കായി ലോകത്തെ മുഴുവന്‍ സ്വാഗതമേകാന്‍ ഒരുങ്ങുമ്പോള്‍ അതിന്റെ  കാഴ്ചകള്‍ തൊട്ടടുത്ത് ഇരുന്ന് കാണുന്നതിന്റെ സന്തോഷത്തിലാണ് ഞാനും. ഖത്തറും സെനഗലും വെയില്‍സും തന്നെയാണ് എന്റെ പ്രിയപ്പെട്ട  ടീമുകള്‍. ഖത്തര്‍ ലോകകപ്പില്‍ ഖത്തര്‍ ടീം കളം നിറഞ്ഞു കളിക്കുന്നത് കാണാന്‍ തന്നെയാണ് ഏറ്റവും വലിയ ആഗ്രഹം. ആതിഥേയരായി കളിക്കളത്തില്‍ ഇറങ്ങുന്നതിനും അപ്പുറം കഴിഞ്ഞ ഖത്തറിന്റെ കരുത്തന്‍ നിരയുടെ എഎഫ്‌സി കപ്പിലെ പോരാട്ട വീര്യവും കാല്‍പ്പന്തു കളിയുടെ മനോഹാരിതയും നേരിട്ട് കണ്ടറിഞ്ഞതാണ്. 

ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്താനുള്ള നല്ല മൂഹുര്‍ത്തങ്ങള്‍ ഖത്തര്‍ ടീം ഖത്തറിലെ ഓരോ ഫുട്‌ബോള്‍ പ്രേമികള്‍ക്കുമായി നല്‍കും എന്നുറപ്പാണ്. ലോകമറിയുന്ന പേരായി മാറാന്‍ പോകുന്ന അക്രം അഫീഫ് ഉള്‍പ്പെടെ ഒരു പിടി മികച്ച താരങ്ങളാണ് ഫെലിക്‌സ് സാന്‍ചെസ് എന്ന കരുത്തനായ കോച്ചിന്റെ പരിശീലനത്തില്‍ ഇറങ്ങുക. ഗോള്‍ കീപ്പര്‍ മെന്റി, സാദിയെ മാനേ, കലിഡോ കൗലിബാലി  തുടങ്ങിയ സെനഗല്‍ ടീം ഖത്തറില്‍ കരുത്ത് അറിയിക്കും എന്നാണ് പ്രതീക്ഷ. ഗാരത്ത് ബെയ്ല്‍ എന്ന ഒറ്റ വ്യക്തിയുടെ ചിറകിലേറിയാണ്  വെയില്‍സ്  വരുന്നത് എന്നതും ഒരു സന്തോഷ കാഴ്ച തന്നെയാണ് .

മനസില്‍ ഗാലറികളിലെ ആരവം 

doha-noorjahan
നൂര്‍ജഹാന്‍ ഫൈസല്‍

നൂര്‍ജഹാന്‍ ഫൈസല്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍,സ്വദേശം-ആലപ്പുഴ

ഫിഫ ലോകകപ്പ് ഇത്രയടുത്ത് കാണാന്‍ ലഭിച്ച വലിയ അവസരം ഖത്തര്‍ നല്‍കുന്ന സൗഭാഗ്യങ്ങളിലൊന്നാണ്. തൊട്ടു മുന്‍പില്‍ ലോകകപ്പ് നടക്കാന്‍ പോകുന്നതിന്റെ സന്തോഷവും ആവേശവും ഒന്നു വേറെ തന്നെയാണ്. ലോകകപ്പിനായുള്ള ഖത്തറിന്റെ ഓരോ ചലനങ്ങളും തയാറെടുപ്പുകളും ഓരോ നിമിഷവും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകാണ്. ഓരോ സ്‌റ്റേഡിയങ്ങളും ഓരോ വിസ്മയങ്ങള്‍ തന്നെയാണ്. ലോകകപ്പ് വേദികളിലൊന്നായ അല്‍ തുമാമയുടെ സമീപത്താണ് താമസിക്കുന്നത് എന്നതും ഒരു ആവേശം തന്നെയാണ്. അതിനപ്പുറം ഫിഫ ലോകകപ്പിന്റെ വൊളന്റിയര്‍ ആകാനുള്ള ഭാഗ്യവും ലഭിച്ചു എന്നതും എന്നെ സംബന്ധിച്ച് ഇരട്ടിമധുരമാണ്. അതിഥികളെ സ്വീകരിക്കാനുള്ള ചുമതലയാണു ലഭിച്ചിരിക്കുന്നത്. 

