ADVERTISEMENT

അബുദാബി∙രാജ്യത്തെ ടൂറിസ്റ്റ് ഗൈഡ് തസ്തികകൾ നൂറു ശതമാനവും സ്വദേശിവൽക്കരിക്കും. ഘട്ടം ഘട്ടമായി ലക്ഷ്യം കൈവരിക്കാൻ എമിറേറ്റ്സ് ടൂറിസ്റ്റ് ഗൈഡ്സ് അസോസിയേഷൻ പദ്ധതികൾ ആവിഷ്കരിച്ചു. രാജ്യത്തെ വിനോദ സഞ്ചാര മേഖലയിൽ മലയാളികളടക്കം വിവിധ രാജ്യക്കാർ ഗൈഡുകളായി ജോലി ചെയ്യുന്നുണ്ട്. ബഹുഭാഷാ പരിജ്ഞാനമാണ് ഈ തസ്തികയ്ക്കു വേണ്ട അടിസ്ഥാന യോഗ്യത.

 

വിവിധ ഭാഷകൾ സംസാരിക്കുന്ന സ്വദേശികൾ ധാരാളമുണ്ടെന്നിരിക്കെ ഈ തസ്തികയിൽ ഇനി മുതൽ വിദേശികൾ വേണ്ടെന്ന് എമിറേറ്റ്സ് ടൂറിസ്റ്റ് ഗൈഡ്സ് അസോസിയേഷൻ കൗൺസിൽ ഉപ മേധാവി ജാസിം അൽ ബസ്തകി അറിയിച്ചു. അറബിക് , ഇംഗ്ലിഷ് ഭാഷകൾക്കു പുറമേ ഫ്രഞ്ച്, സ്പാനിഷ്, ജപ്പാൻ, കൊറിയൻ ഭാഷകൾ സംസാരിക്കാൻ കഴിയുന്ന സ്വദേശികൾ ടൂറിസ്റ്റ് ഗൈഡ് ജോലിക്കായി റജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

സ്വന്തം രാജ്യത്തിന്റെ വിനോദ മേഖലകളെ പുറം ലോകത്ത് എത്തിക്കാനും അതിന്റെ ആത്മാർഥതയുള്ള പ്രചാരകരാകാനും സ്വദേശികൾക്കാണു കൂടുതൽ സാധിക്കുക എന്നാണ് പുതിയ വിലയിരുത്തൽ. യുഎഇയുടെ പൈതൃക പ്രദേശങ്ങളിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാനും സ്വദേശികളാണ് നല്ലതെന്നും കരുതുന്നു.

 

പല വിദേശ രാജ്യങ്ങളും ടൂറിസ്റ്റ് ഗൈഡ് തസ്തികയിൽ വിദേശികളെ നിയമിക്കാറില്ലെന്നും ജാസിം പറഞ്ഞു. ഏവിയേഷൻ, ഹോട്ടൽ, കമ്യൂണിക്കേഷൻ, മൊത്ത, ചില്ലറ വ്യാപാരങ്ങൾ തുടങ്ങി രാജ്യത്തെ ഓരോ സാമ്പത്തിക രംഗവും ഉണർവ് കൈവരിച്ച ഘട്ടത്തിൽ ടൂറിസ്റ്റ് ഗൈഡ് തസ്തിക സ്വദേശിവൽക്കരിക്കുന്നതിനു പ്രാധാന്യമുണ്ട്.

 

ദുബായ് പോലുള്ള എമിറേറ്റുകൾ കോവിഡ് കാലത്തു പോലും വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വൈവിധ്യമാർന്ന പരിപാടികൾക്കാണു രൂപം നൽകിയത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് വിനോദ സഞ്ചാരികളെ സ്വീകരിച്ചത്.

 

വിനോദോത്സവങ്ങൾ, ടൂറിസം സമ്മേളനങ്ങൾ, പ്രദർശനങ്ങൾ എന്നിവയെല്ലാം ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കീഴിലാക്കിയാണു വിനോദ സഞ്ചാര മേഖലയിലെ കോവിഡ് ഭീഷണി അതിജീവിച്ചത്. സാഹചര്യം മാറിയതോടെ വിനോദ സഞ്ചാരികളെ നേരിട്ടു കൈകാര്യം ചെയ്യാൻ സ്വദേശികളെ ഇറക്കുന്നതാണു നല്ലതെന്നും രാജ്യം കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com