ADVERTISEMENT

അബുദാബി/ദുബായ്∙ യുഎഇ– കേരള സെക്ടറിൽ തിരക്ക് കുറഞ്ഞതോടെ യാത്രക്കാരെ ആകർഷിക്കാൻ ടിക്കറ്റ് നിരക്ക് കുറച്ചും ബാഗേജ് അലവൻസ് കൂട്ടിയും വിമാനക്കമ്പനികൾ. നികുതി ഉൾപ്പെടെ 269 ദിർഹത്തിനു (6080 രൂപ) വരെ ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നു. സീസൺ സമയത്ത് വൺവേ ടിക്കറ്റിനു 2000–4000 ദിർഹം (45210–90420 രൂപ) വരെ ഈടാക്കിയിരുന്നു.

 

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ്, ഇൻഡിഗോ, ഗോ ഫസ്റ്റ് തുടങ്ങി കേരളത്തിലേക്കു സർവീസ് നടത്തുന്ന ഇന്ത്യൻ വിമാന കമ്പനികളെല്ലാം നിരക്കു കുറച്ചു. ചില എയർലൈനുകൾ 40 കിലോ വരെ ലഗേജും അനുവദിക്കുന്നുണ്ട്. 

 

എയർ ഇന്ത്യ

 

എയർ ഇന്ത്യയിൽ ദുബായിൽ നിന്നും ഷാർജയിൽ നിന്നും  കോഴിക്കോട്ടേക്കും ദുബായിൽ നിന്ന് കൊച്ചിയിലേക്കും 300 ദിർഹത്തിന്  (6781 രൂപ) പറക്കാം.

 ഇക്കോണമി ക്ലാസിൽ ലഗേജ് 40 കിലോയും ബിസിനസ് ക്ലാസിൽ 50 കിലോയും അനുവദിക്കും. ഒരു പെട്ടിൽ 32 കിലോയിൽ കൂടരുത്. ഇപ്പോൾ ടിക്കറ്റ് എടുക്കുന്നവർക്ക് നവംബർ 30 വരെ യാത്ര ചെയ്യാം.

 

എയർ ഇന്ത്യ എക്സ്പ്രസ്

 

എയർ ഇന്ത്യ എക്സ്പ്രസിൽ ദുബായിൽനിന്ന് കോഴിക്കോട്ടേക്കു 269 ദിർഹവും കൊച്ചിയിലേക്കു 380 ദിർഹവുമാണ് നിരക്ക്. തിരുവനന്തപുരം 445 ദിർഹം. മുംബൈ 279, ഡൽഹി 298, മംഗളൂരു 298 ദിർഹം, ജയ്പുർ 313, അമൃത് സർ–445, ലക്നൗ 449, തിരുച്ചിറപ്പള്ളി 570 ദിർഹം എന്നിങ്ങനെയാണ് മറ്റു സെക്ടറുകളിലെ നിരക്ക്. കൊച്ചിയിലേക്ക് ആഴ്ചയിൽ ഏഴും കോഴിക്കോട്ടേയ്ക്ക് 13ഉം സർവീസുണ്ട്.

 

ഗോ ഫസ്റ്റ് 

 

ഗോ ഫസ്റ്റ് വിമാനത്തിൽ ദുബായിൽനിന്ന് കണ്ണൂരിലേക്ക് 316 ദിർഹമും അബുദാബിയിൽനിന്ന് കണ്ണൂരിലേക്ക് 337 ദിർഹമുമാണ് നിരക്ക്. അബുദാബിയിൽനിന്ന് മുംബൈയിലേക്കു 291 ദിർഹമും ഡൽഹിയിലേക്ക് 341 ദിർഹമും. 

 

സ്പൈസ് ജെറ്റ്

 

285 ദിർഹത്തിനു സ്പൈസ് ജെറ്റിൽ ദുബായിൽനിന്ന് കൊച്ചിയിലേക്കു പറക്കാം. 40 കിലോ ലഗേജും അനുവദിക്കും. യാത്ര ഇൻഡിഗോയിലാണെങ്കിൽ 385 ദിർഹം. 30 കിലോ ലഗേജ് മാത്രം.

ആഭ്യന്തര എയർലൈനുകൾ നിരക്കു കുറയ്ക്കുന്നതോടെ വിദേശ വിമാന കമ്പനികളും നിരക്കു കുറയ്ക്കാൻ നിർബന്ധിതരായെങ്കിലും ഇത്രത്തോളം കുറച്ചിട്ടില്ല. ഇന്നു ദുബായിൽനിന്ന് കൊച്ചിയിലേക്കു 620 ദിർഹമാണ് നിരക്ക്.

25 കിലോ ലഗേജ് അനുവദിക്കും. ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നിവയ്ക്കും ശരാശരി ഇതേ നിരക്കാണ്. മത്സരം മുറുകുന്നതോടെ ഇവരും നിരക്ക് കുറയ്ക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. നവംബർ അവസാനം വരെ ഇതേ നിരക്കു തുടരും.

 

മുംബൈ ടു ദുബായ് പറക്കാൻ ആളേറെ 

 

മുംബൈ ∙ രാജ്യാന്തരതലത്തിൽ ഏറ്റവും കൂടുതൽ വിമാനയാത്രക്കാരുള്ള എട്ടാമത്തെ റൂട്ടായി മുംബൈ- ദുബായ് പാതയും. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മുംബൈയിൽ നിന്നു 19.7 ലക്ഷം പേരാണ് ദുബായിക്കു പറന്നത്. 18 ലക്ഷം പേരാണു ദുബായിലേക്കു ഡൽഹിയിൽ നിന്നു സഞ്ചരിച്ചത്. കഴിഞ്ഞ ദിവസം വ്യോമയാന ഡേറ്റ സ്ഥാപനമായ ഒഎജി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരം. കോവിഡ് കുറഞ്ഞ ശേഷമാണ് ഗൾഫിലേക്ക് ജനങ്ങളുടെ ഒഴുക്ക് ആരംഭിച്ചത്.

കോവിഡിനു മുൻപ് ഏറ്റവും കൂടുതൽ യാത്രക്കാർ ക്വാലലംപുർ– സിംഗപ്പൂർ റൂട്ടിലായിരുന്നു. ഇത്തവണയും ഏറ്റവും കൂടുതൽ യാത്രക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ഈ റൂട്ടുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ പറന്നത് കയ്റോയിൽ നിന്ന് ജിദ്ദയിലേക്കാണ്.

ഏറ്റവും കൂടുതൽ പേർ ലോകത്തിന്റെ ഇതരഭാഗങ്ങളിൽ നിന്നു യാത്ര ചെയ്തതു ഗൾഫ് രാജ്യങ്ങളിലേക്കാണ്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ വർഷം സെപ്റ്റംബർ വരെയുള്ള കണക്കാണിത്. യാത്രക്കാർ വർധിക്കുന്നതിനൊപ്പം യാത്രാനിരക്കും വിമാനക്കമ്പനികൾ കുത്തനെ ഉയർത്തിയിട്ടുണ്ട്. ഇന്ത്യയിൽ ആഭ്യന്തര സർവീസുകളിലും അടുക്കാനാവാത്ത നിരക്കാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com