ADVERTISEMENT

അബുദാബി/റിയാദ് ∙ യുഎഇയുടെയും സൗദി അറേബ്യയുടെയും ബഹിരാകാശ സഞ്ചാരികൾ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ അടുത്ത വർഷം ഒന്നിക്കും. 2023 ജൂലൈയിലായിരിക്കും ഗൾഫ് രാജ്യക്കാരുടെ ബഹിരാകാശ സംഗമം. അറബ് രാജ്യങ്ങളിലെ സഞ്ചാരികൾ ബഹിരാകാശത്ത് ഒരുമിച്ച് താമസിക്കുന്നതും ആദ്യമാകും 2023 ആദ്യ മാസങ്ങളിൽ ബഹിരാകാശത്ത് എത്തുന്ന യുഎഇയുടെ സുൽത്താൻ അൽ നെയാദിയായിരിക്കും ജൂലൈ മധ്യത്തോടെ സൗദിയിൽനിന്ന് എത്തുന്ന വനിത ഉൾപ്പെടെയുള്ള സഞ്ചാരികളെ സ്വീകരിക്കുക.

അൽഐനിൽ നിന്നുള്ള ഐടി പ്രഫഷണലായ 41കാരനെ 6 മാസത്തെ ബഹിരാകാശ വാസത്തിനു നേരത്തെ തിരഞ്ഞെടുത്തിരുന്നു. അറബ് ലോകത്തെ ആദ്യത്തെ ദീർഘകാല ബഹിരാകാശ സഞ്ചാരി എന്ന പദവിയും സുൽത്താൻ അൽ നെയാദി സ്വന്തമാക്കും. ദീർഘ കാലത്തേക്കു സഞ്ചാരികളെ അയക്കുന്ന ലോകത്തെ പതിനൊന്നാമത്തെ രാജ്യമാകും യുഎഇ. നാസയുടെ ഡിസ്‌കവറി സ്‌പേസ് ഷട്ടിൽ സൗദി അറേബ്യ ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരിയെ അയച്ച് 37 വർഷത്തിനു ശേഷമാണ് വനിത ഉൾപ്പെടെ രണ്ടു ബഹിരാകാശ സ‍ഞ്ചാരികളെ ഐഎസ്‌എസിൽ എത്തിക്കാനൊരുങ്ങുന്നത്.

സൗദി അറേബ്യയുടെ പുതിയ ദൗത്യം ബഹിരാകാശ യാത്രാ അവസരങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്  പ്രേരകമാകുമെന്ന് ആക്‌സിയം സ്‌പേസ് പ്രസിഡന്റ് മൈക്കൽ സഫ്രെഡിനി പറഞ്ഞു. 1985ൽ സൗദി രാജകുമാരൻ സുൽത്താൻ ബിൻ സൽമാൻ   ബഹിരാകാശത്ത് എത്തിയപ്പോൾ അത് ആദ്യത്തെ അറബ് സഞ്ചാരിയായി. എന്നാൽ, ആ ദൗത്യത്തിന് ശേഷം രാജ്യം ദീർഘകാല ബഹിരാകാശ പദ്ധതി ഏറ്റെടുത്തിരുന്നില്ല.

2019ൽ യുഎഇയുടെ ഹസ്സ അൽ മൻസൂരിയാണ് പിന്നീട് രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെത്തിയ മറ്റൊരു അറബ് സഞ്ചാരി. ഒരാഴ്ച ബഹിരാകാശത്തു താമസിച്ച് 16 ശാസ്ത്ര പരീക്ഷണങ്ങൾ നടത്തിയാണ് ഹസ്സ അൽ മൻസൂരി തിരിച്ചെത്തിയത്. ഇമാറാത്തി വേഷത്തിൽ ബഹിരാകാശത്ത് ചുറ്റിക്കറങ്ങിയ ഹസ്സ അൽ മൻസൂരി വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com