ADVERTISEMENT

ദുബായ്∙ പ്രവാസി വ്യപാരപ്രമുഖനും പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാനും ചലച്ചിത്ര നിര്‍മാതാവുമായ എം.എം.രാമചന്ദ്രൻ എന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നു രണ്ടു ദിവസം മുൻപു ദുബായ്  മന്‍ഖൂല്‍ ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.

atlas-mm-ramachandran---Copy

 

atlas-ramachandran-wife

തൃശൂർ മുല്ലശ്ശേരി മധുക്കര സ്വദേശിയായ അദ്ദേഹം ബാങ്ക് ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് അറ്റ് ലസ് ഗ്രൂപ്പ് എന്ന പേരിൽ ഗൾഫിൽ വ്യാപാര സ്ഥാപനങ്ങൾ ആരംഭിച്ചു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യത്തിലൂടെ വളർച്ചയുടെ ഉയരങ്ങൾ താണ്ടിയ അദ്ദേഹത്തിന്റെ പതനവും വളരെ പെട്ടെന്നായിരുന്നു.  സാമ്പത്തിക കുറ്റകൃത്യത്തെ തുടർന്ന് 2015 മുതൽ ദുബായ് ജയിലിൽ കഴിയുകയായിരുന്ന അദ്ദേഹം 2018 ജൂണിലായിരുന്നു മോചിതനായത്.  2015 നവംബർ 12നായിരുന്നു ദുബായ് കോടതി അദ്ദേഹത്തെ മൂന്നു വര്‍ഷം തടവിനു വിധിച്ചത്. അതിനു മുൻപ് ഏറെ നാളായി അദ്ദേഹം പൊലീസ് കസ്റ്റഡിയിലായിരുന്നു. സാമ്പത്തിക പ്രശ്നം ഒത്തു തീർത്ത് അദ്ദേഹത്തെ പുറത്തുകൊണ്ടുവരാൻ കുടുംബവും മറ്റും ഏറെ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. ജയിലിൽ അദ്ദേഹം കടുത്ത ആരോഗ്യ പ്രശ്നം നേരിട്ടിരുന്നു.   ബിസിനസ് കാര്യങ്ങൾക്ക് വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്തതിനെ തുടർന്ന് ബാങ്കുകൾ നൽകിയ പരാതികളുടെ അടസ്ഥാനത്തിലായിരുന്നു അറ്റ്ലസ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചിലേറെ ബാങ്കുകളിൽനിന്നാണ് അറ്റ്‌ലസ് ഗ്രൂപ്പ് 550 ദശലക്ഷം ദിർഹം (ആയിരം കോടിയോളം രൂപ) വായ്‌പയെടുത്തത്. അഞ്ചു കോടി ദിർഹത്തിന്റെ ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളായിരുന്നു ദുബായിലുണ്ടായിരുന്നത്. ഇതിൽ ഒന്ന് 3.4 കോടി ദിർഹത്തിന്റെ ചെക്കായിരുന്നു എന്നു പറയുന്നു. യുഎഇ ബാങ്കുകൾക്കു പുറമെ, ദുബായിൽ ശാഖയുള്ള ഇന്ത്യൻ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽനിന്നും വായ്‌പയെടുത്തിരുന്നു. ഈ പണം ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും മറ്റും നിക്ഷേപത്തിനു വകമാറ്റിയതാണു പ്രശ്നമായതെന്നും റിപ്പോർട്ടുണ്ടായിരുന്നു. വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് 15  ബാങ്കുകളുടെ അധികൃതർ യോഗം ചേർന്ന് യുഎഇ സെൻട്രൽ ബാങ്കിനെ സമീപിക്കുകയും പൊലീസിൽ‍ പരാതിപ്പെടുകയുമായിരുന്നു. യുഎഇയിലെ ഒരു സ്വകാര്യ നിക്ഷേപ ഗ്രൂപ്പുമായി ചേർന്ന് പ്രശ്ന പരിഹാരത്തിന് അറ്റ്ലസ് ഗ്രൂപ്പ് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

 

മൂന്നു പതിറ്റാണ്ട് മുൻപ് ആരംഭിച്ച അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ കൂടാതെ, കുവേത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ അൻപതോളം ശാഖകളുണ്ടായിരുന്നു. യുഎഇയിൽ മാത്രം 12 ഷോറൂമുകൾ പ്രവർത്തിച്ചു. കേരളത്തിലും ശാഖകളുണ്ടായിരുന്നു. ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ്, ചലച്ചിത്ര നിർമാണ മേഖലകളിലും അറ്റ് ലസ് സാന്നിധ്യമറിയിച്ചിരുന്നു. വൈശാലി , സുകൃതം , ധനം , വാസ്തുഹാര മുതലായ സിനിമകളുടെ നിർമാതാവ് കൂടിയായ അദ്ദേഹം കലാ സാംസ്കാരിക മേഖലകളിലും തൽപരനായിരുന്നു. അറബിക്കഥ, ടു ഹരിഹർ നഗർ, മലബാർ വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ബർ ദുബായിലായിരുന്നു താമസിച്ചിരുന്നത്. മക്കൾ: ഡോ.മഞ്ജു, ശ്രീകാന്ത്. മൃതദേഹം ദുബായിൽ സംസ്കരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

 

English Summary: Atlas Ramachandran passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com