ADVERTISEMENT

ദുബായ്∙ പത്തരമാറ്റുള്ള ജീവിതമായിരുന്നു അറ്റ്ലസ് രാമചന്ദ്രന്. എന്നാൽ വിധി അതു വെറും മുക്കുപണ്ടമാക്കി മാറ്റിയത് ഞൊടിയിടയിലായിരുന്നു. സംഭവ ബഹുലമായ തന്റെ ജീവിത കഥ എഴുതിത്തുടങ്ങിയ അറ്റ്ലസ് രാമചന്ദ്രൻ അത് പുസ്തകരൂപത്തിലാകുന്നതിന് മുൻപേയാണ് വിട പറഞ്ഞത്. 2018ൽ അറ്റ്ലസ് രാമചന്ദ്രൻ മനോരമ ആഴ്ചപ്പതിപ്പിന് വേണ്ടി നൽകിയ അഭിമുഖത്തിൽ നിന്ന്:

'എന്റെ അച്ഛൻ കമലാകര മേനോൻ വിയൂർ ജയിലിൽ കുറച്ചുകാലം ഉദ്യോഗസ്ഥനായിരുന്നു. ഇടവേളകളിൽ അച്ഛൻ നാട്ടിലെത്തുമ്പോൾ സുഹൃത്തുക്കൾ ചോദിക്കും: അല്ല, മേൻനേ...കുറേകാലായി നിങ്ങളെവിടെയായിരുന്നു. അപ്പോൾ അച്ഛൻ പറയും: ‍ഞാനേ... ഞാൻ വിയൂർ ജയിലിലായിരുന്നു.. അതുകേട്ട് അന്തിച്ചങ്ങനെ നിൽക്കുന്ന സുഹൃത്തുക്കളോട് അച്ഛൻ തുടരും: അന്തേവാസിയായിട്ടല്ല കേട്ടോ, ജയിലുദ്യോഗസ്ഥനായിട്ടാ.. അപ്പോൾ എല്ലാവരും ചിരിക്കും. വിയൂരിലെ തടവു പുള്ളികളുടെ കഥകൾ അച്ഛൻ തന്റെ സുഹൃത്തുക്കളോടു പറയുന്നത് അന്ന് ബാലനായിരുന്ന ഞാൻ സാകൂതം കേട്ടിരുന്നു. അന്ന് ആ പാവം സ്വപ്നത്തിൽപോലും കരുതിയിരിക്കില്ല, ഒരിക്കല്‍ തന്റെ മകനും ഇതുപോലെ...'–ഇംഗ്ലീഷിൽ എഴുതുന്ന തന്റെ ഒാർമക്കുറിപ്പുകളിലെ ഒരു ഭാഗം വായിക്കുമ്പോൾ അറ്റ്ലസ് രാമചന്ദ്രന്റെ വാക്കുകൾ ഇടറി. ആ കൺകോണുകളിൽ ഒരു തുള്ളി ജലം നിറഞ്ഞുനിന്നു. അതു മുന്നിലെ കടലാസിൽ വീണ് അക്ഷരങ്ങൾ പടർന്നുപോകാതിരിക്കാൻ അദ്ദേഹം പെട്ടെന്ന് അവ മാറ്റിവച്ചു, പിന്നെ ഒരു നിമിഷം കണ്ണടച്ചു നിന്നു. ആ മനസിൽ കുറേ ഒാർമകൾ പിന്നെയും ഇരമ്പിയെത്തി.

*

നഗരങ്ങളിൽ നിന്നു നഗരങ്ങളിലേക്കു രാജ്യങ്ങളിൽ നിന്നു രാജ്യങ്ങളിലേക്കും സ്വർണത്തിളക്കമുള്ള ചിരിയോടയും പ്രായത്തെ വെല്ലുന്ന ഉൗർജസ്വലതയോടെയും ആരെയും ആകർഷിക്കുന്ന വ്യക്തിത്വത്തോടെയും പറന്നുനടന്നിരുന്ന പ്രശസ്തനായ ഒരു ബിസിനസുകാരൻ. ജനകോടികളുടെ വിശ്വസ്ത സ്ഥാപനങ്ങളുടെ ഉടമ. അദ്ദേഹം അപ്രതീക്ഷിതമായി ഒരു ദിവസം ദുബായിലെ അവീറിൽ ഇരുമ്പഴികൾക്കുള്ളിലാകുന്നു! അതും അറിയാതെ സംഭവിച്ചുപോയ പാകപ്പിഴകൾ കാരണം. എന്തായിരിക്കും അപ്പോഴത്തെ അദ്ദേഹത്തിന്റെ മാനസികാവസ്ഥയെന്ന് മറ്റുള്ളവർക്ക് ഒരിക്കലും ഉൗഹിച്ചെടുക്കാൻ സാധിക്കില്ല.

'ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്ന ഞാൻ അവിടെ എത്തിയപ്പോൾ ഒന്നും ചെയ്യാനില്ലാത്ത ഒരവസ്ഥയിലേക്കു വരുന്നു. അതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പരീക്ഷണം. ഇവിടെയിറങ്ങുന്ന മിക്ക  പത്രങ്ങളും വരുമായിരുന്നു. മലയാളവും ഇംഗ്ലീഷുമടക്കം ഏഴു പത്രങ്ങൾ. കൂടാതെ ഇന്ത്യയിൽ നിന്ന് ഒരു ഇംഗ്ലീഷ് പത്രവും ലഭിക്കും. ഇതിൽ പലതും വായിക്കുമ്പോൾ വല്ലാത്ത വിഷമം തോന്നിയിരുന്നു. കാരണം, എന്നെക്കുറിച്ചു ശരിയല്ലാത്ത വാർത്തകളായിരുന്നു ഇടയ്ക്കിടെ വന്നിരുന്നത്. അങ്ങനെയുള്ള പത്രങ്ങൾ വായിക്കാൻ തീരെ താൽപര്യമില്ലാതായി. ശരിയായ കാര്യമാണെങ്കിൽ എന്തെഴുതിയാലും വിരോധമില്ലായിരുന്നു. എന്നാൽ ശരിയല്ലാത്ത വാർത്തകൾ കാണുമ്പോൾ വല്ലാത്ത മാനസിക സമ്മർദമുണ്ടായി. അധികനേരം വായിച്ചിരിക്കുമ്പോൾ വല്ലാത്ത വിഷമം. അതിൽ ഉപയോഗിച്ചിരുന്ന സാങ്കേതിക ഭാഷ തീർത്തും തെറ്റായിരുന്നു. ഉദാഹരണത്തിനു വണ്ടിച്ചെക്ക്. അക്കൗണ്ടിൽ പണം ഇല്ലെന്നു നേരത്തെ അറിഞ്ഞുകൊണ്ട് തന്നെ ഒരാൾക്കു ചെക്ക് കൊടുക്കുകയും അതു ബാങ്കിൽ നിന്നു മടങ്ങുകയും ചെയ്യുമ്പോഴാണ് ആ വാക്ക് ഉപയോഗിക്കേണ്ടത്. സുരക്ഷാ ചെക്ക് എന്നതിന് പകരം വണ്ടിച്ചെക്ക് എന്നു പതിവായി ഉപയോഗിക്കുന്നു. എന്റെ കൈയിൽ നിന്നു ബാങ്കുകൾ ഒരു ബ്ലാങ്ക് ചെക്ക് എഴുതി വാങ്ങിക്കുകയാണ് ചെയ്തത്. അതിവിടെ നിർബന്ധമാണിപ്പോൾ. അതിൽ എത്ര സംഖ്യ വേണമെങ്കിലും എഴുതി അവർക്ക് കളക്ഷനു നൽകാൻ പറ്റും. അങ്ങനെയാണ് എന്റെ കാര്യത്തിൽ സംഭവിച്ചത്.  

