ADVERTISEMENT

അബുദാബി∙ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അനുശോചിച്ചു.

കേരള രാഷ്ട്രീയ രംഗത്തെ നിസ്വാർഥ സേവകനായിരുന്നുവെന്നും നിയമസഭാ സമാജികൻ, പ്രതിപക്ഷ ഉപനേതാവ്, മന്ത്രി, പാർട്ടി സെക്രട്ടറി  എന്നീ നിലകളിൽ അദ്ദേഹത്തിന്റെ പ്രവർത്തനം ഏറെ ശ്രദ്ധേയമായിരുന്നുവെന്നും പറഞ്ഞു.

നഷ്ടമായത് ഉത്തമനായ മനുഷ്യ സ്‌നേഹിയെ ആണെന്ന് ഷംസുദ്ദീൻ മുഹ്യുദ്ദീൻ പറഞ്ഞു. ദീര്‍ഘ കാലമായി അദ്ദേഹവുമായി നല്ല സുഹൃദ് ബന്ധമാണുണ്ടായിരുന്നത്. രാഷ്ട്രീയമായി ഞങ്ങള്‍ വ്യത്യസ്ത ആശയ ധാരകളിലാണെങ്കിലും, സ്‌നേഹബന്ധം നിലനിര്‍ത്തുന്നതില്‍ എന്നും ശ്രദ്ധ പുലര്‍ത്തിയിരുന്നു. ദുബായില്‍ അദ്ദേഹം എത്തുമ്പോഴെല്ലാം കാണാന്‍ സാധിച്ചിരുന്നു. നിയമസഭാ സാമാജികനായും മന്ത്രിയായും പാര്‍ട്ടി നേതാവായും തിളങ്ങിയ കോടിയേരി ഒട്ടേറെ നല്ല മാതൃകകള്‍ കാഴ്ച വച്ചാണ് വിട വാങ്ങിയിട്ടുള്ളതെന്നും ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ പറഞ്ഞു.

വർഗീയ പ്രസ്ഥാനങ്ങളുമായി യാതൊരുവിധ സന്ധിയിലുമേർപ്പെടാതെ മത നിരപേക്ഷ കേരളത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് ശക്തി തിയറ്റേഴ്‌സ് അബുദാബി അഭിപ്രായപ്പെട്ടു. ലോകത്തിനു തന്നെ മാതൃകയാകും വിധം നവകേരള നിർമിതിക്കായി ഇടതുപക്ഷ സർക്കാരിനെ നയിക്കുന്നതിൽ മുൻ നിരയിൽ നിന്ന് അദ്ദേഹം പ്രവർത്തിച്ചു. പൊലീസിനെ ആധുനികവൽക്കരിക്കുന്നതിലും  ജയിലുകളുടെ പരമ്പരാഗത മുഖംമാറ്റിയെടുക്കുവാനും മന്ത്രിയായിരിക്കെ കോടിയേരിക്ക് കഴിഞ്ഞുവെന്ന് ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് ടി കെ. മനോജ്, ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവർ പറഞ്ഞു. 

വിയോഗത്തിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ  അനുശോചിച്ചു. കേരള രാഷ്ട്രീയത്തിൽ ഇതുപോലുള്ള സൗമ്യ മുഖങ്ങൾ ആവശ്യമുള്ള സമയത്താണ് അദ്ദേഹത്തിന്റെ വിയോഗമെന്നത് തീരാ നഷ്ടമാണെന്ന് അഭിപ്രായപ്പെട്ടു.

മലബാർ പ്രവാസി പ്രസിഡന്റ്  ജമീൽ ലത്തീഫ്, മോഹൻ എസ് വെങ്കിട്ട്, അഷ്‌റഫ് താമരശ്ശേരി, അൻവർ നഹ, സി. കെ.റിയാസ്, ഫൈസൽ മലബാർ ,അഡ്വ.മുഹമ്മദ് സാജിദ്, രാജൻ കൊളാവിപാലം, ബി. എ. നാസർ, രാജു മേനോൻ , ജെയിംസ് മാത്യു , ഡോ.ബാബു റഫീഖ് , ഷരീഫ് കാരശ്ശേരി, മുഹമ്മദ് അലി തുടങ്ങിയവരും അനുശോചിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com