ADVERTISEMENT

ദുബായ് ∙ ലോക സംസ്കാരങ്ങളിലേയ്ക്ക് വിസ്മയ ജാലകം തുറക്കുന്ന ഗ്ലോബൽ വില്ലേജ് സീസൺ 27 ഇന്നു സന്ദർശകര്‍ക്ക് തുറന്നുകൊടുക്കും. വേറിട്ട അനുഭവം സമ്മാനിക്കുന്ന ഒട്ടേറെ പുതിയ ആകർഷണങ്ങളുമായാണ് ആഗോള ഗ്രാമം ഗൾഫിലെയും ലോകത്തെങ്ങുനിന്നുമുള്ള സന്ദർശകരെ ഇപ്രാവശ്യം വരവേൽക്കുക. കേരളത്തിൽ നിന്നടക്കം ഇന്ത്യയിൽ നിന്ന് വളരെയേറെ സന്ദർശകർ ഗ്ലോബൽ വില്ലേജ് കാണാനായി മാത്രമെത്തുന്നു.

global-village-2022-2

മലയാളികളടക്കം ഒട്ടേറെ പേരുടെ നേതൃത്വത്തിൽ ഇവിടെ ലോക വിഭവങ്ങൾ സമ്മാനിക്കുന്ന ഭക്ഷണകേന്ദ്രങ്ങൾ, വിനോദകേന്ദ്രങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ കടകള്‍ ഇതിനകം ഒരുങ്ങിക്കഴിഞ്ഞു. കൂടാതെ, തത്സമയം ചിത്രങ്ങൾ വരച്ച് നൽകുന്ന പത്തോളം കലാകാരന്മാരും ഇടം പിടിച്ചിട്ടുണ്ട്. ബലൂണും പാവകളും അടക്കം കുട്ടികളെ ആകർഷിക്കുന്ന കൗതുക വസ്തുക്കളുടെ വിൽപനയ്ക്ക് പിന്നിലും ഇപ്രാവശ്യവും മലയാളികളുണ്ട്. ലോകത്തെ 200ലേറെ അവിശ്വസനീയമായ ഡിസ്പ്ലേകളോടെ, മധ്യപൂർവദേശ–വടക്കൻ ആഫ്രിക്ക മേഖലയിലെ ആദ്യത്തെ പരിപാടി ഒട്ടേറെ പുതിയ പ്രദർശനങ്ങളെ സ്വാഗതം ചെയ്യുന്നു. 

dubai-global-village-2022

നവീകരിച്ച ലോബിയും പുതിയ റീട്ടെയിൽ ഓഫറുകളും ഇവിടുത്ത കാഴ്ചകളാണ്. 14 അടി നീളമുള്ള കൊലയാളി മുതല, ഒരു ദശലക്ഷത്തിലേറെ തീപ്പെട്ടികൾ അടങ്ങിയ തീപ്പെട്ടി മാതൃക, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘മണി ലെഗ്സ്’ എന്നിവ ഉൾപ്പെടെയുള്ള പ്രദർശനങ്ങൾ സന്ദർശകർക്ക് ആനന്ദം പകരും.  ‘ടോർച്ചർ ചേംബർ’ ഗാലറിയിൽ പുരാതന ജയിൽ ശിക്ഷയുടെ അവിശ്വസനീയമായ പ്രദർശനങ്ങൾ അടങ്ങിയിരിക്കുന്നു. ഐക്കണിക് സൂപ്പർ ഹീറോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ‘ഹീറോസ് ഗാലറി’ ഈ വർഷം ഇടംപിടിക്കും. കൂടാതെ ആവേശകരമായ പുതിയ കറങ്ങുന്ന പ്രദർശനത്തിൽ വളരെ സവിശേഷമായ ചില സിനിമാ സ്മരണികകൾ കാണിക്കുകയും ചെയ്യും.

ഹാലോവീൻ, പ്രേതബാധയുള്ള സെമിത്തേരി...