മറ്റൊന്നു വായ്പാ തട്ടിപ്പ്. പണം വായ്പയെടുത്ത് മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതാണു വായ്പാ തട്ടിപ്പ്. എന്നിട്ട് രാജ്യത്തു നിന്നു മുങ്ങുക.. അങ്ങനെയൊന്നും എന്റെ കാര്യത്തിൽ നടന്നിട്ടില്ല. ബാങ്ക് വായ്പകെളുടുത്തിട്ടുണ്ട്. അവരത് ഇങ്ങോട്ട് വന്നു തരികയായിരുന്നു. താങ്കളുടെ കമ്പനി വളരെ നന്നായി നടക്കുന്നുണ്ടെന്നു മനസിലാക്കിയതായും അതിനാൽ താങ്കൾക്ക് ഞങ്ങൾ വായ്പ തരാമെന്നും പറഞ്ഞു തന്നതാണ്. ഇത്തരത്തിൽ ലഭിക്കുന്ന പണം സ്വർണം വാങ്ങി ആഭരണങ്ങളാക്കി വിൽക്കുന്നു. ഇതിനിടയിൽ എന്തോ ചില തെറ്റുകൾ എവിടെയോ സംഭവിച്ചുപോയി. അതാണ് ചെക്കുകൾ മടങ്ങാനിടയാക്കിയത്. ഒരു ചെക്ക് മടങ്ങുമ്പോൾ മറ്റു ബാങ്കുകളും പേടിക്കും. അവരും തങ്ങളുടെ ചെക്കുകൾ നിക്ഷേപിക്കും. അത് ആകെ ബിസിനസിനെ പ്രതികൂലമായി ബാധിക്കും. അതായിരുന്നു സംഭവിച്ചത്. അല്ലാതെ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും പ്രശ്നം ഇവിടെയില്ല. ഇതുകൂടാതെ,  ജാമ്യത്തിലാണ് ഞാനിന്ന് പുറത്തുവന്നതെന്നും ചിലർ എഴുതിപ്പിടിപ്പിച്ചു. ഇതും തെറ്റാണ്. ബാങ്കുകളുമായി ആദ്യഘട്ട സാമ്പത്തിക ഒത്തു തീർപ്പുകളുണ്ടാക്കിയതിനെ തുടർന്ന് അവർ റിലീസ് തന്നതാണ് പുറത്തിറങ്ങാൻ സാധ്യമായത്. തെറ്റായ വാർത്തകള്‍ പ്രചരിപ്പിക്കുന്നത് കാരണം ആദ്യമാദ്യം പത്രവായന നിർത്തിവച്ചിരുന്നു. മിസിങ് ഫ്രം ദ് ഗോൾഡ് സൂഖ് എന്നൊക്കെ ചിലർ എഴുതി. ഏതായാലും എനിക്ക് ഇന്ന് ആരോടും പരിഭവമില്ല. രണ്ടേമുക്കാൽ വർഷം നഷ്ടപ്പെട്ടതു നഷ്ടപ്പെട്ടു കഴിഞ്ഞില്ലേ. കുറേ കഴിയുമ്പോൾ എല്ലാം മറക്കണമല്ലോ. അല്ലാതെ അതൊക്കെ ഒാർത്തിരിക്കുന്നതിൽ എന്താണ് അർഥം?

