ADVERTISEMENT

അബുദാബി ∙ ബാങ്ക് ഇടപാടുകൾക്ക് മൊബൈൽ ആപ് ഉപയോഗിക്കുന്നവർ അതീവ സൂക്ഷ്മത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഒരു വിരൽസ്പർശത്തിലൂടെ അക്കൗണ്ടുമായി 24 മണിക്കൂറും നേരിട്ടു ബന്ധിപ്പിക്കുന്ന ആപ് സുരക്ഷിതമായി ഉപയോഗിച്ചില്ലെങ്കിൽ പണം നഷ്ടപ്പെടാൻ ഇടയുണ്ടെന്നാണ് വിവിധ ബാങ്കുകൾ ഇടപാടുകാർക്ക് നൽകിയ നിർദേശം.

ശക്തമായതും എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കാത്തതുമായ പാസ്‌വേഡാണ് തിരഞ്ഞെടുക്കേണ്ടത്. മറ്റാരെങ്കിലും കാണത്തക്കവിധം പാസ്‌വേഡ് എഴുതി വയ്ക്കരുത്. മൊബൈലിലോ കംപ്യൂട്ടറിലോ സേവ് ചെയ്തിടുന്നതും നല്ലതല്ല. ഓർക്കാൻ എളുപ്പത്തിന് ലളിതമായ പാസ്‌വേഡ് വച്ചാൽ അതു കണ്ടുപിടിച്ച് മറ്റാരെങ്കിലും അക്കൗണ്ടിലേക്കു കടക്കാൻ സാധ്യതയുണ്ട്.

ഇതൊഴിവാക്കാനാണ് ശക്തമായ പാസ്‌വേഡ് വയ്ക്കാൻ നിർദേശിക്കുന്നത്. ഇനി അഥവാ പാസ്‌വേഡ് ചോർന്നുവെന്ന് തോന്നുന്നുവെങ്കിൽ ഉടൻ ബാങ്കിനെ അറിയിച്ച് മാറ്റുകയോ കാർഡ് ബ്ലോക് ചെയ്യുകയോ വേണമെന്നും നിർദേശിച്ചു. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് പിൻ നമ്പർ (വ്യക്തിഗത വിവര നമ്പർ), ഒടിപി (വൺ ടൈം പാസ്‌വേഡ്),  ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ആരുമായും പങ്കുവയ്ക്കരുത്.

ഏതു സാഹചര്യത്തിലും വ്യക്തിഗത, അക്കൗണ്ട് വിവരങ്ങൾ കൈമാറരുത്. ക്രെഡിറ്റ്/ഡബിറ്റ് കാർഡ് മുഖേന ഓൺലൈൻ ഇടപാട് നടത്തുന്നവരും സുരക്ഷിതമായ അക്കൗണ്ടിലാണോ വിവരങ്ങൾ നൽകുന്നത് എന്ന കാര്യം ഉറപ്പാക്കണം. സുരക്ഷിതമല്ലാത്ത സൈറ്റുകളിൽ കാർഡ് വിവരം നൽകിയ മലയാളികളടക്കം ഒട്ടേറെ പേർക്കു പണം നഷ്ടമായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

വ്യാജ സൈറ്റുകളിൽ നൽകുന്ന കാർഡ് വിവരങ്ങൾ നമ്മൾ അറിയാതെ ശേഖരിച്ചുവയ്ക്കുകയും ഇതുപയോഗിച്ച് വൻതോതിൽ സാധനങ്ങൾ വാങ്ങി ഒറ്റയടിക്കു കാർഡ് പരിധി തീർക്കുന്നവരുണ്ട്. ഇങ്ങനെ സംഭവിച്ചാൽ മൊബൈൽ ആപ്പ് വഴിയോ ബാങ്ക് മുഖേനയോ കാർഡ് ഉടൻ മരവിപ്പിക്കണമെന്നും ഓർമിപ്പിച്ചു. ഓൺലൈൻ ഇടപാടിൽ കാർഡ് വിവരങ്ങൾ സേവ് ചെയ്തുവയ്ക്കുന്നതും അപകടമാണ്. ഇങ്ങനെ സേവ് ചെയ്ത് വയ്ക്കുകയാണെങ്കിൽ പിന്നീടുള്ള ഇടപാടിനു ഒ.ടി.പി ചോദിക്കില്ല. തട്ടിപ്പുകാർ ഇതു മുതലാക്കി ഇടപാട് തുടരുന്നത് നമ്മൾ അറിയാതെ പോകും.

