ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പിൽ സംഗീത വിസ്മയം തീർക്കാൻ വിഖ്യാത ബ്രിട്ടിഷ് ഗായകരുമെത്തും. ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്ര (ക്യുപിഒ)യുടെ പരിപാടികളിൽ പങ്കെടുക്കാനാണ് ബ്രിട്ടിഷ് ഗായക രംഗത്തെ മുൻനിര താരങ്ങളെത്തുന്നത്.

 

വിഖ്യാത ഗായകരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും സംഗീത പ്രേമികൾക്ക് സർപ്രൈസ് നൽകുകയാണ് ലക്ഷ്യമെന്ന് ക്യുപിഒ ഡപ്യൂട്ടി എക്‌സിക്യൂട്ടിവ് ഡയറക്ടർ നാസർ സഹിം വ്യക്തമാക്കി. ലോകകപ്പിനിടെ ബ്രിട്ടിഷ് സൂപ്പർതാരങ്ങളുടെ സംഗീത പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ക്യുപിഒയും ബ്രിട്ടിഷ് കൗൺസിലും തമ്മിൽ സഹകരിച്ചാണു പ്രവർത്തനം.

 

ലോകകപ്പിനിടെയുള്ള വിനോദ, കലാ പരിപാടികളിലേക്ക് ആഗോള തലത്തിലുള്ള കലാകാരന്മാരെയാണ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സ്വാഗതം ചെയ്തിരിക്കുന്നത്. വിഷ്വൽ ആർട്‌സ്, ക്രാഫ്റ്റ്, പൈതൃകം, ഫാഷൻ, ഡിസൈൻ, നാടകം, സംഗീതം, സിനിമ എന്നു വേണ്ട ലോകകപ്പിനിടെ വിവിധ തരം സാംസ്‌കാരിക, കലാ പരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ളവർക്കാണു ക്ഷണം.

 

12 ലക്ഷത്തിലധികം പേരെയാണ് ലോകകപ്പിലേക്ക് പ്രതീക്ഷിക്കുന്നത്. രാജ്യത്തുടനീളമായി ലോകകപ്പ് ആഘോഷങ്ങളാണു നടക്കുന്നത്. ഫാൻ സോണുകളിലൊന്നായ ദോഹ കോർണിഷിൽ കാർണിവൽ ഉൾപ്പെടെയുള്ള വിനോദ, കലാ പരിപാടികളുമുണ്ട്. നവംബർ 19നു കോർണിഷിലെ കാർണിവൽ ആഘോഷത്തിനു തുടക്കമാകും. അന്നു തന്നെയാണ് ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയായ അൽ ബിദ പാർക്കിലും വിനോദാഘോഷത്തിന് തുടക്കമാകുന്നത്. 

  ദോഹ കോർണിഷിൽ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട് മുതൽ ഷെറാട്ടൻ പാർക്ക് വരെ നീളുന്ന 6 കിലോമീറ്റർ ആണ് കാർണിവൽ വേദി.

 

റസ്റ്ററന്റുകൾ, 

കഫേകൾ, വിനോദ ഇടങ്ങൾ, 4 വലിയ തിയറ്ററുകൾ എന്നിവയാണ് ഇവിടെ ഉയരുക. ദോഹ കോർണിഷിലെ കടലിലൂടെ കാണികൾക്ക് ജല ടാക്‌സിയിലും ചുറ്റിയടിക്കാം. ദോഹ കോർണിഷിന്റെ വടക്ക് ഭാഗത്താണ് സൗദി ഫാൻ സോൺ ഉയരുന്നത്. ഷെറാട്ടൻ ഭാഗത്തെ അൽ ദഫ്‌ന പാർക്കിലാണിത്. എല്ലാ ഫാൻ സോണുകളിലും ഭീമൻ എൽഇഡി സ്‌ക്രീനുകളിൽ കാണികൾക്ക് ഫുട്‌ബോൾ തൽസമയ മത്സരം കാണാം. ഫുട്‌ബോൾ താരങ്ങളെയും അടുത്തു കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com