**

മലയാളികളടക്കം ഒട്ടേറെ തടവുകാരുടെ സ്നേഹസൗഹാർദത്തോടെയാണ് ഞാൻ ജയിലിൽ കഴിഞ്ഞത്. പലരും കഥകൾ കേൾക്കാൻ വരുമായിരുന്നു. അവർക്കത് പറഞ്ഞുകൊടുക്കുന്നതിൽ സന്തോഷമേ തോന്നിയുള്ളൂ. എങ്കിലും, കുടുംബവുമായും സുഹൃത്തുക്കളുമായും അകന്ന് ഇൗ പുതിയ സ്ഥലത്ത് എങ്ങനെ ഏകനായി ജീവിക്കും എന്ന ചോദ്യം മുന്നിൽ ഉയർന്നുവന്നു. ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ഇൗ ഏകാന്തതയായിരുന്നു. ഫോൺ ചെയ്യാമെന്ന ആശ്വാസം മാത്രം. തുടർച്ചയായി പതിനഞ്ച് മിനിറ്റ് മാത്രമേ ഫോൺ ചെയ്യാൻ അനുവദിക്കുകയുള്ളൂ. എന്നാൽ, സൗകര്യത്തിനനുസരിച്ച് ഇതെത്രവണ്ണം വേണമെങ്കിലുമാകാം. എന്റെ ജീവിതത്തിൽ അതുവരെ പാലിച്ച ഏതു പ്രതിബന്ധങ്ങളെയും തരണം ചെയ്യാനാകുമെന്ന ആത്മവിശ്വാസം മുന്നോട്ടുപോകാൻ പ്രേരിപ്പിച്ചു. പത്രവായന ഉപേക്ഷിച്ചതോടെ മറ്റെന്തു ചെയ്യുമെന്ന അവസ്ഥയുമുണ്ടായി. പുസ്തകങ്ങൾ അവിടെ ലഭിക്കുമായിരുന്നു. പക്ഷേ, അത് അറിയാൻ സാധിച്ചത് കുറച്ച് വൈകിയും. പിന്നീട്, ഞാൻ അവരോട് ചോദിച്ചു, എന്താണ് പുസ്തകം ലഭിക്കാൻ വഴിയെന്ന്. അപ്പോഴാണറിഞ്ഞത്, മലയാളമടക്കമുള്ള പുസ്തകങ്ങളുടെ ലൈബ്രറിയുണ്ട്. അവിടെ നിന്നു രണ്ടാഴ്ച കൂടുമ്പോൾ പുസ്തകം എടുത്തു വായിക്കാം. അതൊരു വലിയ ആശ്വാസമായി. സാധാരണ ജീവിതത്തിൽ കുറച്ച് കാലമായി പുസ്തകങ്ങളൊന്നും വായിക്കാൻ സാധിച്ചിരുന്നില്ല. ഏറ്റവും പുതിയ പുസ്തകങ്ങളൊന്നുമായിരുന്നില്ല ലഭിച്ചിരുന്നത്. നാലഞ്ച് വർഷം പഴക്കമുള്ളതാണെങ്കിലും പുസ്തകത്തിന് അതിന്റെ പ്രാധാന്യമുണ്ടല്ലോ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ജർമൻ തുടങ്ങിയ മിക്ക ഭാഷകളിലുമുള്ള പുസ്തകങ്ങൾ ലഭിക്കും. കാരണം, അവിടെ ലോകത്തെ മിക്ക രാജ്യങ്ങളിലെയും ആൾക്കാരുണ്ടല്ലോ. ഇംഗ്ലീഷ് പുസ്തകങ്ങൾ ആയിരവും രണ്ടായിരവും പേജുകളുള്ള വലിയ പുസ്തകങ്ങളായിരുന്നു കൂടുതലും. അതിനാൽ മലയാള പുസ്തകങ്ങളോടായിരുന്നു ഇഷ്ടക്കൂടുതൽ. പതിയെ പത്രവായന തിരിച്ചുവന്നു; എന്നെക്കുറിച്ച് കൂടതൽ വാർത്തകൾ വരുന്നില്ല എന്ന സ്ഥിതിവിശേഷമുണ്ടായപ്പോൾ. ചെറിയ ട്രാൻസിസ്റ്റർ റേഡിയോയിലൂടെ വാർത്തകളും കേൾക്കാമായിരുന്നു. റേഡിയോ മാംഗോയുടെ പതിവു ശ്രോതാവായിരുന്നു. എഎം ചാനലുകൾ കിട്ടിയിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലങ്ങൾ, ക്രിക്കറ്റ് കമൻ്ററിയൊക്കെ വലിയ താത്പര്യത്തോടെ കേൾക്കും. അതായിരുന്നു കുറേ കാലത്തെ ആശ്വാസം. എങ്കിലും മുഴുവൻ സമയവും കടന്നുപോകില്ല. 

