ADVERTISEMENT

ദോഹ∙വിനോദത്തിനൊപ്പം ആരോഗ്യവും കാക്കാം. മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട് (മിയ)പാർക്കിൽ സന്ദർശകർക്ക് വ്യായാമത്തിനുള്ള ഉപകരണം റെഡി. ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നഗരസഭ മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമായാണ് മിയ പാർക്കിൽ ഫിറ്റ്‌നസ് ഉപകരണം സ്ഥാപിച്ചത്. കായിക-ആരോഗ്യ സ്ഥാപനങ്ങളുടെയും ഗെബൽ ഗ്രൂപ്പ് കമ്പനിയുടെയും സഹകരണത്തോടെയാണ് ഫിറ്റ്‌നസ് ഉപകരണം സ്ഥാപിച്ചത്.

 

പാർക്കിലെത്തുന്ന സന്ദർശകർക്ക് വ്യത്യസ്ത തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യാം. പുതുതായി സ്ഥാപിച്ച ഫിറ്റ്‌നസ് ഉപകരണത്തിന് ബഹുവിധ ഉപയോഗമാണുള്ളത്. ഗ്രൂപ്പായി വർക്ക-്ഔട്ട് ചെയ്യാനുള്ള സൗകര്യമാണ് ഇതിലുള്ളത്. 48 ചതുരശ്ര മീറ്ററിലുള്ള ഈ ഫിറ്റ്‌നസ് ഉപകരണത്തിൽ ഒരേ സമയം വിവിധ പ്രായത്തിലുള്ള 11 പേർക്ക് വർക്ക് ഔട്ട് ചെയ്യാം. ഉപകരണത്തിലെ ബാർകോഡ് ഉപയോഗിച്ച് എങ്ങനെയാണ് വ്യായാമം ചെയ്യേണ്ടത് എന്നും മനസ്സിലാക്കാം. റബറൈസ്ഡ് തറയാണ് വർക്ക് ഔട്ട് ഏരിയ എന്നതിനാൽ സുരക്ഷയും ഉറപ്പാക്കാം.

 

വെയ്ൽ കോർണൽ മെഡിസിൻ ഖത്തറിന്റെ നിങ്ങളുടെ ആരോഗ്യമാണ് പ്രധാനം എന്ന പ്രോഗ്രാമിന്റെ കീഴിൽ നേരത്തെ റൗദത്ത് അൽ ഖെയ്ൽ പാർക്കിലും ഉം സനീം പാർക്കിലും 2 ജിമ്മുകളും സ്ഥാപിച്ചിരുന്നു. നബീന ഹോൾഡിങ്ങിന്റെ സഹകരണത്തോടെ അധികം താമസിയാതെ ടെക്ബാൾ പരിശീലനത്തിനുള്ള സ്‌പോർട് ടേബിളും സ്ഥാപിക്കും. വിനോദത്തിനൊപ്പം കായികവും പ്രോത്സാഹിപ്പിച്ചുള്ളതാണ് പബ്ലിക് പാർക്കുകളിലെ സൗകര്യങ്ങൾ. ഒറ്റയ്ക്കും കൂട്ടായും വ്യായാമങ്ങൾ ചെയ്യാനുള്ള സൗകര്യങ്ങൾ രാജ്യത്തെ മുപ്പതിലധികം  പാർക്കുകളിലുമുണ്ട്.

 

പുതിയ പാർക്കുകൾ നിർമിക്കുന്നതും കാൽനട-സൈക്കിൾ പാതകൾ, ഫിറ്റ്‌നസ് ഉപകരണങ്ങൾ എന്നിങ്ങനെ വ്യായാമത്തിനുള്ള സൗകര്യങ്ങളോടെ തന്നെയാണ്. പാർക്കുകളിലെ ഇത്തരം ഫിറ്റ്‌നസ് സൗകര്യങ്ങൾ പതിവായി പ്രയോജനപ്പെടുത്തുന്നവരും ധാരാളം. അൽ ഗരാഫ പാർക്കിൽ ശീതീകരിച്ച കാൽനട, ജോഗിങ് ട്രാക്കുകളാണുള്ളത്.

 

26നും 28 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് ട്രാക്കുകളിലെ താപനില. ദോഹ കോർണിഷിലും  ഫിറ്റ്‌നസ്, കായിക ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കായി വിവിധതരം ഗെയിം സൗകര്യങ്ങളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com