മറ്റു നിർദേശങ്ങൾ

∙ സംശയാസ്പദമായ ലിങ്കുകളിൽ നിന്നോ വിശ്വാസ യോഗ്യമല്ലാത്ത മൂന്നാം കക്ഷി സേവന ദാതാക്കളിൽ നിന്നോ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്

∙ സോഫ്‌റ്റ്‌വെയർ/സുരക്ഷാ അപ്‌ഡേറ്റുകൾ ഉപയോഗിച്ച് യഥാസമയം കംപ്യൂട്ടറും മൊബൈൽ ഫോണുകളും അപ്ഡേറ്റ് ചെയ്യണം

 

∙ നടത്തിയ ഇടപാടുകളും അക്കൗണ്ടിലെ ബാലൻസും എപ്പോഴും പരിശോധിച്ച് വിവരങ്ങളിൽ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കിൽ ഉടനടി ബാങ്കിനെ അറിയിക്കുക.

 

∙ ഉപയോഗിച്ചിരുന്ന ഫോൺ നഷ്ടപ്പെട്ടാലും മൊബൈൽ നമ്പർ മാറ്റിയാലും മേൽവിലാസം മാറിയാലും വിവരം യഥാസമയം ബാങ്കിനെ അറിയിക്കണം.

 

∙ നിയമവിരുദ്ധമായി എന്തെങ്കിലും സംഭവിച്ചതായി സംശയിക്കുന്നവർ അതതു ബാങ്കിനെയും പൊലീസിനെയും വിവരം അറിയിക്കുക. 

 

∙ ഫോണിൽ വിളിച്ചോ ഇമെയിൽ അയച്ചോ ഏറ്റവും അടുത്തുള്ള ശാഖകൾ സന്ദർശിച്ചോ പരാതിപ്പെടാം. 

 

∙ ക്രെഡിറ്റ്/ഡബിറ്റ് കാർഡ് സന്ദേശങ്ങൾ എപ്പോഴും ശ്രദ്ധിക്കണം.‌

 

∙ അംഗീകൃത സൈറ്റിൽ നിന്നു മാത്രം പർച്ചേസ് ചെയ്യുക.

 

∙ ഓൺലൈൻ ഇടപാടിനുവേണ്ടി 1000–2000 പരിധിയുള്ള പ്രത്യേക കാർഡ് കരുതുക.

 

∙ കൂടുതൽ തുകയുള്ള കാർഡ് ഉപയോഗിക്കരുത്.

 

∙ യാത്ര ചെയ്യുമ്പോൾ ഫോൺ ഓഫാക്കരുത്.

 

സുരക്ഷിതമാണോ എങ്ങനെ അറിയും

 

എച്ച്ടിടിപി.എസ് (https://)  എന്നു തുടങ്ങുന്ന പൂട്ടിന്റെ പൂട്ടിയ ചിഹ്നമുള്ള വെബ്സൈറ്റിലെ ഇടപാട് സുരക്ഷിതമാണെന്നു മനസ്സിലാക്കാം. ഇത്തരം സൈറ്റുകൾ കാർഡ് വിവരങ്ങൾ എൻക്രിപ്റ്റഡായി നൽകുന്നതിനാൽ കൃത്രിമം കുറവായിരിക്കും. വെറും എച്ച്ടടിപി മാത്രമുള്ള സൈറ്റുകൾ സുരക്ഷിതമല്ല. സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കംപ്യൂട്ടറും മൊബൈൽ ഫോണും സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യണം. സംശയകരമായി എത്തുന്ന ഫോൺ വിളികൾക്കും എസ്എംഎസിനും ഇ–മെയിലിനും മറുപടി നൽകരുത്. വ്യക്തിഗത, ബാങ്കിങ് രഹസ്യ വിവരങ്ങളും കൈമാറാൻ പാടില്ലെന്നും തട്ടിപ്പുകളെക്കുറിച്ച് യഥാസമയം പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചു.

 

പരാതിപ്പെടാം

 

അബുദാബി: aman@adpolice.gov.ae, ഫോൺ: 80012, 11611, വെബ് സൈറ്റ്: www.ecrime.ae

 

ദുബായ്: ‌ഫോൺ: 999, ടോൾഫ്രീ-8002626, എസ്എംഎസ്  2828.

 

ഷാർജ: ഫോൺ 065943228, വെബ്സൈറ്റ്: tech_crimes@shjpolice.gov.ae.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com