രാവിലെ കൃത്യം ആറു മണിക്ക് എണീക്കും. ഇപ്പോഴും അങ്ങനെ തന്നെ. പ്രവൃത്തി ദിനങ്ങളിൽ എല്ലാവരും ഏതാണ്ട് ഇതേ നേരത്ത് ഉറക്കമെണീക്കുമായിരുന്നു. അവധി ദിനങ്ങളിൽ കുറേ നേരം കൂടി ഉറങ്ങും. ഞാൻ എല്ലാ ദിവസവും ആറു മണിക്ക് എണീക്കാൻ കാരണം, ജീവിതശൈലിയിൽ വ്യത്യാസം വരേണ്ട എന്നു കരുതി തന്നെ. മറ്റൊന്നു വ്യത്യസ്ത സമയങ്ങളാകുമ്പോൾ കുളിമുറിയുമൊക്കെ സൗകര്യം പോലെ ഉപയോഗിക്കുകയും ചെയ്യാം. പിന്നീട് സ്വയം കാപ്പിയുണ്ടാക്കി കഴിക്കും. പലപ്പോഴും മറ്റുള്ളവർ സഹായിക്കും. വാട്ടർ ഡിസ്പെൻസർ ഉപയോഗിച്ചായിരുന്നു ചായയും കാപ്പിയുമുണ്ടാക്കിയിരുന്നത്. എനിക്കിഷ്ടപ്പെട്ട രീതിയിൽ നല്ല തിളച്ച വെള്ളം കിട്ടില്ലായിരുന്നു. ഫ്രഷ് പാൽ, ലോങ് ലൈഫ് പാൽ എന്നിവയൊക്കെ ലഭിക്കും. പ്രാതലിനു കഴിക്കാനുള്ള സാധനങ്ങൾ ജയിൽ വളപ്പിലെ സ്റ്റോറിൽ നിന്നു വാങ്ങിക്കും. സൂപ്പർമാർക്കറ്റ് പോലെ വലിയ കടയായിരുന്നു അത്.  പഴങ്ങളും വാങ്ങിക്കും. പച്ചക്കറി ഭക്ഷണമായിരുന്നു ഉച്ചയ്ക്കും രാത്രിയും. അതിനാൽ അതു രണ്ടും കുഴപ്പമില്ലാതെ പോകും. രാത്രി പത്തു മണിയോടെ ഉറങ്ങും. ജീവിതം അങ്ങനെ വലിയ ഭാരമാകാതെ പോയി. പക്ഷേ, സമയം അപ്പോഴും മുന്നിൽ ഭീമാകാരമായി തൂങ്ങിനിന്നു. 

33 മാസമായിരുന്നു തടവറയ്ക്കുള്ളിൽ കഴിഞ്ഞത്. സമയം കളയാൻ കണ്ടെത്തിയ പോം വഴി പഴയ ഒാർമകളെ പൊടിതട്ടിയെടുത്ത് എഴുതി വയ്ക്കുക എന്നതായിരുന്നു. എങ്കിലും ഒന്നര വർഷം കഴിഞ്ഞാണ് എഴുത്തിലേക്കു തിരിഞ്ഞത്. ഇംഗ്ലീഷിലാണ് എഴുതുന്നത്. അതും ക്യാപിറ്റൽ ലെറ്ററിൽ. എനിക്ക് തന്നെ വായിച്ചുനോക്കാൻ കഴിയുന്ന രീതിയിൽ. കാരണം, എന്റെ കൈയക്ഷരത്തം 'ഭയങ്കര സുന്ദര'മാണല്ലോ...

***

The serenity prevailed all across the magnificent town of Thrissivaperoor popularly abridge as Thrissur. The name signifies that its the place of the great Shiva Temple. It would also means the place with three Shiva Temples. At the centre of the town is the round shaped Thekkinkkad Maidan....  ഇങ്ങനെയാണ് അറ്റ്ലസ് രാമചന്ദ്രന്റെ ജീവിത കഥ ആരംഭിക്കുന്നത്. ഏറ്റവും പഴയ കാലം മുതലാണു തുടക്കം. ജനനം മുതൽ, എന്നാണോ എഴുതി പൂർത്തിയാക്കുന്നത് അതുവരെയുള്ള കഥകൾ പങ്കുവയ്ക്കുന്നു. ബാല്യകാലത്തെ സംഭവങ്ങൾ ഒാർമിച്ചെടുക്കാൻ വലിയ പ്രയത്നം വേണ്ടി വന്നു. എങ്കിലും ഒാർത്തു തുടങ്ങിയപ്പോൾ തിരമാലകൾ പോലെ അവ ഒാരോന്നായി വന്നു ആഞ്ഞടിച്ചു. പിന്നീട് എഴുത്ത് വേഗത്തിലായി. ജനന സ്ഥലമായ തൃശൂർ നഗരം, അച്ഛനെയും അമ്മയെയും കുറിച്ചുള്ള ഒാർമകൾ, ആദ്യത്തെ വിദ്യാലയം, കേരള വർമ കോളജിലെ ഒാർമകൾ, ഡൽഹിയിലെ ബാങ്കുദ്യോഗം, തുടർന്ന്, 1974ൽ കുവൈത്തിലേക്കുള്ള മാറ്റം, അവിടുത്തെ ബാങ്കുദ്യോഗം, 1981ൽ അവിടെ അറ്റ് ലസ് ജ്വല്ലറിക്ക് തുടക്കമിട്ടത്, വിവാഹം,  സ്വർണാഭരണ മേഖലയിലേയ്ക്കുള്ള പ്രവേശനം, ദുബായിലെ ബിസിനസ്, തളർച്ച, വിഷമസന്ധികൾ എന്നിവ ജീവിച്ച നാടിന്റെ സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തോട പുസ്തകത്തിൽ അനാവരണം ചെയ്യും. എല്ലാ വിഷയങ്ങളും വളരെ  വിശദമായി പുസ്തകത്തിൽ കടന്നുവരുന്നു. പുസ്തകത്തിന് ഗ്ലിറ്റർ ഒാഫ് ഗോൾഡ്, ഗ്ലാമർ ഒാഫ് ലൈഫ് എന്ന പേരും ആലോചനയിലുണ്ട്. ചെറുപ്പകാലത്തു നന്നായി വായിക്കുമായിരുന്നു. ആ ഗുണമാണ് ഇപ്പോൾ എഴുത്ത് സുഗമമാക്കിയതെന്ന് വിശ്വസിക്കുന്നു.

