ADVERTISEMENT

ദുബായ് ∙ അറ്റ്ലസ് രാമചന്ദ്രൻ എന്ന വ്യക്തി വ്യവസായി, സഹൃദയൻ, ചലച്ചിത്ര നിർമാതാവ്, അഭിനേതാവ് എന്നതിലുപരി നല്ലൊരു മനുഷ്യനായിരുന്നുവെന്ന് അദ്ദേഹവുമായി അടുപ്പള്ളവർ സംശയലവലേശമന്യേ പറയും. തന്നിൽ നിന്നല്ലാതെ ഭവിച്ച പിഴകൾക്കൊണ്ട് ഏറെ കാലം ജയിൽ വാസമനുഭവിക്കേണ്ടി വന്ന അദ്ദേഹത്തിന് ആ സമയം തന്നെക്കുറിച്ച് പുറംലോകം പറയുന്നതെല്ലാം വാർത്തകളായി അപ്പപ്പോൾ അറിയുന്നുണ്ടായിരുന്നു. എന്നാൽ, ഇതിൽ മിക്കതും കെട്ടിച്ചമച്ചതും ഉൗഹാപോഹങ്ങളുമായിരുന്നുവെന്നു തടവുകഴിഞ്ഞു പുറത്തിറങ്ങിയ അദ്ദേഹം എല്ലാവരോടും പറഞ്ഞു.

ഇത്തരത്തിൽ ഒരിക്കൽ അനുഭവം പങ്കിട്ടപ്പോഴാണ് ദുബായിൽ ഇംഗ്ലീഷ് മാധ്യമപ്രവർത്തകനായ ഭാസ്കർ രാജ് താങ്കളുടെ ജീവിതകഥ ഞാൻ എഴുതട്ടെ എന്നു അറ്റ്ലസ് രാമചന്ദ്രനോടു ചോദിച്ചത്. കുറച്ചു നാൾ കഴിഞ്ഞ് കേസുകളൊക്കെ ഒതുങ്ങി ഇത്തിരി ആശ്വാസത്തുരുത്തിലണയുമ്പോൾ നമുക്ക് ഒന്നിച്ചിരുന്ന് സംസാരിക്കാം എന്നായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞതെന്ന് ഭാസ്കർ രാജ് പറയുന്നു. എഴുതാതെ പോയ ജീവിത കഥയ്ക്ക് പിന്നിലെ കഥ പറയുകയാണ് ആലപ്പുഴ മാവേലിക്കര സ്വദേശിയായ ഭാസ്കർ രാജ്: 

"ഓ, എന്റെ കഥ എന്തെഴുതാനാണ്? കഥ കഴിഞ്ഞല്ലോ!" ഏതൊരു ജീവചരിത്രകാരന്റെയും സ്വപ്നമാണ് അറ്റ്ലസ് രാമചന്ദ്രന്റെ കഥ പറയുക എന്നത്. അത്രയധികം സംഭവ ബഹുലവും നാടകീയവുമാണ് ആ ജീവിതം. നമ്മുടെ മാധ്യമങ്ങൾ പലപ്പോഴായി ആ വ്യക്ത്തിത്വത്തിന്റെ വിഭിന്നമുഖങ്ങൾ അനുവാചകർക്കും പ്രേക്ഷകർക്കും പകർന്നു കൊടുത്തിട്ടുമുണ്ട്. "എങ്കിലും ആരും പറയാത്ത, ആരോടും പറഞ്ഞിട്ടില്ലാത്ത ചില സത്യങ്ങൾ, അനുഭവങ്ങൾ ബാക്കിയുണ്ടാവുമല്ലോ." "ഞാൻ ചിലതൊക്കെ. കുറിച്ചുവച്ചിട്ടുണ്ട്. മുഴുമിപ്പിക്കാൻ പറ്റിയില്ല. ആത്‌മകഥയാക്കാം". പക്ഷേ, ആത്‌മകഥയ്ക്കു ചില പരിമിതികളുണ്ടെന്നു ഞാൻ പറഞ്ഞു. പ്രത്യേകിച്ചു ലോകമറിയേണ്ട അദ്ദേഹത്തിന്റെ ഗുണഗണങ്ങൾ, നന്മകൾ, അതുല്യമായ കഴിവുകൾ ആത്‌മകഥയിൽ പറഞ്ഞാൽ ആത്മ പ്രശംസയായി കണ്ടു വിമർശിക്കില്ലേ? എനിക്ക് സ്വന്തമായി ചെണ്ടകൊട്ടൻ താൽപര്യമില്ല. എന്റെ ബയോഗ്രഫി എഴുതാമോ എന്ന് അദ്ദേഹം ചോദിച്ചു. 