പ്രേതഭവനമായ ഹാലോവീൻ ആണ് ഇതിൽ ഏറ്റവും ആകർഷകമാകുക. പ്രേതബാധയുള്ള സെമിത്തേരി, ഹോസ്പിറ്റൽ സൈക് വാർഡ്, അലറുന്ന മരം തുടങ്ങി 9 വ്യത്യസ്ത അനുഭവങ്ങൾ ഇവിടെയുണ്ടായിരിക്കും. 660 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഹൗസ് ഓഫ് ഫിയർ കൺസെപ്റ്റ് യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ നിന്നുള്ള ഏറ്റവും പുതിയ ആനിമേട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അവതരിപ്പിക്കുന്നത്. കൂടാതെ മറ്റേതൊരു പ്രേതാലയ അനുഭവം സൃഷ്ടിക്കുന്നതിനായി കേവ് എന്റർടൈൻമെന്റും ഗ്ലോബൽ വില്ലേജിലെത്തിയിരിക്കുന്നു.

Global-Village-house-of-fear

ഡിഗേഴ്‌സ് ലാബ്

മറ്റൊരു പുത്തൻ ആകർഷണം ഡിഗേഴ്‌സ് ലാബ് ആണ്. കുട്ടികൾക്കും യുവതീയുവാക്കൾക്കും മുതിർന്നവർക്കും ഈ രസകരമായ വിദ്യാഭ്യാസ പരിപാടി ആസ്വദിക്കാം. കാർണവലിന്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന ഹൈഡ്രോളിക് ഡിഗ്ഗർ അനുഭവം, ഡിഗറുകളും ഡമ്പറുകളും മറ്റു നിർമ്മാണ യന്ത്രങ്ങളും പ്രവർത്തിപ്പിച്ച് നിയന്ത്രണം ഏറ്റെടുക്കാൻ ചെറിയ ബിൽഡർമാരെ ക്ഷണിക്കുന്നതാണ് പരിപാടി. ഇത് മുഴുവൻ കുടുംബത്തിനും ആവേശം നൽകുന്നു.  വിചിത്രമായ നിയമങ്ങളുള്ള ഒരു ലോകത്ത് വളരെ പ്രചാരമുള്ള റിപ്ലേസ് ബിലീവ് ഇറ്റ് ഒാർ നോട് നാലാം വർഷവും ആഗോള ഗ്രാമത്തിൽ എത്തുന്നു. 

170ലേറെ റൈഡുകളുമായി കാർണിവൽ

റൈഡുകളും ഗെയിമുകളും ആകർഷണങ്ങളുമുള്ള കാർണവൽ ഫാമിലി ഫൺ ഫെയർ ആണ്. ഈ സീസണിൽ കാർണവലിന്റെ ഏറ്റവും ജനപ്രിയമായ ഏഴ് റൈഡുകളിൽ ഫാസ്റ്റ് ട്രാക്ക് ക്യൂ ലൈനുകളും അവതരിപ്പിച്ചിട്ടുണ്ട്. അതിനാൽ അതിഥികൾക്ക് ഒരു വിഐപിയെപ്പോലെ തോന്നുകയും ക്യൂവിന്റെ മുൻവശത്തെത്തുകയും ചെയ്യാം. മൂന്ന് വൈറ്റ്-നക്കിൾ റൈഡുകളിൽ പുതിയ വീഡിയോ റെക്കോർഡിങ് സാങ്കേതിക വിദ്യ ത്രിൽ അന്വേഷിക്കുന്നവർക്ക്  ആഹ്ളാദം പകരും. അതിഥികൾക്ക് റിസ്റ്റ്-ക്യാമറകൾ ധരിക്കാം. 

global-village-2022-4

പുതിയതും മെച്ചപ്പെടുത്തിയതുമായ ആകർഷണങ്ങൾക്ക് പുറമേ, നിലവിലുള്ള എല്ലാ റൈഡുകളും പൂർണമായ സേവനം നൽകുകയും വീണ്ടും പുനർനിർമിക്കുകയും ചെയ്തു. 

