ADVERTISEMENT

അബുദാബി ∙  ഐപിഒയിൽ വലിയ കുതിപ്പുമായി യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിങ്സ്.  2 ദിർഹമായി അന്തിമ ഓഹരി വില നിശ്ചയിച്ചു. കമ്പനിയുടെ 11 % മൂലധനത്തിന് ആനുപാതികമായി ആകെ ഓഹരികൾ 550,729,221 എണ്ണം ആണ്. 

പുതിയ ഓഹരികളിലൂടെ കമ്പനിയിലേക്ക് 1.1 ബില്യൻ ദിർഹത്തിന്റെ നിക്ഷേപം എത്തും. അന്തിമ ഓഫർ വിലയെ അടിസ്ഥാനമാക്കി, ഒക്ടോബർ പത്തിന് ലിസ്റ്റ് ചെയ്യുമ്പോൾ  ബുർജീലിന്റെ പ്രതീക്ഷിത വിപണി മൂല്യം 10.4 ബില്യൻ ദിർഹം ആയിരിക്കും. ഇത് പ്രകാരം  ആരോഗ്യസേവന രംഗത്ത് നിന്ന് അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്‌സ്) ലിസ്റ്റ് ചെയ്യപ്പെടുന്ന ഏറ്റവും വലിയ കമ്പനികളിലൊന്നായി മാറുകയാണ്  ബുർജീൽ ഹോൾഡിങ്സ്. യുഎഇയിലെയും മേഖലയിലെയും നിക്ഷേപകരിൽ നിന്ന് ഐപിഒയ്ക്ക്  ലഭിച്ചത് മികച്ച പ്രതികരണമാണെന്ന് കമ്പനി അറിയിച്ചു. ഐപിഒയ്ക്കുള്ള ആകെ ഡിമാൻഡ് 32 ബില്യൻ ദിർഹത്തിലധികമായിരുന്നു, ഇത് വഴി 29 മടങ്ങ് അധിക സബ്സ്‌ക്രിപ്ഷൻ ആണ് ഉണ്ടായത്.

പുതിയ ഓഹരി ഉടമകളെ ബുർജീൽ ഹോൾഡിങ്‌സിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. 29 മടങ്ങ് ഓവർസബ്സ്‌ക്രൈബ് ചെയ്യപ്പെട്ടതു തന്നെ ബുർജീൽ മുന്നോട്ട് വയ്ക്കുന്ന  ആരോഗ്യരംഗ്യത്തെ മൂല്യങ്ങളെയും നിക്ഷേപ രംഗത്തെ വിശ്വാസ്യതയെയും സൂചിപ്പിക്കുന്നു. ഐപിഒ വിജയത്തിന് അബുദാബിയിലെ സംവിധാനങ്ങൾ നൽകുന്ന മികച്ച പിന്തുണയും കാരണമായതായി അദ്ദേഹം പറഞ്ഞു.

ഓഹരികൾക്ക് അർഹരായ അപേക്ഷകർക്ക് എട്ടാം തീയതി മുതൽ എസ്എംഎസ് വഴി സ്ഥിരീകരണം ലഭിക്കും. അല്ലാത്തവർക്ക് റീഫണ്ടും അന്നുമുതൽ ലഭിച്ചു തുടങ്ങും. 'ബുർജീൽ' ചിഹ്നത്തിന് കീഴിൽ ഇന്റർനാഷനൽ സെക്യൂരിറ്റീസ് ഐഡന്റിഫിക്കേഷൻ നമ്പർ (ഐഎസ്‌ഐഎൻ) 'AEE01119B224' ലാണ് ബുർജീൽ ഹോൾഡിങ് വ്യാപാരം നടത്തുക. ലിസ്റ്റ് ചെയ്യപ്പെടുമ്പോൾ  ഡോ. ഷംഷീറിന്റെ വിപിഎസ് ഹെൽത്ത്കെയർ ഹോൾഡിങ്‌സ് കമ്പനിക്ക് ബുർജീൽ ഹോൾഡിങ്സിൽ 70% ഓഹരി പങ്കാളിത്തമാണുണ്ടാവുക. 15% ഓഹരികൾ യുഎഇയിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് കമ്പനിയായ ഇന്റർനാഷനൽ ഹോൾഡിങ് കമ്പനി (ഐഎച്ച്‌സി) ഏറ്റെടുത്തിരുന്നു.

ഐപിഒയ്ക്കായുള്ള സമാഹരണത്തിൽ  ദുബായ് ഇസ്‌ലാമിക് ബാങ്ക്  ലീഡ് മാനേജറായും ഫസ്റ്റ് അബുദാബി ബാങ്ക് ലീഡ് റിസീവിങ് ബാങ്കായും  പ്രവർത്തിച്ചു. ഇന്റർനാഷനൽ സെക്യൂരിറ്റീസാണ് സാമ്പത്തിക ഉപദേഷ്ടാവ്. ബിഎച്ച്എം ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ് ലിസ്റ്റിങ് ഉപദേഷ്ടാവും ജെപി മോർഗൻ സെക്യൂരിറ്റീസ് മൂലധന വിപണി ഉപദേഷ്ടാവുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com