ഇത്രയും നാള്‍ ടെലിവിഷനുകളില്‍ മാത്രം കണ്ടിട്ടുള്ള ഇഷ്ടതാരങ്ങളെ നേരിട്ട് കണ്‍മുന്‍പില്‍ കാണാന്‍ കഴിയുന്നതും ലോകകപ്പിന്റെ ഗാലറികളിലെ ആരവം നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നതുമൊക്കെ ഏറ്റവും ഭാഗ്യവും പറഞ്ഞറിയിക്കാനാകാത്ത സന്തോഷവുമാണ് നല്‍കുന്നത്. നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും ഇങ്ങോട്ടേക്കു മത്സരങ്ങള്‍ കാണാന്‍ വരുന്നുണ്ടെന്നതും ഖത്തര്‍ നല്‍കുന്ന സൗഭാഗ്യങ്ങളാണ്. ദിവസങ്ങളെണ്ണി ലോകകപ്പ് എന്ന സുവര്‍ണാവസരത്തിലേക്കു നടന്നടുക്കുന്തോറും മനസ് നിറയെ ഗാലറികളിലെ ആരവങ്ങള്‍ മുഴങ്ങി കഴിഞ്ഞു. 

ഹൃദയം കൊണ്ടു തന്നെ കാണാം ഖത്തര്‍ ലോകകപ്പ്

doha-manju-manoj
മഞ്ജു മനോജ്

മഞ്ജു മനോജ്, അവതാരിക, സ്വദേശം-ചങ്ങനാശ്ശേരി

റോഡിലൊരു പ്ലാസ്റ്റിക്ക് കുപ്പി കണ്ടാല്‍ , ഒരു ബോക്‌സ് കണ്ടാല്‍ നമ്മളാദ്യം ചെയ്യുക അതൊന്നു തട്ടി നോക്കും എന്നതാണ്, നമ്മളോട്, ജീവിതത്തോട് അത്ര  ചേര്‍ന്ന് നില്‍ക്കുന്നതാണീ കാല്‍പ്പന്തുകളി. ഫുട്ബോള്‍ ആവേശം നിറഞ്ഞുനില്‍ക്കുന്ന നാടുകളേറെയുണ്ടാകാം എന്നാല്‍ മെസ്സിയും, നെയ്മറും, റൊണാള്‍ഡോയുമൊക്കെ നമ്മുടെ കുടപ്പിറപ്പോ, അടുത്ത വീട്ടിലെ പയ്യന്‍മാരോ മാത്രമായേ നമുക്ക് മലയാളികള്‍ക്ക് തോന്നിയിട്ടുള്ളു എന്നതാണ് സത്യം. ഖത്തര്‍ എന്ന ഈ കുഞ്ഞു രാജ്യം കാല്‍പ്പന്തിന്റെ വിശ്വമേളക്കായി അത്ഭുതങ്ങളാണ് നമുക്കായി കാത്തുവെച്ചിരിക്കുന്നത്. ഇപ്പോള്‍ ഇവിടെ ഓരോ തെരുവും ഓരോ നെഞ്ചും തുടിക്കുന്നത് അതിന് വേണ്ടി തന്നെയാണ് .കാല്‍പ്പന്തില്‍ ഊതിവീര്‍പ്പിച്ച കാറ്റ് ജീവവായു പോലെ കൊണ്ട് നടക്കുന്ന നമ്മള്‍ ഖത്തര്‍ മലയാളികള്‍ക്ക് ഇങ്ങനെയൊരു അവസരം ജീവിതത്തില്‍ ഇനിയുണ്ടാകുമെന്നു എനിക്ക് തോന്നുന്നില്ല, അത് കൊണ്ട് തന്നെ ഈ ലോകകപ്പ് നമ്മള്‍ കാണാന്‍ പോകുന്നത് ഹൃദയം കൊണ്ടാണെന്ന് തീര്‍ച്ച.

