ADVERTISEMENT

ദുബായ് ∙ അക്ഷരങ്ങളെ തൊട്ടറിയാൻ കൂടപ്പിറപ്പും ഒപ്പം ഉണ്ടായതിന്റെ ആവേശമുണ്ടായിരുന്നു ഇത്തവണ ദുബായിൽ എഴുത്തിനിരുന്ന പത്തു പേർക്ക്. 5 ഇരട്ടക്കുട്ടികളാണ് വിജയദശമി ദിനത്തിൽ ദുബായിൽ ആദ്യാക്ഷരമെഴുതി അറിവിന്റെ സുകൃതത്തിലേക്ക് ചുവടുവച്ചത്. മലപ്പുറം വഞ്ചാഞ്ചേരി എടയൂർ സ്വദേശി ജിദേഷിന്റ മകൾ വേദിക അരിയിൽ അക്ഷരങ്ങൾ ഓരോന്നായി എഴുതുമ്പോൾ തന്റെ ഊഴം കാത്ത് ക്ഷമയോടെ അമ്മയുടെ മടിയിലിരിക്കുകയായിരുന്നു വേദിക്.

twins
മലയാള മനോരമയുടെ വിദ്യാരംഭ വേദിയിൽ ഗുരു ആലങ്കോട് ലീലാകൃഷ്ണൻ ഇരട്ടകളെ എഴുത്തിനിരുത്തിയപ്പോൾ

5 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച മക്കളുടെ വിദ്യാരംഭം കുറിക്കാൻ എന്തു ചെയ്യുമെന്ന് ആലോചിച്ചിരിക്കവെയാണ് മനോരമയുടെ വാർത്ത കാണുന്നത്. അത് തങ്ങൾക്കു നൽകിയ ആശ്വാസം വളരെ വലുതായിരുന്നു. നാട്ടിൽ പോയി എഴുത്തിനിരുത്തുന്നതിന്റെ ചെലവ് ലാഭിക്കാനായതിനേക്കാൾ പ്രഗല്ഭരായ ഗുരുക്കന്മാരെ കൊണ്ട് എഴുതിക്കാൻ സാധിച്ചതിലാണ് നിർവൃതിയെന്ന് അമ്മ കലാദേവി പറഞ്ഞു. പത്തനംതിട്ട സ്വദേശികളായ ഇനായ ടിഞ്ചു, ഇഷാറ ടിഞ്ചുവുമാണ് അടുത്ത ഇരട്ടകൾ.

2017ൽ ചേച്ചി ഇഷിത ടിഞ്ചുവിനെ അക്ഷര ലോകത്തേക്കു കൈപിടിച്ചാനയിച്ച ജോസ് പനച്ചിപ്പുറം തന്നെയാണ് ഇരട്ടകളായ സഹോദരിമാർക്കും ഹരിശ്രീ കുറിച്ചത്. അനുഗ്രഹീത ചടങ്ങിൽ ഇരട്ടക്കുട്ടികൾക്ക് അക്ഷരം കുറിച്ച ആവേശമാണ് തൃശൂർ വിയ്യൂർ സ്വദേശിയും ദുബായിൽ ഐടി പ്രൊജക്ട് മാനേജരുമായ പ്രകാശിന്. ആശിച്ച ഗുരുവിനെ (ഡോ.ആസാദ് മൂപ്പൻ) തന്നെ കിട്ടിയപ്പോൾ സന്തോഷത്തിന് ഇരട്ടിമധുരം. മികച്ച സംഘാടനത്തെയും പ്രശംസിച്ചു.

vidyarambham

നാട്ടുകാരനായ കവി ആലങ്കോട് ലീലാ കൃഷ്ണനെ കൊണ്ടുതന്നെ ഇരട്ടക്കുട്ടികളായ ദിയയ്ക്കും നിഹയ്ക്കും ഹരിശ്രീ കുറിക്കാനായ സന്തോഷമാണ് എടപ്പാൾ സ്വദേശി സജിത് പങ്കുവച്ചത്. ദുബായിൽ സിവിൽ എൻജിനീയറായ സജിത്തിനരികിലേക്കു സന്ദർശക വീസയിൽ എത്തിയതായിരുന്നു ഭാര്യ മേഘയും മക്കളും. നാട്ടിലെത്തി വിദ്യാരംഭം കുറിച്ച പ്രതീതി ലഭിച്ചതായി തിരുവനന്തപുരം കിളിമാനൂർ സ്വദേശി ജയകൃഷ്ണനും ഭാര്യ ശ്രീധന്യയും പറഞ്ഞു. മക്കളായ ശിവരഞ്ജിനിയും ശിവാംഗിനിയുമാണ് ഒന്നിച്ച് എഴുത്തിനിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com