Bhaskaer-raj-uae
ഭാസ്കർ രാജ്.

അദ്ദേഹത്തിന്റെ ജീവിതകഥയിലുപരി സ്വർണാഭരണ ബിസിനസിന്റെ പിന്നാമ്പുറ കാര്യങ്ങൾ, അപചയങ്ങൾ, പരാജയപ്പെട്ട പരീക്ഷണങ്ങൾ, കച്ചവടത്തിലെ രഹസ്യങ്ങൾ, കുതികാൽവെട്ടുകൾ, ചതികൾ, വിശ്വാസവഞ്ചനകൾ മുതലായവ അറിയുവാൻ ലോകത്തിനു താൽപര്യമുണ്ടായിരിക്കും. എന്റെ താൽപര്യവും അതുതന്നെയായിരുന്നു. കൂടാതെ, അറ്റ്ലസ് ജ്വല്ലറിയുടെ കഥ ഈ മേഖലയിലെ ജ്വല്ലറി കച്ചവടത്തിന്റെ കൂടി കഥയാണ്, ചരിത്രമാണ്. അതിൽനിന്നും എല്ലാവർക്കും ചിലതൊക്കെ പഠിക്കാനുണ്ട്. 

‘എന്റെ മാനേജ്‌മന്റ് സ്റ്റൈൽ ഞാൻ തന്നെ രൂപപ്പെടുത്തിയതായിരുന്നു. ചില തന്ത്രങ്ങൾ പരാജയപ്പെട്ടു, ചിലതു വിജയിച്ചു’– ഒരിക്കൽ അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞു. ഒരു ജീവചരിത്രകാരൻ എന്ന നിലയിൽ എനിക്കും അതുതന്നെയായിരുന്നു താൽപര്യവും. കാരണം അറ്റ്ലസ് രാമചന്ദ്രൻ ഒരു ബിംബമാണ്. അദ്ദേഹത്തിന്റെ കഥ നാളെ ബിസിനസ് സ്കൂളുകളിൽ പഠന വിഷയമാവാം.

Atlas-Ramachandran-uae

അതൊരുപക്ഷേ മറ്റുള്ളവർക്ക് പാഠമായിരിക്കും. പ്രത്യേകിച്ചും മാനേജ്‌മന്റ് സ്റ്റുഡന്റസിന്. അദ്ദേഹത്തെ ഏറ്റവും ഖിന്നനാക്കിയത് മാധ്യമങ്ങളുടെ, പ്രത്യേകിച്ചും മലയാളം മാധ്യമങ്ങളുടെ നിരുത്തരവാദിത്തപരമായ റിപ്പോർട്ടിങ് ആയിരുന്നു. എന്നിട്ടും അദ്ദേഹം ആരെയും കുറ്റപ്പെടുത്തിയില്ല. ബാങ്ക് തട്ടിപ്പു കേസിൽ അറ്റ്ലസ് രാമചന്ദ്രൻ ജയിലിലായി എന്നായിരുന്നു എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. അതും ആയിരം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്. എല്ലാവരും കൊണ്ടാടി. പൊതുജനം മൂക്കത്തു വിരൽ വച്ചു. 

