ADVERTISEMENT

അബുദാബി∙ പ്രപഞ്ചത്തിന്റെ ഉത്ഭവം മുതൽ ഭാവി രഹസ്യങ്ങളിലേക്ക് വരെ വെളിച്ചംവീശുന്ന നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമാണം 25% പൂർത്തിയായി.  അബുദാബി സാദിയാത് ഡിസ്ട്രിക്ടിൽ 35,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ സജ്ജമാകുന്ന മേഖലയിലെ ഏറ്റവും വലിയ മ്യൂസിയം 2025ൽ പൊതുജനങ്ങൾക്കായി തുറക്കും.

 

നേരിട്ടും വെർച്വലായും വർഷത്തിൽ‍ 1400 കോടി സന്ദർശകർ  മ്യൂസിയം കാണുമെന്നാണ് പ്രതീക്ഷയെന്ന് സാംസ്കാരിക, ടൂറിസം (ഡിസിടി) വിഭാഗം അറിയിച്ചു. അത്ഭുതങ്ങളുടെയും അത്യപൂർവ വസ്തുക്കളുടെയും കലവറയായ മ്യൂസിയം 1380 കോടി വർഷം മുൻപുള്ള കാലത്തേക്ക് സന്ദർശകരെ ആനയിക്കും.  സുവോളജി, പാലിയന്റോളജി, മോളിക്യുലാർ റിസർച്ച്, എർത്ത് സയൻസസ്, മറൈൻ ബയോളജി എന്നിവ ഉൾപ്പെടെ നൂതന ശാസ്ത്ര പഠന, ഗവേഷണ സൗകര്യങ്ങളും ഇവിടെ ഉണ്ടാകും.

 

ഇതോടെ പൊതുവിദ്യാഭ്യാസത്തിനും ശാസ്ത്ര ഗവേഷണ വികസനത്തിനും ഉതകുന്ന ചരിത്ര മ്യൂസിയങ്ങളുടെ പട്ടികയിൽ ഇടംപിടിക്കും. സന്ദർശകരിൽ പ്രകൃതിയോടുള്ള അഭിനിവേശം ഉണർത്തുംവിധമാണ് രൂപകൽപന. ആഗോള ടൂറിസം ഭൂപടത്തിൽ അബുദാബിയുടെ സ്ഥാനം ഉയർത്താനും സാധിക്കുമെന്ന് ഡിസിടി അഭിപ്രായപ്പെട്ടു. സംസ്കാരം, കല, സർഗാത്മകത എന്നിവയുടെ കേന്ദ്രമായി അബുദാബിയെ മാറ്റാനും ഇതു സഹായിക്കും.

 

സാദിയാത്ത് കൾചറൽ ഡിസ്ട്രിക്റ്റിൽ ലൂവ്റ് അബുദാബി, സായിദ് നാഷനൽ മ്യൂസിയം, ഗൂഗൻഹൈം എന്നീ മ്യൂസിയങ്ങളുടെ സമീപത്താണ് നാച്വറൽ ഹിസ്റ്ററി മ്യൂസിയം. ഒരു കുടക്കീഴിൽ നിർമിക്കുന്ന ഏബ്രഹാമിക് ഫാമിലി ഹൗസ് (മസ്ജിദ്, ചർച്ച്, സിനഗോഗ്) ഇവിടെയാണ് സജ്ജമാകുന്നത്. പദ്ധതികളിലൂടെ ഒട്ടേറെ പേർക്കു തൊഴിലും ലഭ്യമാകുമെന്നും ഡിസിടി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com