സുരക്ഷ സൂപ്പർ; പുരസ്കാരങ്ങൾ ഏറെ

ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ഗ്ലോബൽ വില്ലേജ് പുരസ്‌കാരങ്ങൾ നേടിക്കൊണ്ടേയിരിക്കുന്നു. ഈ വർഷമാദ്യം ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൽ നിന്ന് പഞ്ചനക്ഷത്ര റേറ്റിങ്ങും  സ്വോർഡ് ഓഫ് ഓണറും വീണ്ടും ലഭിച്ചതായി  ഓർബ് എന്റർടൈൻമെന്റ് ഡയറക്ടർ മാർക്ക് ടക്കർ പറഞ്ഞു. ഞങ്ങളുടെ ടീം എല്ലാ വേനൽക്കാലത്തും നിലവിലുള്ള റൈഡുകൾ മെച്ചപ്പെടുത്താനും പുതിയ അനുഭവങ്ങൾ യാഥാർഥ്യമാക്കാനും കഠിനമായി പരിശ്രമിക്കുന്നു. ദശലക്ഷക്കണക്കിന് അതിഥികൾ ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന തലത്തിലാണ് എല്ലാ റൈഡുകളും ആകർഷണങ്ങളും എന്ന് ഉറപ്പാക്കാൻ കഠന പ്രയത്നം ആവശ്യമാണ്. 

New-Attractions-at-Global-Village-S27-4

ആകാശക്കാഴ്ചകൾക്ക് ബിഗ് ബലൂൺ

സീസൺ 27-ൽ ഗേറ്റുകൾ തുറക്കാൻ ഇനിയും കാത്തിരിക്കാനാവില്ല. കഴിഞ്ഞ മാസം ഗ്ലോബൽ വില്ലേജ് ബിഗ് ബലൂണിന്റെ വിശദാംശങ്ങൾ അനാച്ഛാദനം ചെയ്‌തിരുന്നു, ഇത് ഭൂമിയിൽ നിന്ന് 200 അടിയിലേറെ ഉയരുന്ന തരത്തിലുള്ള ഹീലിയം ബലൂൺ റൈഡാണ്. ഗ്ലോബൽ വില്ലേജിലും ദുബായ് സ്കൈലൈനിലും ഉടനീളം 360 ഡിഗ്രി കാഴ്ചകൾ പ്രദാനം ചെയ്യുന്നു. 

ഇലക്ട്രിക് അബ്ര സേവനങ്ങൾ ആരംഭിക്കും

ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസണിന്റെ (2022–23) തുടക്കത്തോട് അനുബന്ധിച്ച് ഇൗ മാസം 25-ന് ആഗോളഗ്രാമത്തിലേയ്ക്കുള്ള സന്ദർശകർക്കായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഇലക്ട്രിക് അബ്ര സേവനങ്ങൾ ആരംഭിക്കും. പുനരുൽപാദന ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന അബ്രയിൽ കയറാൻ യാത്രക്കാർക്ക് അവസരം നൽകുന്നതിലൂടെ, ഗ്ലോബൽ വില്ലേജിലെ വിനോദസഞ്ചാരികളുടെ എണ്ണത്തിന്റെ വളർച്ചയ്ക്ക് വലിയ സംഭാവന നൽകാൻ സാധിക്കും. 

New-Attractions-at-Global-Village-S27-3

ഈ സീസണിൽ ഗ്ലോബൽ വില്ലേജിലെ അതിഥികൾക്ക് സേവനം നൽകുന്നതിനായി രണ്ട് ഇലക്ട്രിക് അബ്രകൾ പ്രവർത്തിപ്പിക്കാനുള്ള പദ്ധതിക്ക്  അംഗീകാരം നൽകിയതായി  മറൈൻ ട്രാൻസ്‌പോർട്ട് ഡയറക്ടർ മുഹമ്മദ അബുബക്കർ അൽ ഹാഷിമി വ്യക്തമാക്കിയിരുന്നു. താമസക്കാരുടെയും സന്ദർശകരുടെയും വൻ തിരക്ക് ഇത്തരം അബ്രകളോടുള്ള താത്പര്യം വ്യക്തമാക്കുന്നു. എല്ലാ വർഷവും ഗ്ലോബൽ വില്ലേജ് സീസൺ ആരംഭിക്കുന്നതോടെ ആർടിഎ ഇലക്ട്രിക് അബ്ര സർവീസ് നടത്തുന്നതിൽ ശ്രദ്ധ പുലർത്താറുണ്ട്. പ്രത്യേകിച്ചും ഇത്തരം ജലഗതാഗത സംവിധാനം സന്ദർശകര്‍ക്ക് പ്രിയപ്പെട്ടതാണെന്നതിനാൽ. 