*********

2015 നവംബർ 12നായിരുന്നു അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ എം.എം. രാമചന്ദ്രനെ ദുബായ് കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്തതിനെത്തുടർന്ന് ബാങ്കുകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് തൃശൂർ സ്വദേശിയായ രാമചന്ദ്രനെ ദുബായ് പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചത്. പത്തിൽപ്പരം ബാങ്കുകളിൽനിന്നാണ് അറ്റ്‌ലസ് ഗ്രൂപ്പ് വായ്‌പയെടുത്തത്. ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളാണു ദുബായിലുണ്ടായിരുന്നത്. പ്രശ്ന പരിഹാരത്തിന് അറ്റ്ലസ് ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. മൂന്നു പതിറ്റാണ്ട് മുൻപ് ആരംഭിച്ച അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി 48 ശാഖകളുണ്ടായിരുന്നു; യുഎഇയിൽ മാത്രം 19 ഷോറൂമുകൾ. കേരളത്തിലും ശാഖകളുണ്ട്. ഹെൽത്ത്കെയർ, റിയൽ എസ്‌റ്റേറ്റ്, ചലച്ചിത്രനിർമാണ മേഖലകളിലും അറ്റ്‌ലസ് സാന്നിധ്യമുറപ്പിച്ചിരുന്നു.

മൂന്നു വർഷത്തെ വനവാസം എന്നു വിശേഷിപ്പിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. ജീവിതത്തിന്റെ സ്വിച്ച് ഇടയ്ക്കൊന്ന് ഒാഫ് ചെയ്തുവച്ചപോലെ. എല്ലാ പ്രശ്നങ്ങളും തീർത്ത് ഞാൻ തിരിച്ചുവരും; ചാരത്തിൽ നിന്നുയർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയായി. അത് ഒന്നിൽ നിന്ന് തുടങ്ങിയാണെങ്കിലും..–അറ്റ് ലസ് രാമചന്ദ്രൻ എന്ന 76 കാരന്റെ മുഖത്ത്  പ്രതീക്ഷയുടെ സ്വർണത്തിളക്കം. ബർ ദുബായിലെ ഫ്ലാറ്റിൽ തൊട്ടടുത്ത് തന്നെയുണ്ട്, നല്ല കാലത്തും കെട്ടകാലത്തും സാന്ത്വനത്തിന്റെ തൂവൽസ്പർശമായി ജീവിതത്തിലേക്കു കൈ പിടിച്ചുകൊണ്ടുവന്ന പ്രിയ പത്നി ഇന്ദിര. അവരെ ചേർത്തുപിടിച്ച് രാമചന്ദ്രൻ പറയുന്നു: ഇന്ദുവിന്റെ പിന്തുണയില്ലായിരുന്നുവെങ്കിൽ എന്നെ ഇന്നിങ്ങനെ കാണാൻ സാധിക്കുമായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com