"Ok , now that all that can be told. But I dont want to hurt anybody " 

"Also I want to tell the world what went wrong, why and how?" – രാമചന്ദ്രന്റെ വാക്കുകളാണിത്.

യഥാർഥത്തിൽ എന്താണ് സംഭവിച്ചത്?

ദുബായിലുള്ളവർക്കറിയാം ഇവിടുത്തെ ബാങ്കുകളുടെ പ്രവർത്തനരീതി. വായ്പയെടുക്കുമ്പൾ തത്തുല്യ തുകയ്ക്കുള്ള ചെക്ക് നൽകണം. സെക്യൂരിറ്റി ചെക്ക്. കാലാവധിക്ക് മുൻപ്, ഇനി 90% തിരിച്ചടച്ചാൽ പോലും, ഒരു ഗഡു മുടങ്ങിയാൽ പോലും താക്കീതു കൊടുക്കുകയും നിശ്ചിത കാലാവധിക്കുള്ളിൽ പണമടച്ചില്ലെങ്കിൽ സെക്യൂരിറ്റി ചെക്ക് ബാങ്കില്‍ നിന്ന് മടക്കിയിട്ടു ക്രിമിനൽ കേസ് തുടങ്ങിയ നടപടികളിലേയ്ക്ക് പോകും. അറ്റ്ലസിന്റെ കാര്യത്തിലും സംഭവിച്ചത് ഇത് തന്നെ. 

എല്ലാ ബാങ്കുകളിലും കൂടി ആയിരം കോടിയിലേറെ കടമുണ്ടെന്നാണ് റിപ്പോർട്ട്. യഥാർഥത്തിൽ ഇതിൽ ഏറിയ പങ്കും തിരിച്ചടച്ചതും തിരിച്ചടച്ചുകൊണ്ടിരുന്നതും ആണ്. തിരിച്ചടവു മുടങ്ങിയപ്പോൾ ഈ ബാങ്കുകൾ സെക്യൂരിറ്റി ചെക്ക് ബാങ്കിൽ നിക്ഷേപിച്ചു. സ്വാഭാവികമായും അവ മടങ്ങി. തുടർന്ന് ബാങ്കുകൾ കേസ് കൊടുത്തു. ചെക്കുകളുടെ ആകെത്തുക ആയിരം കോടിയോളം. അതാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അറ്റ്ലസ് രാമചന്ദ്രൻ ബാങ്കുകളെ ആയിരം കോടി പറ്റിച്ചു! ഇത് പലതവണ അദ്ദേഹം വിശദീകരിച്ചെങ്കിലും രാമചന്ദ്രന്റെ ബാങ്ക് തട്ടിപ്പു കഥ പറയാനും കേൾക്കാനുമാണ് ജനകോടികൾക്കു താൽപര്യം. 

മിന്നുന്നതെല്ലാം പൊന്നല്ല എന്ന് അറ്റ്ലസ് രാമചന്ദ്രൻ തിരിച്ചറിയുകയായിരുന്നു. ഒടുവിൽ കണ്ടപ്പോൾ പറഞ്ഞത് "നമുക്കിരിക്കാം. ഒരാഴ്ച നിങ്ങൾക്കുവേണ്ടി മാറ്റിവയ്ക്കാം. ഇപ്പോൾ ഒരു ചെറിയ അസ്കിതയുണ്ട്. അതുമാറി ഉഷാറായി ഇരുന്നുകളയാം." അങ്ങിനെ ആ കഥ എഴുതാത്ത കഥയായി. അറ്റ്ലസ് രാമചന്ദ്രൻ കഥാവശേഷനായി. ഒരു നല്ല മനുഷ്യന് ബാഷ്പാഞ്ജലികൾ. 

English Summary: What happened to Atlas Ramachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com