ഇനി കാത്തിരിപ്പിന്റെ ദിനങ്ങള്‍

doha-adeena
അദീന ദീപേഷ്

അദീന ദീപേഷ്, മഞ്ഞപ്പട ഖത്തര്‍ ഭാരവാഹി,സ്വദേശം-മലപ്പുറം

ലോകത്തുള്ള ഓരോ കായിക പ്രേമികളെയും പോലെ ഞാനും കണ്ണിലെണ്ണ ഒഴിച്ചു കാത്തിരിക്കുന്ന ദിനങ്ങളാണ് ഫിഫ ലോകകപ്പ്. ഫുട്ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ഒരു ലോകകപ്പ് മത്സരമെങ്കിലും ഒരിക്കലെങ്കിലും നേരിട്ട് കാണുക എന്നുള്ളത് ചിരകാല അഭിലാഷമാണ്. ഒരു ഫുട്ബോള്‍ ആരാധിക എന്ന നിലയ്ക്ക്, പ്രത്യേകിച്ച്  മഞ്ഞപ്പട ഖത്തറിന്റെ ഭാരവാഹി എന്ന നിലയ്ക്ക്, 2022 ലെ ലോകകപ്പ് ഖത്തറില്‍ ആണെന്ന് അറിഞ്ഞത് മുതലേ വളരെയധികം ആകാംക്ഷയിലും ആവേശത്തിലും തന്നെയാണ്. 

ഒരു മത്സരമെങ്കിലും കാണാന്‍ കഴിയുക എന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരുക്കങ്ങളും കാഴ്ചകളും നേരിട്ട് കാണാനും ഏതെങ്കിലുമൊക്കെ രീതിയില്‍ അതിന്റെ ഭാഗമാകാന്‍ സാധിക്കുമെന്നുള്ളതുമാണ് സുപ്രധാനം. ജര്‍മന്‍ ആരാധികയായ ഞാന്‍ ജര്‍മന്‍ ടീമിന്റെ മത്സരം കാണാനുള്ള ടിക്കറ്റുള്‍പ്പെടെ പത്തോളം മത്സരങ്ങളുടെ ടിക്കറ്റുകളും വാങ്ങികഴിഞ്ഞു. ഇഷ്ടതാരങ്ങളെ തൊട്ടടുത്ത് കാണാന്‍ കഴിയുന്നതിന്റെ ആവേശത്തോടെയുള്ള കാത്തിരിപ്പില്‍ തന്നെയാണ്. ലോകകപ്പ് കാണാന്‍ നാട്ടില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ ആതിഥേയരാകാന്‍ കഴിയുമെന്നതും ഇരട്ടി മധുരം തന്നെയാണ്. 

വിസ്മയിപ്പിക്കുന്ന ഒരുക്കങ്ങള്‍

doha-naseeha
നസീഹ മജീദ്

നസീഹ മജീദ്, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, സ്വദേശം-കുറ്റ്യാടി

ലോകകപ്പിനായുള്ള കാത്തിരിപ്പില്‍ തന്നെയാണ് ഞാനും. ഫുട്‌ബോള്‍ പ്രേമികള്‍ക്കായി ഇത്രയധികം ഒരുക്കങ്ങള്‍ നടത്തുന്ന കായിക സ്‌നേഹമുള്ള ഖത്തറിനെ പോലെ മറ്റൊരു രാജ്യം വേറെ ഇല്ല എന്നുതന്നെ പറയാം. ഫിഫ ലോകകപ്പിനെക്കുറിച്ച് ടെലിവിഷനില്‍ കണ്ടും വാര്‍ത്തകള്‍ കേട്ടുമുള്ള അറിവ് മാത്രമുള്ള എനിക്ക് നാം  ജീവിക്കുന്ന ഖത്തറിന്റെ മണ്ണില്‍ ഈ കായിക മാമാങ്കം നടക്കുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമാണുള്ളത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള മത്സരാർഥികളെയും കളി പ്രേമികളെയും വരവേല്‍ക്കാന്‍ ദോഹയിലെങ്ങും ഒരുക്കങ്ങളുടെ ഹൃദ്യമായ കാഴ്ചകളാണ്. 2006 ല്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ആരോഗ്യരംഗത്തു സേവനമനുഷ്ഠിക്കാന്‍ സാധിച്ച ഭാഗ്യത്തിന്റെ ഊഷ്മളമായ ഓര്‍മ്മകളുമായി തന്നെയാണു വരാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഭാഗമാകാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്. ബ്രസീല്‍ ഫാന്‍ ആണെങ്കിലും ആതിഥേയരായ ഖത്തര്‍ ജയിക്കാനാണ് ഇഷ്ടം.

English Summary : Keralite ladies in Qatar share their expectations on World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com