ADVERTISEMENT

ദോഹ ∙ നവീകരണം പൂർത്തിയാക്കി മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട് (മിയ) പൊതുജനങ്ങൾക്കായി തുറന്നു. ഉദ്ഘാടനച്ചടങ്ങിൽ ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനി, യുവജന-കായിക മന്ത്രി സലാഹ് ബിൻ ഗാനിം അൽ അലി, സാംസ്കാരിക മന്ത്രി ഷെയ്ഖ് അബ്ദുൽറഹ്‌മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് അൽതാനി, ഖത്തർ മ്യൂസിയം അധ്യക്ഷ ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി എന്നിവർ പങ്കെടുത്തു.

 

ആധുനികവൽക്കരിച്ച 18 ഗാലറികളാണ് പുതിയ സവിശേഷതകൾ. ഗാലറികൾ സന്ദർശിക്കുന്നവർക്ക് ഇസ്‌ലാമിക് കലയും ചരിത്രവും സംസ്കാരവും ആഴത്തിലറിയാം. ലോകകപ്പിനായി ഖത്തറിലെത്തുന്ന ഫുട്ബോൾ ആരാധകർക്ക് ഖുർ ആന്റെ കയ്യെഴുത്തു പ്രതികൾ, ഇസ്‌ലാമിക് കാലഘട്ടത്തിൽ വിവിധ രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, ആയുധങ്ങൾ, വസ്ത്രങ്ങൾ, കാർപറ്റുകൾ, ആഭരണങ്ങൾ തുടങ്ങിയവയും കാണാം.

 

കുടുംബമായെത്തുന്ന സന്ദർശകർക്ക് ആസ്വദിക്കാൻ വ്യത്യസ്ത പരിപാടികളും ഇവിടെയുണ്ട്. സ്‌മെൽ സ്റ്റേഷനുകളിൽ മെഡിറ്ററേനിയൻ രാജ്യങ്ങളിൽ വിൽപന നടത്തിയിരുന്ന വ്യത്യസ്തതരം സുഗന്ധദ്രവ്യങ്ങളുടെ ഗന്ധം ആസ്വദിക്കാം. ഡമാസ്കസ്, ഇറാൻ, സൗത്ത് ഏഷ്യ, ഇന്ത്യൻ ഓഷൻ എന്നിങ്ങനെ വ്യത്യസ്ത പേരുകളിലായുള്ള ഓരോ ഗാലറികളും ചരിത്രകഥകൾ പറയും.

 

ഡമാസ്കസ് എന്ന ഗാലറിയിൽ പുരാതന അലമാരകൾ, കണ്ണടകൾ, അലങ്കാര വസ്തുക്കൾ, കാലിഗ്രഫി, പാത്രങ്ങൾ തുടങ്ങിയവയാണെങ്കിൽ ഗാലറി 3ൽ ഹജ്ജിനായി ഉപയോഗിക്കുന്ന വസ്ത്രവൈവിധ്യങ്ങളാണുള്ളതെന്ന് മിയ ഡയറക്ടർ ഡോ.ജൂലിയ ഗോന്നെല്ല വിശദമാക്കി. എല്ലാ ഗാലറികളിലും ടച്ച് സ്‌ക്രീനുകളാണുള്ളത്. ഓരോന്നിനെക്കുറിച്ചുമുള്ള ചരിത്രം വിശദമാക്കുന്നവയാണിത്. ഗാലറി 16ൽ തെക്കൻ ഏഷ്യയുടെ ഇംപീരിയൽ ആർട് കാണാം.

 

ഗാലറിയുടെ പ്രവേശന കവാടത്തിൽ വച്ചിരിക്കുന്ന 2 ടച്ച് സ്‌ക്രീനുകളിൽ സന്ദർശകർക്ക് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന നെക്ലസുകൾ, തലപ്പാവുകൾ, ആഭരണങ്ങൾ എന്നിവ വെർച്വൽ ആയി ധരിക്കാം. ഖത്തർ മ്യൂസിയത്തിന്റെ സാംസ്കാരിക പ്രോഗ്രാമിന്റെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് മിയയുടെ പ്രവർത്തനം പുനരാരംഭിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com