കഴിഞ്ഞ സീസണുകളിൽ സന്ദർശകർക്കിടയിൽ ഈ സേവനം വളരെ പ്രചാരം നേടി. ഓരോ വർഷവും ശൈത്യകാലത്ത് ദുബായുടെ ടൂറിസം മെച്ചപ്പെടുത്തുന്നതിൽ ഗ്ലോബൽ വില്ലേജ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. അബ്രാസ്, ദുബായ് ഫെറി, വാട്ടർ ബസ്, വാട്ടർ ടാക്‌സി എന്നിവ പ്രതിനിധീകരിക്കുന്ന സമുദ്രഗതാഗതം ഉൾപ്പെടെ വിപുലമായ പൊതുഗതാഗത സേവനങ്ങൾ നടത്തി വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കും.

ദുബായിലെ  വിനോദസഞ്ചാരികള്‍ക്ക് യാത്രകളിൽ മനോഹരമായ കാഴ്ചകളും നഗരത്തിന്റെ ഐക്കണിക് ലാൻഡ്‌മാർക്കുകളും ആസ്വദിക്കാൻ സാധിക്കും എന്നതിനാൽ മറൈൻ യാത്രാ മാർഗങ്ങൾ അവരെ പ്രത്യേകിച്ച് ആകർഷിക്കുന്നു. ആർടിഎയുടെ പ്രധാന സേവനങ്ങളുടെ ഭാഗമാണിത്. ആർടിഎയുടെ ജലഗതാഗത മാർഗങ്ങൾ മികച്ച ആഗോള നിലവാരത്തിൽ ബോട്ട് നിർമാതാക്കളാണ് രൂപകൽപന ചെയ്തിരിക്കുന്നത്. മികച്ച സൗകര്യങ്ങളും സുരക്ഷാ നടപടികളും ഇവയിലുണ്ട്. 

abra-global-village

ഗ്ലോബൽ വില്ലേജിലേയ്ക്ക് നാലു ബസ് റൂട്ടുകൾ ഇന്നുമുതൽ

ഗ്ലോബൽ വില്ലേജ് 27–ാം സീസണിലെ സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും സേവനം നൽകുന്നതിനായി നാലു ബസ് റൂട്ടുകൾ ഇന്ന് (25 ചൊവ്വ) പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) അറിയിച്ചു.

നാലു റൂട്ടുകൾ: 

അൽ റഷ്ദിയ ബസ് സ്റ്റേഷനിൽ നിന്ന് 60 മിനിറ്റ് ഇടവേളയിൽ- റൂട്ട് 102

യൂണിയൻ ബസ് സ്റ്റേഷനിൽ നിന്ന് 40 മിനിറ്റ് ഇടവിട്ട്– റൂട്ട് 103

അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന്  60 മിനിറ്റ് ഇടവേളയിൽ– റൂട്ട് 104

മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന് ഓരോ 60 മിനിറ്റിലും–, റൂട്ട് 106 

global-village-2022

10 ദിർഹം നിരക്കിൽ ഡീലക്സു (കോച്ചുകളും)കളും സാധാരണ ബസുകളും വിന്യസിക്കും. ആഡംബരവും ഉയർന്ന സുരക്ഷയും ഈ ബസുകളുടെ സവിശേഷതയാണ്. ഇത് ഗ്ലോബൽ വില്ലേജിൽ നിന്നുമുള്ള മൊബിലിറ്റി യാത്രയെ വ്യക്തികൾക്കും കുടുംബങ്ങൾക്കും അവിസ്മരണീയമായ അനുഭവമാക്കി മാറ്റുമെന്ന് അധികൃതർ പറഞ്ഞു.

വിവരങ്ങൾക്ക്: Instagram: @GlobalVillageUAE, Twitter: @GlobalVillageAE, Facebook: @GlobalVillageAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com